അറബിക്കടലിൽ സന്ധ്യയ്ക്ക് കപ്പലിൽ ഒരു യാത്ര. കരയിൽ നിന്ന് കാണാൻ കഴിയാത്ത അകലങ്ങളിലേക്ക് തിരകൾക്കൊപ്പം ചാഞ്ചാടി ആഢംബര കപ്പലില്‍ ഒരു സായാഹ്നം... കുറച്ചുനാൾ മുൻപ് വരെ സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും സാധ്യമല്ലാതിരുന്ന യാത്ര. എന്നാൽ ഇന്ന് ആളുകൾ അങ്ങോട്ടേയ്ക്ക് ചോദിച്ചു ചെല്ലുകയാണ്.. എന്നാണ് അടുത്ത യാത്രയെന്ന്. പറഞ്ഞുവരുന്നത് കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ നെഫർറ്റിറ്റി ടൂർ പാക്കേജിനെക്കുറിച്ചാണ്.
കെഎസ്ആർടിസി ബസിൽ വിവിധ ഡിപ്പോകളിൽ നിന്ന് കൊച്ചിയിലെത്തി, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള നെഫർറ്റിറ്റി ആഡംബര കപ്പലിൽ കടൽ കണ്ടും അറബിക്കടലിലെ മനോഹരമായ സൂര്യാസ്തമയം ആസ്വദിച്ചുമുള്ള യാത്ര പാക്കേജാണിത്. കുറഞ്ഞ ചെലവില് കപ്പൽ കയറിയുള്ള യാത്രയിൽ സഞ്ചാരികൾക്ക് ഭക്ഷണവും വിനോദവയും ഉൾപ്പെടെയാണ് ഒരുക്കിയിരിക്കുന്നത്.

നീണ്ട അവധികളും വാരാന്ത്യങ്ങളും വരുന്ന ഒക്ടോബർ മാസത്തിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ക്കായി കെഎസ്ആർടിസി വീണ്ടും നെഫിർറ്റിറ്റി പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. ഓണത്തോട് അനുബന്ധിച്ച് ഈ മാസം നടത്തികൊണ്ടിരിക്കുന്ന യാത്രകളും ഒക്‌ടോബർ രണ്ടുമുതൽ ദീപാവലി വരെ തുടർയാത്രകളുമാണ് ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ 34 കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും നെഫിർറ്റിറ്റി പാക്കേജ് ഒരുക്കിയിട്ടുണ്ട്. അതാത് ഡിപ്പോകളിൽ നിന്നും ഡീലക്സ് ബസ് അല്ലെങ്കിൽ ഫാസ്റ്റ് ബസിലായി കൊച്ചിയിലെത്തും. ഉച്ചകഴിഞ്ഞ് കൊച്ചിയിലെത്തി വൈകിട്ട് നാലു മണിയോടെ കപ്പൽ യാത്ര ആരംഭിക്കുന്ന വിധത്തിലാണ് പാക്കേജ് ഉള്ളത്. ഡിപ്പോകളിൽനിന്നുള്ള ദൂരം അനുസരിച്ച് യാത്രാനിരക്കിൽ വ്യത്യാസം വരും. എന്നിരുന്നാലും പൊതുവേ ബസ്, കപ്പൽയാത്ര അടക്കം ഒരാൾക്ക് 3000-4000 രൂപയാണ് നിരക്ക് വന്നേക്കാം. ഇതിൽ കപ്പലിലെ ഭക്ഷണം ഉള്‍പ്പെട്ടിട്ടുള്ളതിനാല് അക്കാര്യത്തിൽ വേറെ ആശങ്ക വേണ്ട.
ഒക്‌ടോബർ 19 മുതൽ 22 വരെ കൊച്ചി പോർട്ടിൽനിന്നും മറ്റ് ദിവസങ്ങളിൽ ബോൾഗാട്ടിയിൽനിന്നും വൈകിട്ട് നാലിന് കപ്പൽ യാത്ര ആരംഭിക്കും. അഞ്ച് മണിക്കൂറാണ് കപ്പലിൽ കടലിൽ ചെലവഴിക്കാനുള്ള സമയം. ഇതിൽ സൂര്യാസ്തമയം കാണാനും കപ്പലിൽ അറബിക്കടലിന്‍റെ ഭംഗി ആസ്വദിക്കാനും കപ്പലിനുള്ളിലെ കാഴ്ചകള കാണാനുമുള്ള അവസരം ഉണ്ടായിരിക്കും. കുട്ടികളെയും കൂട്ടിയുള്ള യാത്രയാണെങ്കിൽ കപ്പലിനുള്ളില്‍ കുട്ടികൾക്കുള്ള കളിസ്ഥലം പ്രയോജനപ്പെടുത്താം.
യാത്ര ബുക്ക് ചെയ്യുവാൻ
കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ അറിയാനാകും. ഈമെയിൽ- [email protected] , [email protected] . കെഎസ്ആർടി വെബ്സൈറ്റുകളിൽ നിന്നും ഫേസ്ബുക്ക് പേജുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












