ആന്ധ്രാപ്രദേശിലെ മേഡക് പട്ടണത്തിലാണ് മേഡക് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. മേഡക് അതിരൂപതയുടെ കീഴില്‍ വരുന്ന പള്ളി 1947ല്‍ കത്തീഡ്രലായി. ഇന്ത്യയിലെ പരമ്പരാഗത ക്രിസ്‌ത്യന്‍ സമൂഹമാണ് പള്ളി നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. 'എന്റെ നന്മകളെല്ലാം എന്റെ ദൈവത്തിന്' എന്ന പ്രമാണത്തില്‍ വിശ്വസിച്ചിരുന്ന റവറന്റ് ചാള്‍സ് വാക്കര്‍ പ്രോസ്‌നെറ്റ് 1924ല്‍ പള്ളി സ്ഥാപിച്ചു. പള്ളിയുടെ സമര്‍പ്പണത്തിന് ശേഷം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ചു കഴിഞ്ഞു. ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ക്രിസ്‌ത്യന്‍ പള്ളിയെന്ന സവിശേഷതയും മേഡക് ചര്‍ച്ചിനുണ്ട്.
ഗോഥിക് റിവൈവല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയിലെ കത്തിഡ്രലിന് 100 അടി വീതിയും 200 അടി നീളവുമുണ്ട്. കത്തിഡ്രലിന് ഒരേ സമയം 5000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്‌ത് ആറ് വ്യത്യസ്‌ത നിറങ്ങളിലുള്ള മാര്‍ബിള്‍ കഷണങ്ങള്‍ പള്ളിയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ബോംബെയില്‍ നിന്നു വന്ന ഇറ്റാലിയന്‍ തൊഴിലാളികളാണ് പള്ളിയുടെ തറപ്പണികള്‍ ചെയ്‌തത്.
യേശുവിന്റെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത തിരുപ്പിറവി, കുരിശിലേറ്റല്‍, സ്വര്‍ഗ്ഗാരോഹണം എന്നിവ പള്ളിയിലെ ജനാലചില്ലുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. പള്ളിയിലെ ഏറ്റവും ആകര്‍ഷകമായ കാഴ്‌ചയാണിത്.



Click it and Unblock the Notifications