വെറും രണ്ടര ദിവസം കൊണ്ട് പണിതീര്‍ത്തുവെന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയാണിത്. ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ രസകരമായ കഥയുണ്ട്. ആദ്യകാലത്ത് ഈ കെട്ടിടം ഒരു സംസ്കൃത പാഠശാലയായിരുന്നുവത്രേ. എഡി 1198ല്‍ മുഹമ്മദ് ഗോറി ഇത് പള്ളിയാക്കി മാറ്റുകയായിരുന്നു. ഏഴ് കമാനങ്ങളുള്ള കൂറ്റന്‍ മതിലിനാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് പള്ളി. ഏഴ് കമാനങ്ങളിലും ഖുറാന് വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്തോ-ഇസ്ലാമിക് ശൈലിയില്‍ നിര്‍മ്മിച്ച ഈ കെട്ടിടം രൂപകല്‍പ്പന ചെയ്തത് ഹിറാത്തിലെ അബൂബക്കര്‍ ആണ്.
എഡി 1230ല്‍ ഉയര്‍ത്തിയുണ്ടാക്കിയ കമാനത്തിനടിയിലായി സുല്‍ത്താന്‍ അല്ത്താമുഷ് ഒരു സ്ക്രീന്‍ സ്ഥാപിച്ചു. വടക്കുവശത്തുള്ള കവാടത്തിലൂടെയാണ് പള്ളിയിലേയ്ക്ക് കടക്കുക. മഞ്ഞമണല്‍ക്കല്ലുകളില്‍ പണിത കമാനങ്ങളാണ് മുന്‍വശത്തിന് മോടികൂട്ടുന്നത്. ഇക്കൂട്ടത്തിലുള്ള പ്രധാന കമാനത്തിന്റെ അടുത്തായി ആറ് ചെറു കമാനങ്ങളുണ്ട്. ഇവയിലെല്ലാം ചെറിയ ചതുരങ്ങളുണ്ട്, വെളിച്ചസംവിധാനത്തിനുവേണ്ടിയുള്ളതാണിവ. ഈ ശൈലിയിലുള്ള നിര്‍മ്മാണം പുരാതനമായ അറബിക് പള്ളികളിലെല്ലാം കാണുന്നുണ്ട്. ഒന്നിനുമുകളില്‍ ഒന്നായി ചേര്‍ത്തുവച്ചിരിക്കുന്ന വലിയ തൂണുകളാണ് കെട്ടിടത്തിന് ഉയരം കൂട്ടുന്നത്. മെയിന്‍ ഹാളിലെ പണികള്‍ മനോഹരമാണ്.