കോട്ടഗിരി മുഴുവന്‍ ഒറ്റനോട്ടത്തില്‍ കാഴ്ച്ചയ്ക്കുള്ളിലാക്കാന് പാകത്തില്‍ കോടനാട് വ്യൂ പോയിന്റ് നിലകൊള്ളുന്നു. ടെര്‍മിനസ് കണ്ട്രി എന്ന് കൂടി അറിയപ്പെടുന്ന ഇവിടം മനോഹരമായ കാഴ്ച്ചകളാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. കോട്ടഗിരിയില്‍ നിന്നും 25 കിലോമീറ്ററോളം സഞ്ചരിച്ച് കോടനാട് വ്യൂ പോയിന്റില്‍ എത്താം. മല നിരകളുടെ ശാലീന സൗന്ദര്യം ആസ്വദിക്കാം, അത്യപൂര്‍വ്വമായ ജന്തുക്കളെ അടുത്ത് കാണാം,അതോടൊപ്പം പൂക്കള്‍ സുഗന്ധം പൊഴിക്കുന്ന അന്തരീക്ഷത്തില്‍ ഒരല്പം വിശ്രമിക്കാം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മനസ്സില്‍ ചിന്തിച്ചാണ് സഞ്ചാരികള്‍ പലരും ഹില്‍ സ്റ്റേഷനുകളിലേക്ക് യാത്ര പോകുന്നത്.
എന്നാല്‍ ഈ കാഴ്ച്ചകളുടെയെല്ലാം ആകെ തുകയാണ് ഇവിടെ നിന്നുള്ള വിശാലമായ കാഴ്ച യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. വളരെ കുറച്ചു സ്ഥലങ്ങള്‍ മാത്രമാണ് ഇവിടെ നിന്നുള്ള കാഴ്ചയില്‍ എത്താതെ പോകുന്നുള്ളൂ. രംഗസ്വാമി പീക്ക്, കര്‍ണ്ണാടകയുടെ ചില ഭാഗങ്ങളും തമിഴ്നാട് ബോര്‍ഡറും, മോയര്‍ നദി, ഭവാനി സാഗര്‍ ഡാം തുടങ്ങിയവ ഇവിടെ നിന്നു സൗകര്യപൂര്‍വ്വം വീക്ഷിക്കാം. കുടാതെ പച്ച കമ്പളം വിരിച്ച മാതിരി വിശാലമായി പരന്നു കിടക്കുന്ന മനോഹരമായ തേയില തോട്ടങ്ങളും ഇവിടം സമ്മാനിക്കുന്ന മറ്റൊരു സുന്ദര കാഴ്ച്ചയാണ്.