1955 ലാണ് വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമായി രണ്‍തമ്പോര്‍ നാഷണല്‍ പാര്‍ക്ക് മാറിയത്. വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണാര്‍ത്ഥം രൂപംകൊണ്ട 'പ്രൊജക്ട് ടൈഗര്‍'ന്റെ ആദ്യ ഘട്ടം 1973 ല്‍ രണ്‍തമ്പോറില്‍ സ്ഥാപിച്ചു. 1980ല്‍ ഇത് ദേശീയ നിലവാരത്തിലുള്ള പാര്‍ക്കായി അവരോധി ക്കപ്പെട്ടു. കടുവകള്‍ക്ക് പുറമെ ഇതര വന്യമൃഗങ്ങളായ കുറുനരികള്‍, പുള്ളിപ്പുലികള്‍, കഴുതപ്പുലികള്‍, ചീങ്കണ്ണികള്‍, കാട്ടുപന്നികള്‍ എന്നിവയും വിവിധയിനം മാനുകളും ഇവിടെയുണ്ട്. ജലസസ്യങ്ങളായ ആമ്പലുകളും ഡക്ക് വീഡുകളും താമരയും ഇവിടത്തെ പൊയ്കയെ പുഷ്പിതമാക്കുന്നു.
392 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ടൈഗര്‍ പ്രൊജക്ട്, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ സ്ഥാനം അവകാശപ്പെടുന്നു. ഫോറസ്റ്റ് അധികൃതര്‍ പാകിയ റോഡുകള്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് ചുറ്റിസഞ്ചരിക്കാന്‍ പര്യാപ്തമാണ്. അവരുടെ ഒത്താശയോടെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും സുസാദ്ധ്യമാണ്.