ചിദംബത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് തില്ലൈ നടരാജര്‍ ക്ഷേത്രം. രാജ്യത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നും ശിവഭക്തര്‍ ഇവിടെ എത്താറുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണെന്നാണ് കരുതപ്പെടുന്നത്. അക്കാലം മുതല്‍ തമിഴ്‌നാട്ടിലെ കലയും വാസ്തുവിദ്യയുമെല്ലാം ഇവിടെ കേന്ദ്രമാക്കിയാണ് വളര്‍ന്നതെന്നും കരുതപ്പെടുന്നു. നിര്‍മ്മിക്കപ്പെട്ടതില്‍പ്പിന്നെ പലകാലങ്ങളിലായി ഈ ക്ഷേത്രം പുതുക്കിപ്പണിതിട്ടുണ്ട്.
പല രാജകുലങ്ങളുടെ പുതുക്കിപ്പണിയലുകളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. പല സാമ്രാജ്യങ്ങളുടെയും ഉദയത്തിനും അസ്തമയത്തിനും സാക്ഷിയായ ക്ഷേത്രം കൂടിയാണിത്. തില്ലൈ കോതന്‍ എന്ന പേരിലാണ് ഇവിടെ ശിവനെ ആരാധിയ്ക്കുന്നത്. നടരാജരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹം. ക്ഷേത്രഗോപുരത്തില്‍ ഭരതനാട്യത്തിലെ 108 കരണങ്ങള്‍ കൊത്തിവച്ചിരിക്കുന്ന കാഴ്ച മനോഹരമാണ്. ക്ഷേത്രസമുച്ചയത്തിനകത്തെ തീര്‍ത്ഥക്കുളമായ ശിവഗംഗയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
ആയിരം കാല്‍ മണ്ഡപം, മനോഹരമായി അലങ്കരിച്ച ശ്രീകോവില്‍, കനകസഭ, കൊടിമരത്തിനടുത്തായുള്ള നൃത്തസഭ, രാജസഭ, ദേവസഭ എന്നിങ്ങനെ വിവിധ ഭാഗങ്ങളുണ്ട് ക്ഷേത്രത്തിനുള്ളില്‍. ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തില്‍ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാല്‍ ശിവന്‍ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് പേരുകേട്ട ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.
ശിവനെ ആകാശരൂപത്തില്‍ സങ്കല്‍പ്പിക്കുന്നതിനാലാണ് ഇത്തരത്തില്‍ മാലചാര്‍ത്തുന്നതെന്നും പറയുന്നുണ്ട്. ചിദംബരംനഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ടാല്‍ മതിവരാത്ത വിസ്മയമാണ് ചിദംബരം ക്ഷേത്രമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയമില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ നൃത്തോത്സവം നടക്കാറുണ്ട്. അക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.



Click it and Unblock the Notifications