ആകാശത്തിൽ നിന്നെന്നപോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം.. പാൽക്കടലാണോയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ മനോഹരമായ കാഴ്ച.. ഇരുവശവും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന, പച്ചപ്പിനു നടുവിലുള്ള, പ്രകൃതിഭംഗി മുറ്റിനിൽക്കുന്ന വഴികളിലൂടെ ആനവണ്ടിയിൽ ഒരു യാത്ര പോയാലോ.. ഓണത്തിന്‍റെ അവധിക്ക് കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ഒരു അടിപൊളി യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു പറ്റിയ പാക്കേജുമായാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വന്നിരിക്കുന്നത്.
നാട്ടിലെ ഓണാഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് സദ്യയും ഓണക്കോടിയും ഓണക്കളികളും നാട്ടിലെ പരിപാടികളും ഒക്കെ കഴിഞ്ഞ് ക്ഷീണിച്ച് ഇരിക്കുമ്പോൾ യാത്ര പോയി ഊര്‍ജം തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി
പാലാ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് അടിപൊളി ഏകദിന യാത്രാ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഓണാവധിയിലെ ഒറ്റദിവസം മാറ്റിവെച്ചാൽ എന്നും ഓർമ്മിക്കാവുന്ന കുറച്ച് കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കി മടങ്ങാം.
ഓണാഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് സെപ്റ്റംബർ 17 ചൊവ്വാഴ്ച
രാവിലെ ആറ് മണിക്ക് പാലാ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ തൃശൂരിലെ മനോഹരമായ ഒട്ടനവധി കാഴ്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശൂരിലെ പ്രധാന കാഴ്ചകൾ ഒറ്റ ദിവസത്തിൽ കണ്ടുവരാൻ സാധിക്കുന്ന പാക്കേജ് ഓണം അവധിക്ക് പോകാന് പറ്റിയ ഒരു മികച്ച പാക്കേജ് കൂടിയാണ്. ഓണത്തിന്‍റെ അവധിയിൽ ഉൾപ്പെടുന്ന ദിവസമായതിനാൽ അധികം ലീവെടുക്കാതെ പോയി വരികയും ചെയ്യാം.
അതിരപ്പിള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം എന്നിവിടങ്ങളും ഷോളയാർ അണക്കെട്ട്, പെരിങ്ങൽക്കൂത്ത് അണക്കെട്ട് എന്നിവിടങ്ങളും ആനയും കടുവയും പുലിയും ഇറങ്ങുന്ന കാനനവഴികളിലൂടെ തേയിലത്തോട്ടങ്ങളുടെ ഭംഗി കണ്ട് മലക്കപ്പാറയിലേക്കുള്ള ഓഫ് റോഡ് യാത്രയുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും പേരുകേട്ട വെള്ളച്ചാട്ടങ്ങളിലൊന്നായ അതിരപ്പിള്ളിയിൽ എണ്‍പതിലധികം അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. കേരളത്തിന്‍റെ നയാഗ്ര എന്നു വിളിക്കപ്പെടുന്ന അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടത്തിന്‍റെ മനോഹര കാഴ്ചയാണ് ഈ യാത്രയിൽ ആദ്യം. തുടർന്ന് കാടിനുളളിലൂടെയുള്ള യാത്രയിൽ വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം എന്നിവിടങ്ങളും ഷോളയാർ അണക്കെട്ട്, പെരിങ്ങൽക്കൂത്ത് അണക്കെട്ട് എന്നിവിടങ്ങളും കാണാം. നമ്മുടെ നാട്ടിൽ ഇത്രയും അടുത്ത് ഇത്രയും മനോഹരമായ ഇടങ്ങളുണ്ടെന്ന തിരിച്ചറിയും അത് കണ്ടുവരാൻ സാധിക്കുന്ന യാത്രയുമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ഇതിനു ശേഷമാണ് ശരിക്കുള്ള സാഹസിക യാത്ര ആരംഭിക്കുന്നത്. കാടിനുള്ളിലെ വഴികളിലൂടെ അപ്രതീക്ഷിതമായി ആനയും കടുവയും പുലിയും മുന്നിലെത്താൻ സാധ്യതയുള്ള വഴികളിലൂടെ ആനവണ്ടിയിലുള്ള യാത്ര ശരിക്കും സാഹസികാനുഭവം നിറഞ്ഞ ഒന്നാണ്. മലക്കപ്പാറ ടീ എസ്റ്റേറ്റ് വരെയാണ് യാത്ര. ചാലക്കുടിയിൽ നിന്നും 90 കിലോമീറ്റർ അകലെയാണ് മലക്കപ്പാറയുള്ളത്. കാട്ടുമൃഗങ്ങള് മാത്രമല്ല, വ്യത്യസ്തയിനം പക്ഷികളെയും യാത്രയിൽ കാണാം. കൂടാതെ, പ്രധാനപ്പെട്ട ഇടങ്ങളിൽ വണ്ടി നിർത്തി കാഴ്ചകൾ കാണുവാനും ഫോട്ടോ പകർത്തുവാനും സൗകര്യം ഉണ്ടായിരിക്കും. അതിരപ്പിള്ളിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയി വരുവാൻ ഏറ്റവും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും വേണ്ടി വരും.
പാലാ- അതിരപ്പിള്ളി-മലക്കപ്പാറ യാത്ര എങ്ങനെ ബുക്ക് ചെയ്യാം?
പാലാ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി-മലക്കപ്പാറ യാത്രാ ബുക്കിങ് നടത്താം. ഇനി വരുന്നത് സെപ്റ്റംബർ 17 ചൊവ്വാഴ്ചയാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9447433090, 8921531106 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













