ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്നത് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും മലയാളികൾക്കിടയിൽ ഇത് പ്രചാരത്തിലായിട്ട് അധികകാലം ആയിട്ടില്ല. പ്രിയപ്പെട്ട ഒരു സ്ഥലത്ത് ഏറ്റവും പ്രിയപ്പെട്ടവർക്കും അടുപ്പക്കാരെയും മാത്രം സാക്ഷിയാക്കി നടത്തുന്ന ചടങ്ങിൽ ആളുകളുടെ എണ്ണം കുറഞ്ഞാലും ആഢംബരം ഒട്ടും കുറയില്ല. നമ്മുടെ നാട്ടുകാർ ഈ രീതിയെ മെല്ലെ സ്വീകരിച്ചു തുടങ്ങിയിട്ടേയുള്ളുവെങ്കിലും കേരളം ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമായി മാറിയിട്ടുണ്ട്.
വിവാഹം നടക്കുന്നയിടം സ്വർഗ്ഗമെന്ന കൺസെപ്റ്റിലേക്ക് പുതിയ തലമുറ എത്തിയതോടെ പൊടിക്കുന്നത് കോടികളാണ്. ഒപ്പം കേരളത്തിലെ കാടും മേടും പുഴയും ബീച്ചും എല്ലാം വിവാഹവേദികളായും മാറി. റിസോര്‍ട്ടുകൾക്കും നല്ലകാലമാണ്. വിവാഹം കേരളത്തിൽ എന്ന സ്വപ്നം കാണുന്ന മറ്റു സംസ്ഥാനക്കാരും വന്നതോടെ വിവാഹങ്ങൾ കേരളത്തിൽ പൊടിപൊടിക്കുകയാണ്.

കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
കേരളത്തിന്‍റെ ഭംഗി കണ്ട് വിവാഹം കേരളത്തിലാക്കണമെന്ന് ആളുകൾ ആഗ്രഹിച്ച് തുടങ്ങിയതോടെയാണ് ഈ ഫീൽഡിൽ കേരളത്തിന്റെ രാശി തെളിഞ്ഞത്. കഴിഞ്ഞ വർഷം ട്രാവല്‍ പ്ലസ് ലെയ്ഷര്‍ വായനക്കാർ ഇന്ത്യയിലെ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ പുരസ്‌കാരം നല്കിയതും കേരളത്തിനായിരുന്നു. കേരളാ വിനോദസഞ്ചാര വകുപ്പും വെഡ്ഡിങ് ടൂറിസത്തിന് പ്രോത്സാഹനവും പ്രചരണവും നല്കുന്നുമുണ്ട്.
കേരളത്തിലെ വെഡ്ഡിങ് ഡെസ്റ്റിനേഷനുകൾ
1.തിരുവനന്തപുരം
കേരളത്തിന്‍റെ ഭംഗിയിൽ മനംമയങ്ങി കല്യാണം ഇവിടെയാക്കാൻ എത്തുന്നവരുടെ മനസ്സിലെ ഇടങ്ങളിലൊന്ന് തിരുവനന്തപുരമാണ്. കേരളത്തിൽ നടക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളിൽ ഭൂരിഭാഗവും തലസ്ഥാനം കൊണ്ടുപോകും. ഇവിടുത്തെ പ്രദേശങ്ങളുടെ ഭംഗിയും റിസോർട്ടുകളും അവിടുത്തെ സൗകര്യങ്ങളും മാത്രമല്ല, പൂവാർ, വർക്കല തുടങ്ങിയ ഇടങ്ങളും തിരുവനന്തപുരത്തിന്‍റെ മുതൽകൂട്ടാണ്. സ്ഥലം, താമസം, എത്തിച്ചേരാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങൾക്കാണ് ആളുകൾ മുൻഗണന കൊടുക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരാനുള്ള എളുപ്പവും ഗതാഗത സൗകര്യങ്ങളും തലസ്ഥാനത്തിന്റെ പ്രീതി കൂട്ടുന്നു. ബീച്ച് വെഡ്ഡിങ് ആഗ്രഹിക്കുന്നവരെ കോവളം സ്വാഗതം ചെയ്യുമ്പോൾ പിന്നെ എങ്ങനെ നോ പറയും. ഏതു ബജറ്റലും ലഭ്യമാകുന്ന സൗകര്യങ്ങൾ, വിമാനത്താവളം, തുടങ്ങിയവയും തിരുവനന്തപുരത്തിന്റെ പ്ലസ് ആണ്.
