മഴ മാറി കാലാവസ്ഥ തെളിഞ്ഞു.. അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു. ഇനി യാത്രകളുടെ സമയമാണ്. കേരളത്തിലങ്ങോളമിങ്ങോളം ട്രെക്കിങ്ങും മലകയറ്റവും ബീച്ച് യാത്രകളും റോഡ് ട്രിപ്പും ഒക്കെയായി ആസ്വദിക്കാൻ പറ്റിയ സമയം. ഓണം കൂടി ഇങ്ങെത്താനായതോടെ യാത്രകൾ ഒന്നുകൂടി ആഘോഷമാവുകയാണ്. സഞ്ചാരികൾക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സെപ്റ്റംബർ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. കുറഞ്ഞ ചെലവിൽ യാത്ര പാക്കേജുകൾ സഞ്ചാരികൾക്കിടയിൽ വൻ ഹിറ്റാണ്.
ഓണം അവധിക്ക് മാത്രമല്ല, സെപ്റ്റംബർ 1 മുതൽ തന്നെ കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ നടത്തുന്നുണ്ട്. മഴക്കാല യാത്രകളിൽ കേരളത്തിൽ സന്ദര്‍ശിക്കേണ്ട ഗവിയും റാണിപുരവും പൈതൽമലയും മൂന്നാറും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കൂട്ടി അടിപൊളി പാക്കേജുകളാണ് ഇത്തവണത്തെ പ്രത്യേകത.
മഴയത്ത് കയറിച്ചെല്ലാൻ റാണിപുരം
മലബാറുകാരുടെ ഊട്ടിയാണ് റാണിപുരം. കാസർകോഡ് കാഞ്ഞങ്ങാണ്- പാണത്തൂർ പാതയിൽ പനത്തടിയിൽ നിന്നും തിരിഞ്ഞു കയറിപ്പോകുന്ന റാണിപുരം ട്രെക്കിങ്ങിനാണ് പ്രസിദ്ധം. കാടും പുൽമേടും ചോലവനങ്ങളും പാറക്കെട്ടും താണ്ടി മലമുകളിലെ പാറക്കെട്ടിലേക്കുള്ള യാത്ര ആവേശം നിറഞ്ഞതാണ്. സെപ്റ്റംബർ 1, 29 എന്നീ രണ്ടു തിയതികളിലാണ് കണ്ണൂർ- വാഗമൺ യാത്ര. ഒപ്പം ബേക്കൽ കോട്ടയും ബേക്കൽ ബീച്ചും കൂടി കാണാം. ഞായറാഴ്ച രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 9.00ന് മടങ്ങിയെത്തും.
ഗവിയും കുമളിയും കാണാം
കെഎസ്ആർടിസി പാക്കേജുകളിൽ ഏറ്റവും പെട്ടന്ന് ബുക്കിങ് പൂർത്തിയാക്കുന്നവയാണ് ഗവി യാത്ര. പത്തനംതിട്ടയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയും ഒപ്പം കുമളിയും കണ്ടുവരുന്ന പാക്കേജിൽ കമ്പം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസിൽ കാടിനുള്ളിലൂടെയുള്ള സാഹസിക യാത്രയും അണക്കെട്ടുകളും പിന്നെ ബോട്ടിങ്ങും കഴിഞ്ഞാൽ നേരെ കുമളിയിലേക്ക് പോകും.
,സെപ്റ്റംബർ 6ന് വെള്ളിയാഴ്ച വൈകിട്ട് 5.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.00 മണിക്ക് മടങ്ങിയെത്തും.
മഴക്കാല ട്രെക്കിങ്ങിന് പൈതൽമല യാത്ര
മഴയും മഞ്ഞും കൊണ്ട് സെപ്റ്റംബർ മാസത്തിലെ യാത്രകൾക്ക് ഏറ്റവും പറ്റിയ സ്ഥലമാണ് പൈതൽമല. തളിപ്പറമ്പില്‍ നിന്ന് 44 കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന പൈതൽമല എന്ന വൈതൽമല കണ്ണൂരിലെ ഏക ഹിൽ സ്റ്റേഷൻ കൂടിയാണ്. സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണ് ഇവിടമുള്ളത്. പൈതൽമല യാത്രയിൽ പ്രസിദ്ധമായ ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയം തട്ടും സന്ദർശിക്കും. സെപ്റ്റംബർ 8,29 എന്നീ ഞായറാഴ്ചകളിൽ രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.00 മണിയോടെ മടങ്ങിയെത്തും.
കോഴിക്കോടിന്‍റെ പച്ചപ്പിലേക്ക്
കോഴിക്കോടിന്‍റെ പച്ചപ്പു നിറഞ്ഞ കാഴ്ചകളിലേക്കും കണ്ണൂരിൽ നിന്ന് യാത്രയുണ്ട്. ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, തോണിക്കടവ് ടവർ, കരിയത്തുംപാറ എന്നിവിടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിമനോഹകമായ പ്രകൃതി ദൃശ്യങ്ങളാണ് ഈ യാത്രയുടെ ആകർഷണം. സെപ്റ്റംബർ 8, 16,22 എന്നീ തിയതികളിൽ രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.00 മണിയോടെ മടങ്ങിയെത്തും.

ആനവണ്ടിയിൽ ജംഗിൾ സഫാരി
വയനാട്ടിലേക്ക് ജംഗിൾ ഫാരി പാക്കേജും കണ്ണൂരിൽ നിന്ന് പോകുന്നുണ്ട്. രാവിലെ 5.45 ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയില്‍ നിന്നാരംഭിക്കുന്ന യാത്രയിൽ സൂചിപ്പാറ, 900 കണ്ടി എന്നീ സ്ഥലങ്ങളും പിന്നെ ജംഗിൾ സഫാരിയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6.30ന് ആരംഭിക്കുന്ന വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി സുൽത്താൻ ബത്തേരിയിൽ നിന്നു തുടങ്ങി പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്,വള്ളുവാടി,നായ്ക്കട്ടി കല്ലൂർ വഴി മുത്തങ്ങയിലെത്തി അവിടുന്ന് ഇരുളം വഴി ബത്തേരി ഡിപ്പോയിൽ മടങ്ങിയെത്തും. ഭക്ഷണവും പ്രവേശന നിരക്കുകളും ഉള്‍പ്പെടെയാണ് ടിക്കറ്റ് തുക ഈടാക്കുക.
ഇത് കൂടാതെ സെപ്റ്റംബർ 6 ന് വാഗമൺ, ചതുരംഗപ്പാറ യാത്ര,
മൂന്നാർ- കാന്തല്ലൂർ-മറയൂർ യാത്ര,
സെപ്റ്റംബർ 7ന് ആറന്മുള വള്ളസദ്യ യാത്ര,
സെപ്റ്റംബർ 10, 24 തിയതികളിൽ കൊല്ലൂർ മൂകാംബിക യാത്ര,
സെപ്റ്റംബർ 22ന് വയനാട്- തുഷാരഗിരി, എൻ ഊര്, ഹണി മ്യൂസിയം, പൂക്കോട് തടാകം യാത്ര തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 8089463675, 9497007857
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















