ശ്രീവല്ലഭന്റെ ക്ഷേത്രനഗരമായ തിരുവല്ല

ഹോം » സ്ഥലങ്ങൾ » തിരുവല്ല » ഓവര്‍വ്യൂ

പത്തനംതിട്ട ജില്ലയില്‍ മണിമലയാറ്റിന്‍ തീരത്തെ ക്ഷേത്രനഗരമാണ് തിരുവല്ല. ഹൈന്ദവമതവിശ്വാസികള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. തെക്കന്‍ തിരുപ്പതിയെന്നറിയപ്പെടുന്ന പ്രശസ്തമായ ശ്രീവല്ലഭ ക്ഷേത്രവും എഡി 52ല്‍ ക്രിസ്തുവമതം ഇന്ത്യയിലെത്തിയകാലത്ത് നിര്‍മ്മിക്കപ്പെട്ട പാലിയക്കര പള്ളിയുമുള്‍പ്പെടെ ഒട്ടേറെ തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ട് ഇവിടെ.

തിരുവല്ലയിലെ ക്ഷേത്രമായാലും പള്ളിയായാലും അതിന് പിന്നില്‍ രസകരങ്ങളായ കഥകളുമുണ്ടായിരിക്കും. തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണത്തിന്‍കീഴിലായിരുന്നകാലത്ത് ശ്രീ വല്ലഭപുരമെന്ന് അറിയപ്പെട്ട ഈപ്രദേശത്തിന്റെ പേര് പിന്നീട് തിരുവല്ലഭപുരമെന്നും അത് ലോഭിച്ച് തിരുവല്ലയെന്നും ആയി മാറുകയായിരുന്നു. വിഷ്ണുവിന്റെ മറ്റൊരു പേരായ തിരു വല്ലഭന്‍ എന്നതില്‍ നിന്നാണ് തിരുവല്ലയെന്ന പേരുണ്ടായതെന്നും കഥകളുണ്ട്.

സംസ്‌കാരിക കവാടം

ക്ഷേത്രങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍ പള്ളികളും മുസ്ലീം പള്ളികളുമെല്ലാം ഏറെ സമരസത്തോടെ പ്രവര്‍ത്തിച്ചുപോരുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഇവിടുത്തെ സംസ്‌കാരവും ഏറെ പ്രത്യേകതയുള്ളതാണ്. ക്ഷേത്രങ്ങള്‍ വെറും തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ മാത്രമായിട്ടല്ല, മറിച്ച് നഗരത്തിന്റെ സാമ്പത്തിക, കച്ചവട കാര്യങ്ങളുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നവയാണിവ. തിരുവല്ലയില്‍ മാത്രം നിലനില്‍ക്കുന്ന ഒട്ടേറെ ക്ഷേത്രകലകളും ആചാരങ്ങളുമുണ്ട്. അമ്മന്‍കുടം, ആറാട്ട്, ചന്ദനക്കുടം, ചുറ്റുവിളക്ക്, എഴുന്നള്ളത്ത് എന്നിവയെല്ലാം അവയില്‍ ചിലത് മാത്രമാണ്.

തിരുവല്ലയെക്കുറിച്ച് കൂടുതല്‍

കേരളത്തിലെ പൊതുവേയുള്ള കാലാവസ്ഥയില്‍ നിന്നും വലിയവ്യത്യാസമൊന്നുമില്ലാത്തതാണ് തിരുവല്ലയിലെ കാലാവസ്ഥ. നല്ല ശക്തമായ മഴലഭിയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. മഴക്കാലം കഴിഞ്ഞുള്ള കാലമാണ് തിരുവല്ല സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മഴയെറെ ലഭിയ്ക്കുന്ന സ്ഥലമായതുകൊണ്ടുതന്നെ നെല്ലാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിള. തിരുവല്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ ഇക്കാലത്ത് അപൂര്‍വ്വമായ ഒരു കാഴ്ചയാണ്.

എല്ലാ കേരളീയരുടെയുമെന്നപോലെ ചോറുതന്നെയാണ് തിരുവല്ലക്കാരുടെയും പ്രധാന ഭക്ഷണം, ഒപ്പം രുചിയേറിയ ഇഡ്‌ലി, ദോശ, പുട്ട്, കടലക്കറി തുടങ്ങിയവയെല്ലാം തിരുവല്ലയിലെ കടകളില്‍ ലഭിയ്ക്കും. സ്വാദേറിയ അപ്പവും ചിക്കന്‍ കറിയും തിരുവല്ലയിലെ ക്രിസ്ത്യന്‍ ഭവനങ്ങളിലെ പ്രധാന വിഭവങ്ങളിലൊന്നാണ്.

കുടുംപുളിയിട്ടു വറ്റിച്ച മീന്‍ കറിയും മാങ്ങയിട്ടമീന്‍ കറിയുമെല്ലാം തിരുവല്ലയിലെ സ്‌പെഷ്യല്‍ വിഭവങ്ങളാണ്. രുചികള്‍ തേടിയെത്തുന്നവര്‍ക്ക് കൊതിതീരെ പലരുചികളും പരീക്ഷിയ്ക്കാന്‍ പറ്റിയൊരു സ്ഥലമാണിത്. മനോഹരമായ പ്രകൃതിയും കഥകള്‍ പറയുന്ന സ്ഥലങ്ങളുമാണിവിടെയുള്ളത്. പുരാവൃത്തങ്ങളുടെ നാടാണിത്. എന്തിനും ഏതിനും പിന്നില്‍ മനോഹരമായ കഥകളുണ്ട്.

Please Wait while comments are loading...