യേലഗിരി: പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു അവധിക്കാലം

ഹോം » സ്ഥലങ്ങൾ » യേലഗിരി » ഓവര്‍വ്യൂ

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഒരു ഹില്‍സ്‌റ്റേഷനാണ്‌ യേലഗിരി. ഇലഗിരി എന്നും ഇവിടം അറിയപ്പെടുന്നുണ്ട്‌. വാരാന്ത്യങ്ങള്‍ അടിച്ചുപൊളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക്‌ പറ്റിയ ഉല്ലാസകേന്ദ്രമാണ്‌ യേലഗിരി. ബ്രിട്ടീഷ്‌ ഭരണകാലം മുതല്‍ ആരംഭിക്കുന്നതാണ്‌ യേലഗിരിയുടെ ചരിത്രം. അക്കാലത്ത്‌ ഇവിടം യേലഗിരി ജമീന്ദാര്‍മാരുടെ ഉടമസ്ഥതയിലായിരുന്നു. റെഡ്ഡിയൂരിലുള്ള ഇവരുടെ വീട്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. 1950കളുടെ ആദ്യം യെലഗിരി ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സമുദ്രനിരപ്പില്‍ നിന്ന്‌ 1048 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്‍സ്റ്റേഷന്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന 14 ഗ്രാമങ്ങളുടെ കൂട്ടമാണ്‌.

ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ മറ്റു ഹില്‍സ്‌റ്റേഷനുകള്‍ പോലെ അത്ര വികസിതമല്ല യേലഗിരി. എന്നിരുന്നാലും സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ജില്ലാഭരണകൂടം ആരംഭിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി പാരാഗ്‌ളൈഡിംഗ്‌, റോക്ക്‌ ക്ലൈംബിംഗ്‌ എന്നിവയ്‌ക്ക്‌ വലിയ പ്രചാരം നല്‍കി വരുന്നു. ശാന്തമായ അന്തരീക്ഷവും ഗ്രാമീണ സൗന്ദര്യവും യേലഗിരിയില്‍ എത്തുന്നവരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും.

പഴത്തോട്ടങ്ങളില്‍ നിന്നും റോസാപ്പൂന്തോട്ടത്തില്‍ നിന്നും പച്ചപ്പണിഞ്ഞ താഴ്‌വരകളില്‍ നിന്നും ഒഴുകിയെത്തുന്ന കാറ്റ്‌ യേലഗിരിയെ സുഗന്ധപൂരിതമാക്കുന്നു. യേലഗിരിയിലൂടെയുള്ള ഡ്രൈവിംഗ്‌ മനോഹരമായ ഒരു പെയിന്റിംഗിലൂടെ കടന്നുപോകുന്ന അനുഭവമായിരിക്കും നിങ്ങള്‍ക്ക്‌ നല്‍കുക.

സാഹസികരായ സഞ്ചാരികളുടെ പറുദ്ദീസയാണ്‌ യെലഗിരി. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകൃതിത്ത പ്രദേശമായി അടുത്തിടെ യേലഗിരിയെ തിരഞ്ഞെടുത്തിരുന്നു. ഒന്നാം സ്ഥാനം മഹാരാഷ്ട്രയിലെ പഞ്ചാഗ്നിക്കാണ്‌. ഇവിടെ നിരവധി ക്ഷേത്രങ്ങളുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രായം ചെന്നവരും ധാരാളമായി യേലഗിരി സന്ദര്‍ശിക്കുന്നു.

പുംഗാനൂര്‍ തടാകം യേലഗിരിയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്‌. തടാകത്തിലൂടെയുള്ള ബോട്ട്‌ യാത്ര പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ സഹായിക്കും. ഇവിടെ നിലവൂര്‍ എന്ന മറ്റൊരു തടാകം കൂടിയുണ്ട്‌. ഇതിലും ബോട്ട്‌ യാത്ര നടത്താന്‍ കഴിയും. മലനിരകളില്‍ നിന്നാല്‍ പച്ചപ്പട്ട്‌ നിവര്‍ത്തിയിട്ടതു പോലുള്ള വിശാലമായ താഴ്‌വര മുന്നില്‍ തെളിയും. ബൈനോക്കുലറുകള്‍ ഒപ്പം കരുതുന്നവര്‍ക്ക്‌ അകലങ്ങളിലെ കാഴ്‌ചകളും ആസ്വദിക്കാനാകും.

