കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍. കോഴിക്കോട് നഗരത്തില്‍നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖത്തിന് നിരവധി ചരിത്രകഥകള്‍ പറയാനുണ്ട്. അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി കോഴിക്കോടിനുള്ള പഴയകാല കച്ചവടബന്ധത്തിലെ പ്രധാന ഏടാണ് ബേപ്പൂര്‍ തുറമുഖം. സില്‍ക്ക് റൂട്ടിലെ പ്രധാന കേന്ദ്രമായ ബേപ്പൂര്‍ തുറമുഖം വഴിയാണ് കോഴിക്കോട് മെസപ്പെട്ടോമിയയുമായി വ്യാപാരബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ബേപ്പൂര്‍ തുറമുഖം ഏറെ പ്രശസ്തമായത് ഉരുനിര്‍മാണത്തിനാണ്. മരം കൊണ്ടുണ്ടാക്കുന്ന കൂറ്റന്‍ കപ്പലായ ഉരുവിന് പ്രാചീനകാലം മുതലുള്ള കടല്‍വ്യാപാരരംഗത്ത് വലിയ പ്രശസ്തിയും പ്രാധാന്യവുമുണ്ട്. ഉരുനിര്‍മാണ രംഗത്ത് പേരുകേട്ട ബേപ്പൂരിന് ഇക്കാര്യത്തില്‍ 1500 വര്‍ഷഷത്തിലധികം പെരുമയുണ്ടെന്നാണ് കേള്‍വി.
കൊച്ചിക്ക് ശേഷം കേരളത്തിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍ തുറമുഖം. ഉരുവിനും തുറമുഖത്തിനും മാത്രമല്ല, ബേപ്പൂര്‍ സുല്‍ത്താനെന്നറിയപ്പെടുന്ന സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നാട് എന്ന പേരിലും പ്രശസ്തമാണ് ബേപ്പൂര്‍. തുറമുഖം, ഉരുനിര്‍മാണകേന്ദ്രങ്ങള്‍, ലൈറ്റ്ഹൗസ്, പുലിമുട്ട്, ഏഴുകിലോമീറ്ററകലെ കടലുണ്ടിയില്‍ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം എന്നിവയാണ് ബേപ്പൂരിലെ പ്രധാന കാഴ്ചകള്‍.



Click it and Unblock the Notifications