ഒക്ടോബർ 27 ഞായറാഴ്ച എന്താണ് പരിപാടി? യാത്രകൾ വല്ലതും പ്ലാൻ ചെയ്തോ? അതോ എന്നത്തെയും പോലെ പ്രത്യേകിച്ച് പ്ലാനുകൾ ഒന്നും ഇല്ലാതെ ഇരിക്കുകയാണോ.. എന്തായാലും ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞായറാഴ്ചത്തെ മറ്റു പ്ലാനുകളെല്ലാം മാറ്റിവെച്ചോ...ഒരു കിടിലൻ യാത്ര ഇതാ വരുന്നുണ്ട്. വെള്ളച്ചാട്ടവും അണക്കെട്ടും ഒരു ഹിൽസ്റ്റേഷനും കണ്ടു വരുന്ന ഒരു സൂപ്പർ പാക്കേജ് ഒരുക്കുന്നത് നമ്മുടെ കെഎസ്ആർടിസിയാണ്.
കെഎസ്ആർടിസി പുനലൂർ ബജറ്റ് ടൂറിസം സെല്ലിന്‍റെ ഇനി വരാൻ പോകുന്ന യാത്രകളിലൊന്നാണ് പൊന്മുടി ഇക്കോ ടൂറിസം, പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, നെയ്യാർ ഡാം പാക്കേജ്. ഒറ്റദിവസത്തിൽ ഈ സ്ഥലങ്ങളെല്ലാം കണ്ട് ആസ്വദിച്ച് വരാൻ പറ്റിയ പാക്കേജിന്‍റെ ബുക്കിങ് പുരോഗമിക്കുകയാണ്. കുറഞ്ഞ ചെലവില് ഏകദിന യാത്രകൾ ഒരുക്കുന്ന പുനലൂർ ഡിപ്പോയുടെ പുതിയ പാക്കേജ് പരിചയപ്പെടാം.
ഒക്ടോബർ 27 ഞായറാഴ്ച രാവിലെ പുനലൂരിൽ നിന്ന് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വെള്ളച്ചാട്ടവും അണക്കെട്ടും പ്രകൃതിയുടെ മനോഹരമായ കാഴ്ചകളും ചേർത്തിണക്കിയുള്ള ഈ പാക്കേജ് തിരുവനന്തപുരത്തിന്‍റെ പച്ചപ്പ് നിറഞ്ഞ മുഖം കാണാൻ താല്പര്യമുള്ളവർക്ക് സമയം കണ്ടെത്തി പോകാൻ പറ്റിയ യാത്രയാണ്. നാലിടങ്ങളും ഉൾപ്പെടുത്തി ഒറ്റപ്പോക്കിൽ കണ്ടുവരാം എന്നതിനാൽ നിങ്ങളുടെ പണം മാത്രമല്ല, സമയവും ലാഭമാണ്..
പൊന്മുടി
മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടം എന്നാണ് പൊന്മുടി അറിയപ്പെടുന്നത്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഇക്കോ ടൂറിസം കേന്ദ്രമാണ് പൊന്മുടി. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കാഴ്ചകളും ഇവിടേക്കുള്ള യാത്രയുമാണ് ആളുകളെ ആകർഷിക്കുന്നത്, ഹെയർപിൻ വളവുകൾ കയറി കോടമഞ്ഞിൽ പുതഞ്ഞ് നമ്മളെ സ്വീകരിക്കുന്ന ഈ പ്രദേശത്തിന് മറ്റൊന്നിനോടും ഉപമിക്കുവാന്‍ സാധിക്കാത്ത സൗന്ദര്യമാണ്. വെറുതെ നടന്നു കാണുവാൻ ഇഷ്ടംപോലെയുള്ള ഇവിടെ ട്രെക്കിങും പ്രസിദ്ധമാണ്.
മീൻമുട്ടി വെള്ളച്ചാട്ടം
പൊന്മുടിയിലേക്കുള്ള യാത്രയിൽ പോകാൻ പറ്റിയ ഇടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. തിരുവനന്തപുരത്തെ ഏറ്റവും ജനപ്രിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇവിടേക്കുള്ള യാത്ര മുതൽ തന്നെ കൗതുകങ്ങൾ തുടങ്ങും. വനത്തിനുള്ളിലൂടെ നടന്ന് എത്തേണ്ട ഇവിടം ഒരു ചെറിയ ട്രെക്കിങ് അനുഭവങ്ങളും നല്കും. നടക്കാൻ ആരോഗ്യവും മനസ്സും ഉണ്ടെങ്കിൽ മാത്രമേ കാടിനുള്ളിലൂടെയുള്ള യാത്രയ്ക്ക് ഒരുങ്ങാവൂ. മഴ തോർന്നു നിൽക്കുന്ന സമയമായതിനാൽ സുരക്ഷിതമായി പോയി വരികയും ചെയ്യാം. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
നെയ്യാർ ഡാം
തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് നെയ്യാർ ഡാം. നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ വന്നാല്‍ ഡാമിന്‍റെ അതിമനോഹരമായ കാഴ്ചകൾ കണ്ടുപോരാം. ഇവിടെ നിന്നാൽ പശ്ചിമഘട്ടത്തിന്‍റെയും ചെറുമലനിരകളുടെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.
പേപ്പാറ ഡാം
തിരുവനന്തപുരത്ത് കരമനയാറിൽ നിർമ്മിച്ച പേപ്പാറ ഡാം ഈ യാത്രയിൽ പോകുന്ന മറ്റൊരു ഇടമാണ്. പേപ്പാറ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായാണ് ഇവിടം അറിയപ്പെടുന്നത്. . 1983-ലാണ് പേപ്പാറ ഡാം നിർമ്മിച്ചത്. .പൊന്മുടിയിലേക്ക് പോകുന്ന വഴിയിൽ ഇവിടം കൂടി കണ്ടു മാത്രമേ ആളുകൾ മടങ്ങാറുള്ളൂ. ദക്ഷിണ കേരളത്തിലെ തേക്കടി എന്നാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം അറിയപ്പെടുന്നത്.
27 ഞായറാഴ്ച പുനലൂരില്‍ നിന്നും രാവിലെ പുറപ്പെട്ട് വൈകിട്ടോടെ മടങ്ങിയെത്തുന്ന യാത്രയക്ക് 740 രൂപയാണ് നിരക്ക്. 9495430020, 9946761145, 6238044211 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














