മാര്‍ച്ച് മാസം ഇപ്പോൾ തീരും. പേടിക്കേണ്ട... വീണ്ടും അവധിയും ആഘോഷങ്ങളുമായി ഏപ്രിൽ മാസം എത്തും. അവധിക്കാലത്ത് കുട്ടികളെയും കൂട്ടി പ്ലാൻ ചെയ്ത യാത്രകൾ പോയി തീർക്കാന്‍ സമയം ഇഷ്ടംപോലെ ബാക്കിയുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ബജറ്റ് ടൂറിസം സെൽ ഇഷ്ടംപോലെ യാത്രകൾ ഒരുക്കിയിട്ടുള്ളതിനാൽ എവിടേക്ക് പോകും എന്ന കാര്യത്തിലും ആശങ്ക വേണ്ട.
കാടും മലയും കുന്നും കയറി കടലു കണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് വരാൻ പറ്റിയ യാത്രകളാണ് ചാലക്കുടി കെഎസ്ആർടിസി ഏപ്രിൽ മാസം പ്രഖ്യാപിച്ചിരിക്കുന്നത്. തൊട്ടടുത്തുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം, മലക്കപ്പാറ, പിന്നെ വാഗമൺ, കൊളക്കുമല, മാമലക്കണ്ടം, മൂന്നാർ, വട്ടവട എന്നിങ്ങനെ നിങ്ങളുടെ താല്പര്യം പോലെ ഏതു സ്ഥലവും കണ്ടു വരാൻ പറ്റിയ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

മലക്കപ്പാറ യാത്ര
ചാലക്കുടി ഡിപ്പോയിൽ നിന്നും ഏറ്റവുമധികം അന്വേഷണങ്ങൾ നടക്കുന്ന മലക്കപ്പാറയിലേക്ക് തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതൽ യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഏപ്രിൽ 6, 7, 10,13,14, 20,21, 27, 28 എന്നീ തിയതികളിലായി എട്ട് യാത്രകളാണുള്ളത്. കാടു കടന്ന് അണക്കെട്ടിന്‍റെ കാഴ്ചകൾ കണ്ട് തേയിലത്തോട്ടങ്ങൾ കണ്ടാണ് ഇവിടേക്ക് പോകുന്നത്.
കാന്തല്ലൂർ പാക്കേജ്
ഇന്ത്യയുടെ ഗോൾഡൻ ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂർ ഇപ്പോള്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കേരളത്തിന്റെ കാശ്മീർ എന്നാണ് കാന്തല്ലൂർ വിളിക്കപ്പെടുന്നത്. ഏകദിന യാത്രയാണ് കാന്തല്ലൂരിലേക്കുള്ളത്. ഏപ്രിൽ 6 ന് രാവിലെ 6.00 മണിക്ക് ചാലക്കുടിയിൽ നിന്നും പുറപ്പെട്ട് പുലർച്ചെ ഒരു മണിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം.
മാമലക്കണ്ടം-മൂന്നാർ യാത്ര
ചാലക്കുടിയില്‍ നിന്നും ഒറ്റ ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ആറിന് പുറപ്പെടുന്ന യാത്ര രാത്രി 11.30 ഓടെ തിരികെയെത്തും. ഏപ്രിൽ 10 ബുധനാഴ്ചയാണ് നാണ് യാത്ര പുറപ്പെടുന്നത്.
കൊളക്കുമല യാത്ര
ചാലക്കുടിയിൽ നിന്നു വന്‍ വിജയം നേടിയ മറ്റൊരു യാത്രയാണ് കൊളക്കുമലയിലേക്കുള്ളത്. കൊളക്കുമലയിലെ സൂര്യോദയവും ജീപ്പ് ഓഫ്റോഡിങ്ങും ആസ്വദിച്ച് രാത്രിയോടെ തിരികെ എത്തുവാൻ കഴിയുന്ന വിധത്തിലാണ് പാക്കേജ്. രാത്രി 9.30 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8.00 മണിക്ക് എത്തുന്ന വിധത്തിലാണ് യാത്ര. ഏപ്രിൽ 6, 20, 27 എന്നീ തിയതികളിൽ ചാലക്കുടിയിൽ നിന്ന് കൊളക്കുമല യാത്ര പോകും.
സാഗരറാണി പാക്കേജ്
കൊച്ചിയിൽ അറബിക്കടലിന്‍റെ മാസ്മരിക ഭംഗി കാണാൻ പോയാലോ.. കണ്ണു നിറയെ കടല് കണ്ട് കടൽക്കാഴ്ചകൾ കണ്ട് മടങ്ങിയെത്തുന്ന പാക്കേജ് കൂട്ടികളെയും കൂട്ടി പോകാൻ പറ്റിയ യാത്ര കൂടിയാണ്. രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.00 മണിക്ക് തിരികെ എത്തുന്ന വിധത്തിലാണ് യാത്ര. ഏപ്രിൽ 13, 27 എന്നീ തിയതികളിൽ യാത്ര പുറപ്പെടും.
വട്ടവട പാക്കേജ്
കൃഷിയുടെയും ഗ്രാമീണ ഭംഗിയുടെയും അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിച്ച് വരാൻ അനുവദിക്കുന്ന യാത്രയാണ് വട്ടവടയിലേക്കുള്ളത്. തമിഴ് മണമുള്ള മണ്ണും കാഴ്ചകളും ഗ്രാമീണ ജീവിതങ്ങളും ഒക്കെയാണ് ഇവിടെ കാണാനുള്ളത്. ഏപ്രിൽ 13, 28, എന്നീ തിയതികളിൽ യാത്ര പുറപ്പെടും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയുള്ള സമയത്ത് 9074503720, 9747557737 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