വേലവന്‍ ക്ഷേത്രം പോലുള്ള ആരാധനാലയങ്ങള്‍, സ്വാമിമലയടക്കമുള്ള ഹില്‍സ്‌റ്റേഷനുകള്‍, ട്രെക്കിംഗ്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതി സ്‌നേഹികള്‍ക്ക്‌ ഇവിടുത്തെ പാര്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഔഷധത്തോട്ടവും ഫലസസ്യത്തോട്ടവും സന്ദര്‍ശിക്കാവുന്നതാണ്‌. വാനനിരീക്ഷണം ഇഷ്ടപ്പെടുന്നവര്‍ വൈനു ബാപ്പു വാനനിരീക്ഷണ കേന്ദ്ര സന്ദര്‍ശനം കൂടി യാത്രയില്‍ ഉള്‍പ്പെടുത്തുക.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ്‌ യെലഗിരി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. വര്‍ഷം മുഴുവന്‍ ഏറെക്കുറെ സുഖകരമായ കാലാവസ്ഥയാണ്‌ യെലഗിരിയില്‍ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. എന്നാല്‍ ശൈത്യകാലത്തെ താപനില 11 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം. വന്‍തോതിലുള്ള മഴ ഇവിടെ ലഭിക്കാറില്ല.

പൊങ്കല്‍, ദീപാവലി ആഘോഷങ്ങള്‍ യെലഗിരിയെ കൂടുതല്‍ സുന്ദരമാക്കും. പൊങ്കല്‍ ജനുവരിയിലും ദീപാവലി ഒക്ടോബറിലുമാണ്‌ ആഘോഷിക്കപ്പെടുന്നത്‌. യെലഗിരിയെ സംബന്ധിച്ച്‌ ഈ രണ്ട്‌ ആഘോഷങ്ങളും വളരെ പ്രധാനമാണ്‌. മെയ്‌ മാസത്തില്‍ നടക്കുന്ന വേനല്‍ക്കാല ഉത്സവമായ കൊടൈ വിഴയില്‍ പങ്കെടുക്കാനും ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്‌. മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ്‌ കൊടൈ വിഴാ.

യേലഗിരിയില്‍ എത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. ബാംഗ്‌ളൂര്‍ വിമാനത്താവളമാണ്‌ യെലഗിരിക്ക്‌ ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്‌. ഇവിടെ നിന്ന്‌ യേലഗിരിയിലേക്ക്‌ ടാക്‌സികള്‍ ലഭ്യമാണ്‌. അടുത്തുള്ള മറ്റൊരു എയര്‍പോര്‍ട്ടാണ്‌ ചെന്നൈ വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍ ജെലര്‍പെട്ടി ജംഗ്‌ഷനാണ്‌. ഇവിടെ നിന്ന്‌ യേലഗിരിയിലേക്ക്‌ ബസുകളും ടാക്‌സികളും ലഭിക്കും.

തമിഴ്‌നാട്ടിലെ പൊന്നേരിയില്‍ നിന്ന്‌ യെലഗിരിയിലേക്ക്‌ റോഡ്‌ മാര്‍ഗ്ഗം പോകാന്‍ കഴിയും. ചെന്നൈ, സേലം, ഹൊസൂര്‍, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ യെലഗിരിയിലേക്ക്‌ എപ്പോഴും ബസ്‌ സര്‍വ്വീസുകളുണ്ട്‌. പക്ഷെ ദീര്‍ഘനേരം ബസ്സില്‍ ഇരിക്കേണ്ടി വരും. അതുകൊണ്ട്‌ തന്നെ ട്രെയിനിലേ കാറിലോ ഉള്ള യാത്രയായിരിക്കും കൂടുതല്‍ സൗകര്യപ്രദം. എല്ലായിടത്തും സൂചനാ ബോര്‍ഡുകള്‍ ഉള്ളതിനാല്‍ കാര്‍ യാത്രയില്‍ വഴി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. യെലഗിരിയിലേക്കുള്ള റോഡും വളരെ നല്ലതാണ്‌. പോകുന്നവഴിയില്‍ ധാരാളം പെട്രോള്‍ പമ്പുകളുമുണ്ട്‌. എന്നാല്‍ യെലഗിരിയില്‍ പെട്രോള്‍ പമ്പുകള്‍ ഇല്ല. അതിനാല്‍ ആവശ്യത്തിന്‌ ഇന്ധനം കരുതിയിരിക്കുക.

യേലഗിരിയില്‍ നിന്ന്‌ മടങ്ങുമ്പോള്‍ ചക്കയും തേനും വാങ്ങാന്‍ മറക്കരുത്‌. തമിഴ്‌നാട്ടില്‍ തന്നെ ഏറ്റവും മികച്ച തേന്‍ ലഭിക്കുന്നത്‌ യേലഗിരിയിലാണ്‌. കൃഷി ചെയ്‌ത്‌ ഉത്‌പാദിപ്പിക്കുന്ന തേനും കാട്ടുതേനും ഇവിടെ ലഭിക്കും. പ്രകൃതിയിലെ മടത്തട്ടില്‍ അല്‍പ്പസമയം ചെലവഴിക്കണം എന്നുള്ളവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായിരിക്കും യെലഗിരിയെന്ന്‌ നിസ്സംശയം പറയാം.

Please Wait while comments are loading...