കോഴിക്കോട് നഗരത്തിലെ ഏറ്റവും ജനപ്രിയ കേന്ദ്രമാണ് മാനാഞ്ചിറ സ്ക്വയര്‍. മൂന്നരയേക്കര് വിസ്തൃതിയിലുള്ള വലിയൊരു ചിറയാണ് ശരിക്കും മാനാഞ്ചിറ എന്നറിയപ്പെടുന്നത്. കോഴിക്കോട് നഗരമധ്യത്തിലുള്ള ഈ ചിറ കോഴിക്കോട് രാജാവായിരുന്ന സാമൂതിരി മാനച്ചുവിക്രമന്റെ കാലത്ത് നിര്‍മിക്കപ്പെട്ടതാണ്. രാജാക്കന്മാര്ക്ക് കുളിക്കാനും മറ്റുമുണ്ടാക്കിയ ഈ കൂറ്റന്‍ ചിറ പിന്നീട് പൊതുജനങ്ങള്‍ക്ക് കുടിവെള്ളത്തിനായി ഉപയോഗിച്ചുവരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ ഈ ചിറയില്‍ കുളിക്കുന്നതും അലക്ക് മുതലായ കാര്യങ്ങള്‍ ചെയ്യുന്നതും വിലക്കിയിരുന്നു. ഈ ചിറ കുഴിച്ചുണ്ടാക്കുന്നതിനിടയിലെ ചെത്തുകല്ലുകള്‍ ഉപയോഗിച്ച് രണ്ട് കൊട്ടാരങ്ങള്‍ നിര്‍മിച്ചതായാണ് കരുതുന്നത്.
1994 ലാണ് മാനാഞ്ചിറ ഇതിന്റെ ഭാഗമായുള്ള വിശാലമായ പാര്‍ക്കിനോട് ചേര്‍ക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ കീഴിലാണ് ഇന്ന് മാനാഞ്ചിറയും പാര്‍ക്കും. വൈകുന്നേരങ്ങള്‍ ആസ്വദിക്കാനായി നിരവധി ആളുകള്‍ കുടുംബസമേതം മാനാഞ്ചിറയില്‍ വന്നിരിക്കുന്നത് കാണാം. ടിപ്പു സുല്‍ത്താന്റെ പീരങ്കിയും മനോഹരമായ കമാനങ്ങളും കലാസൃഷ്ടികളും പാര്‍ക്കില്‍ കാണാം. കോഴിക്കോടിന്റെ ഹൃദയഭാഗമായ മിഠായിത്തെരു മാനാഞ്ചിറയ്ക്ക് തൊട്ടടുത്താണ്.