മൊറാദാബാദ് -ആഗ്ര ദേശീയ പാതയില്‍ ബാഹ്‌ജോയില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരത്തായുള്ള സാദത്‌ബഡി എന്ന ചെറിയ ഗ്രാമത്തിലാണ് പട്ടാലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. പാല് മുതല്‍ ഭാംഗ് വരെ ഭക്തര്‍ വിശ്വാസത്തോടെ അര്‍പ്പിക്കുന്ന എന്തും സ്വീകരിക്കുന്ന ദേവനാണ് ശിവന്‍. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്‌തമായി പട്ടാലേശ്വര ക്ഷേത്രത്തില്‍ കാണിക്ക വയ്‌ക്കുന്നതില്‍ ഒരു പ്രത്യേകത ഉണ്ട്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി ഇവിടെ ചൂലും ശിവന് കാണിക്കയായി അര്‍പ്പിക്കുന്നവരുണ്ട്. ഭഗവാന്‍ ശിവന് ചൂല് കാണിക്ക വയ്‌ക്കുന്നതിലൂടെ ചര്‍മ്മ രോഗങ്ങളില്‍ നിന്നും ശമനം ഉണ്ടാകുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. രോഗത്തിന് ശമനം ഉണ്ടായാല്‍ ഭഗവാന് ചൂല് കാഴ്‌ചവയ്‌ക്കാം എന്ന് പ്രതിജ്ഞ എടുക്കുന്നവരാണ് രോഗം മാറുമ്പോള്‍ ഇതുമായി എത്തുന്നത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തിലേയ്‌ക്ക് ത്വക് രോഗത്താല്‍ വിഷമിക്കുന്നവര്‍ നിരന്തരം എത്താറുണ്ട്. ശിവക്ഷേത്രങ്ങളില്‍ പ്രധാനമായ തിങ്കളാഴ്‌ചകളില്‍ ഇവിടെ നല്ല തിരക്കായിരിക്കും.



Click it and Unblock the Notifications