കാശ്മീര്‍ താഴ്വരയിലെ തന്നെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വിഷാന്‍സാര്‍ തടാകം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ നീളവും 0.6 കിലോമീറ്റര്‍ വിസ്തൃതിയുമുള്ള തടാകത്തിന് സമുദ്രനിരപ്പില്‍ നിന്ന് 3710 മീറ്ററാണ് ഉയരം. കൃഷ്നസര് തടാകവും ഗ്ളേസിയറുകളുമാണ് തടാകത്തിന്‍െറ പ്രധാന ജലസ്രോതസ്. ഒരു ചെറു പ്രവാഹത്തില്‍ നിന്ന് ഉല്‍ഭവിക്കുന്ന നദി പിന്നീട് രണ്ടായി തിരിയുന്നു.
ഇതില്‍ ഒരു ഭാഗം നീലം നദിയിലും മറ്റൊരു ഭാഗം സിന്ധ് നദിയിലും ലയിക്കുകയുമാണ് ചെയ്യുക. വേനലില്‍ ചുറ്റും പൊട്ടിമുളക്കുന്ന പച്ചപ്പ് തടാകത്തെ അഴകുറ്റതാക്കുമ്പോള് തണുപ്പുകാലത്ത് തടാകം തണുത്തുറഞ്ഞ അവസ്ഥയിലാകും. നാഷനല്‍ ഹൈവേ ഒന്ന് ഡിയില്‍ ഷിത്കഡി ഗ്രാമത്തിലാണ് ഇങ്ങോടുള്ള യാത്രികര്‍ ആദ്യം എത്തേണ്ടത്. ഇവിടെ നിന്നുള്ള 20 കിലോമീറ്റര്‍ യാത്രക്ക് ചെറുകുതിരകളെ ഈ ഗ്രാമത്തില്‍ നിന്ന് തന്നെ വാടകക്ക് ലഭിക്കും. നിച്ചിനായി ചുരം വഴിയും ഈ തടാകതീരത്ത് എത്താം.