2.ആലപ്പുഴ
പ്രിയപ്പെട്ട ആളുടെ ഒപ്പം ജീവിതം ആരംഭിക്കുമ്പോൾ ഏറ്റവും ഭംഗിയുള്ള ഇടം തന്നെ വേണമെന്നുള്ളവരാണ് ആലപ്പുഴയിലേക്ക് വരുന്നത്.
ആലപ്പുഴയുടെ കായൽഭംഗിയും തീരവും കെട്ടുവള്ളങ്ങളും ഇവിടേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കുന്നു. കായൽ അല്ലെങ്കിൽ വെള്ളം ഒക്കെ തീം സെറ്റ് ചെയ്യുന്നതിനും ആലപ്പുഴ സഹായിക്കും. കെട്ടുവള്ളത്തിലോ അല്ലെങ്കിൽ ചെറിയ ദ്വീപുകളിൽ, ഏറ്റവും കുറച്ച് ആളുകളെ മാത്രം കൂട്ടി വിവാഹം നടത്താൻ പറ്റിയ സ്ഥലവും ഇത് തന്നെയാണ്.
ചെലവ് കുറഞ്ഞ വെഡ്ഡിങ് നോക്കുന്നവർക്കും ആലപ്പുഴ തിരഞ്ഞെടുക്കാം.

3.എറണാകുളം
കേരളാ ഡെസ്റ്റിനേഷന് വെഡ്ഡിങ്ങിൽ പ്രധാനപ്പെട്ട മറ്റൊരിടം എറണാകുളം ആണ്. തിരുവനന്തപുരത്തിനൊപ്പം തന്നെയാണ് എറണാകുളത്തിന്‍റെ സ്ഥാനവും. മികച്ച ഹോട്ടലുകൾ, കായൽതീരം, ഹെറിറ്റേജ് ഹോട്ടലുകൾ, ചെറിയ ദ്വീപുകൾ, തുരുത്ത് എന്നിങ്ങനെ സാധ്യതകൾ ഒരുപാട് എറണാകുളത്തിനുണ്ട്. കൂടാതെ എത്തിച്ചേരാൻ നെടുമ്പാശ്ശേരി വിമാനത്താവളം, എറണാകുളം നഗരത്തിനുള്ളിൽ തിരക്കിൽ പെടാതെ യാത്ര ചെയ്യാൻ കൊച്ചി മെട്രോ, വാട്ടർ മെട്രോ തുടങ്ങിയ കാര്യങ്ങളും പ്രയോജനപ്പെടുത്താം.
4.വയനാട്
തീർത്തും സ്വകാര്യമായി, ഒരുപാട് ബഹളങ്ങളൊന്നുമില്ലാതെ വിവാഹം നടത്താനായി വയനാട് തിരഞ്ഞെടുക്കുന്നവരും ഉണ്ട്. ഇവിടുത്തെ ഹൈ എൻഡ് റിസോർട്ടുകളിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് എത്തിച്ചേരാൻ ബുദ്ധിമുട്ടുമെങ്കിലും കരിപ്പൂർ വിമാനത്താവളം വഴിയും ബാംഗ്ലൂരിൽ നിന്ന് മൈസൂർ വഴിയും വയനാട്ടിലേക്ക് വേഗത്തിലെത്താം.
5. മൂന്നാർ
മൂന്നാറിന്‍റെ ഭംഗി കണ്ട് ഇഷ്ടമായി ഇവിടം വെഡ്ഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്നവരും ഉണ്ട്. മൂന്നാറിന്റെ പച്ചപ്പും ഇവിടുത്തെ ശാന്തതയും കാഴ്ചകളും ഒക്കെ ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ ഇവിടെ വിവാഹങ്ങൾ നടത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














