പെല്ലിങ്ങനും ഗാങ്‌ടോക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ദക്ഷിണ സിക്കിമിലെ അതിമനോഹരമായ സ്ഥലമാണ് റവാന്‍ഗ്ല. സമുദ്ര നിരപ്പില്‍ നിന്നും 7000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന റവാന്‍ഗ്ലയിലേയ്‌ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്. ഇഞ്ചി, ഏലം, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്ന പ്രാദേശിക കര്‍ഷകരുടെ ചെറിയ വ്യാപാര വിപണിയില്‍ നിന്നാണ് നഗരത്തിന്റെ ഉത്ഭവം. അടുത്തിടെയായി നഗരത്തിലെ വ്യാപാര വാണിജ്യ കാര്യങ്ങളില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
റവാന്‍ഗ്ലയില്‍ ചെയ്യാനുള്ളത്
മലമുകളിലേക്ക് ട്രക്കിങ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണ് റവാന്‍ഗ്ല. നിബിഢ വനങ്ങളാലും മലകളാലും ചുറ്റപ്പെട്ട ഈ സ്ഥലം അതിമനോഹരമാണ്. വൈവിധ്യമാര്‍ന്ന ദേശാടന പക്ഷികളെ ഇവിടെ കാണാന്‍ കഴിയും . കാഞ്ചന്‍ജംഗ, പണ്ഡിം, സിനിയാല്‍ചു കൊടുമുടികളുടെ അതിമനോഹര ദൃശ്യം ഇവിടെ നിന്നും കാണാന്‍ കഴിയും.
യങ്ങാങ്, ടിന്‍കിതാം,കെവ്‌സിങ്,ബര്‍ഫങ്, ബഖിം തുടങ്ങിയ ചില ലെപ്‌ച, ഭൂട്ടിയ ഗ്രാമങ്ങളിലേയ്‌ക്ക് ഇവിടെ നിന്നും ചെറു യാത്രകള്‍ നടത്താന്‍ കഴിയും.
സംസ്‌കാരവും ഉത്സവങ്ങളും
പ്രൗഢമായ സംസ്‌കാരത്താലും ഉത്സവങ്ങളാലും പ്രശസ്‌തമാണ് റവാന്‍ഗ്ല. ഏപ്രില്‍ മാസത്തില്‍ റവാഗ്ലയിലെ ജനത കരകൗശല, സാംസ്‌കാരിക മേളകള്‍ ആഘോഷിക്കാറുണ്ട്. ഇതിന് പുറമെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ആഘോഷങ്ങളും നടത്താറുണ്ട്. ആഗസ്റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളിലാണ് പാങ് ലബ്‌സോള്‍ ഉത്സവം ആഘോഷിക്കുന്നത്‌്. അവസാന ദിവസമുള്ള ചാം നൃത്തത്തോടെയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം അവസാനിക്കുക. റവാന്‍ഗ്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍
വനങ്ങള്‍ നിറഞ്ഞ മലകളും മനോഹരങ്ങളായ തേയില തോട്ടങ്ങളും റവാന്‍ഗ്ലയെ പ്രകൃതി സ്‌നേഹികളുടെ പറുദ്ദീസയാക്കി മാറ്റുന്നു. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ഗ്രാമീണ ജീവിതം ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. ബോറോങ്, റലോങ് ചൂട് നീരുറവ,ബുദ്ധ പാര്‍ക്ക്, ടെമി തേയില തോട്ടംകെവ്‌സിങ് ഗ്രാമം തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്.



Click it and Unblock the Notifications