ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍

എം മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോള്‍ എന്ന നോവല്‍ തരുന്നൊരു ദൃശ്യമുണ്ട്. ദൈവങ്ങള്‍ അലഞ്ഞുനടക്കുന്ന ഹരിദ്വാറിന്റെ തെരുവുകള്‍. അതേ, ഉത്തരാഖണ്ഡിലെ അതിപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രവും തീര്‍ത്ഥാടനകേന്ദ്രവുമായ ഹരിദ്വാറിന് അങ്ങനെ പല മുഖങ്ങളാണുള്ളത്. ദൈവങ്ങളിലേക്കുള്ള വഴി എന്നാണ് ഹരിദ്വാര്‍ എന്ന സംസ്‌കൃതവാക്കിന് അര്‍ത്ഥം. ഇന്ത്യയിലെ അതിപാവനമായ ഏഴ് നഗരങ്ങളില്‍ ഒന്നായാണ് ഹരിദ്വാറിനെ കരുതുപ്പോരുന്നത്. ഋഷികേശ്, കേദാര്‍നാഥ്, ബദ്രീനാഥ് എന്നിവയും ഹരിദ്വാറിനോട് കൂട്ടിവായിക്കേണ്ട പുണ്യനഗരങ്ങളാണ്.

മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു.

ബ്രഹ്മകുണ്ഡ് എന്നറിയപ്പെടുന്ന ഹര്‍ കി പൗരിയാണ് ഹരിദ്വാറിലെ ഏറ്റവും പ്രശസ്തമായ കാഴ്ച. വിഷ്ണുവിന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് എന്നുവിശ്വസിക്കപ്പെടുന്ന ഈ സ്ഥലത്താണ് ഗംഗാനദി ഒഴുകിയെത്തുന്നത്. അസ്ഥിവിസര്‍ജ്ജനത്തിനും മുണ്ഡനത്തിനുമായി വിശ്വാസികള്‍ ഇവിടെയത്തുന്നു. ഇവിടെയാണ് പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കുംഭമേള അരങ്ങേറുന്നത്.

മായാദേവി ക്ഷേത്രം, മാനസദേവി ക്ഷേത്രം, ചണ്ഡിദേവി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യയിലെ 52 ശക്തിപീഠങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഈ മൂന്ന് ക്ഷേത്രങ്ങളും എന്നാണ് വിശ്വാസം. തന്റെ പിതാവിനാല്‍ അപമാനിതയായ സതീദേവി തീയില്‍ ചാടി ദഹിക്കുകയും ദുഖിതനായ ശിവന്‍ ആ ശരീരവുമേന്തി കൈലൈസപര്‍വ്വതം കയറി എന്നുമാണ് ഐതിഹ്യം. സതീദേവിയുടെ ശരീരഭാഗങ്ങള്‍ പതിച്ച 52 സ്ഥലങ്ങളാണ് ശക്തിപീഠങ്ങള്‍ എന്ന് അറിയപ്പെടുന്നത്. സതീദേവിയുടെ ഹൃദയഭാഗം പതിച്ച സ്ഥലമാണ് മായാദേവിക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.

വൈഷ്‌ണോ ദേവി ക്ഷേത്രം, ഭാരത് മാതാ ക്ഷേത്രം, പിരാന്‍ കൈലാര്‍ എന്നിവയും പ്രദേശത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍പ്പെടുന്നു. ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഹരിദ്വാറിലെയും വൈഷ്‌ണോ ദേവീക്ഷേത്രത്തിന്റെ ശ്രീകോവില്‍ പണിതീര്‍ത്തിരിക്കുന്നത്. ഭാരതാമാതാവിന് സമര്‍പ്പിച്ച ഭാരത് മാതാ ക്ഷേത്രമാണ് ഹരിദ്വാറിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണം. സ്വാമി സത്യമിത്രാനന്ദ ഗിരിയാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. മഹാത്മാഗാന്ധി, വീരസവര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ് മുതലായ സ്വാതന്ത്രസമര സേനാനികളുടെ പ്രതിമകള്‍ ഈ ക്ഷേത്രത്തിന്റെ പരിസരത്ത് കാണാം. സപ്തര്‍ഷി ക്ഷേത്രവും ശരണാവതിക്ഷേത്രവും ചില്ല വന്യജീവി സങ്കേതവും ദക്ഷ മഹാദേവ ക്ഷേത്രവും ഗുരു ഘട്ടും ഇവിടെ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് നിലകൊള്ളുന്നു.

രാമനവമി, ബുദ്ധപൂര്‍ണിമ, കന്‍വാര്‍ മേള, ദീപാവലി തുടങ്ങിയവയാണ് ഹരിദ്വാറിലെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍. കന്‍വാര്‍ മേളയുടെ സമയത്ത് ഹരിദ്വാറില്‍ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ എത്തിച്ചേരുന്നതായാണ് കണക്ക്. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടായ ഐഐടി റൂര്‍ക്കെ, ഭെല്‍ എന്നിവയും ഹരിദ്വാറിലാണ് സ്ഥിതിചെയ്യുന്നത്.

ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നത് പ്രയാസമുള്ള കാര്യമല്ല. 34  കിലോമീറ്റര്‍ മാത്രം അകലെയാണ് അടുത്ത ഡൊമസ്റ്റിക് എയര്‍പോര്‍ട്ടായ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ട്. ഹരിദ്വാറില്‍ തന്നെ റെയില്‍വേ സ്‌റ്റേഷനുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ബസ് മാര്‍ഗവും ഇവിടെയെത്താന്‍ എളുപ്പമാണ്. ദില്ലിയിലേക്ക് ഹരിദ്വാറില്‍ നിന്നും ചെറിയ ചെറിയ ഇടവേളകളില്‍ ബസ്സുകളുണ്ട്. ചൂടുകൂടിയ വേനലും തണുത്ത് വിറക്കുന്ന ശൈത്യകാലവുമാണ് ഹരിദ്വാറിന്റെ പ്രത്യേകത. മഴക്കാലം ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല. സെപ്റ്റംബര്‍ മുതല്‍ ജൂണ്‍വരെയുള്ള ശീതകാലമാണ് ഹരിദ്വാര്‍ സന്ദര്‍ശനത്തിന് അഭികാമ്യം.

Please Wait while comments are loading...