തഞ്ചാവൂര്‍ - സംഗീത സാന്ദ്രമായ നഗരം

കലയുടെയും സംസ്‌കാരത്തിന്റെയും സമ്മേളന നഗരിയാണ്‌ തഞ്ചാവൂര്‍. സംഗീതത്തിന്റെയും പട്ടിന്റെയും നാടായ തഞ്ചാവൂരിന്‌ വളരെ ബൃഹത്തായ പാരമ്പര്യമാണുള്ളത്‌. ചോള രാജാക്കന്‍മാരുടെ കാലത്താണ്‌ തഞ്ചാവൂരിന്റെ പ്രാധാന്യം ഉയരുന്നത്‌. ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തഞ്ചാവൂര്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറി തഞ്ചാവൂര്‍.

വര്‍ഷന്തോറും ആയിരക്കണക്കിന്‌ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ആണ്‌ തഞ്ചാവൂരിലേക്ക്‌ എത്തുന്നത്‌. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്നവരെ ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഇപ്പോഴും നിലനില്‍ക്കാന്‍ തഞ്ചാവൂരിന്‌ കഴിയുന്നുണ്ട്‌.

2009 ല്‍ തഞ്ചാവൂരില്‍ 2,00,225 ഇന്ത്യന്‍ വിനോദ സഞ്ചാരികളും 81,435 വിദേശ വിനോദ സഞ്ചാരികളും എത്തിയതായാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. നിലവിലെ തഞ്ചാവൂര്‍, ആറ്‌ ഉപ ജില്ലകള്‍ ചേര്‍ന്നുണ്ടായ തഞ്ചാവൂര്‍ ജില്ലയിലെ ഒരു മുന്‍സിപാലിറ്റിയാണ്‌.

തഞ്ചാവൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

തഞ്ചാവൂര്‍ നഗരത്തിന്റെ ലാന്‍ഡ്‌ മാര്‍ക്ക്‌ എന്ന്‌ പറയുന്നത്‌ ബൃഹദേശ്വര്‍ ക്ഷേത്രമാണ്‌. മധ്യകാല ചോള രാജാവായ രാജരാജ ചോള ഒന്നാമന്‍ പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രം. 1987 ല്‍ യുനെസ്‌കോ ഈ ക്ഷേത്രത്തെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരുന്നു. ബൃഹദേശ്വര ക്ഷേത്രത്തില്‍ ശിവനെയാണ്‌ ആരാധിക്കുന്നത്‌.

തഞ്ചാവൂര്‍ മറാത്ത പാലസാണ്‌ ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തഞ്ചാവൂര്‍ നായക്‌ രാജഭരണകാലത്ത്‌ പണികഴിപ്പിച്ച ഈ കൊട്ടാരം എഡി 1674 മുതല്‍ എഡി 1855 വരെ ഭരണം നടത്തിയിരുന്ന ഭോണ്‍സലെ കുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു. 1799 ല്‍ തഞ്ചാവൂര്‍ മാറാത്ത രാജ്യങ്ങളെല്ലാം ബ്രിട്ടീഷ്‌ രാജില്‍ കൂട്ടിചേര്‍ക്കുന്നത്‌ വരെ പാലസിന്റെയും ചുറ്റുമുള്ള കോട്ടയുടെയും അവകാശം മറാഠികള്‍ക്കായിരുന്നു.

കൊട്ടാരത്തിന്‌ സമീപത്തായാണ്‌ സരസ്വതി മഹല്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്‌. പേപ്പറിലും പനയോലയിലും എഴുതിയിട്ടുള്ള മുപ്പതിനായിരത്തിലേറെ ഇന്ത്യന്‍ യൂറോപ്യന്‍ കൈയെഴുത്ത്‌ ലിഖിതങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌. പാലസിനുള്ളിലായി രാജ രാജ ചോള ആര്‍ട്‌ ഗ്യാലറിയും ഉണ്ട്‌. ഒമ്പതാം നൂറ്റാണ്ട്‌ മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട്‌ വരെയുള്ള കാലയളവിലെ കല്ലിലും ചെമ്പിലും  തീര്‍ത്ത ശില്‍പങ്ങളുടെ ശേഖരം ഇവിടെയുണ്ട്‌.

കൊട്ടാര ഉദ്യാനത്തിന്‌ സമീപത്തായുള്ള ഷ്വാര്‍ട്‌സ്‌ ചര്‍ച്ചാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. എഡി 1779 ല്‍ സെര്‍ജോയി രണ്ടാമന്‍ ഡാനിഷ്‌ മിഷനറിയായ റെവറന്റ്‌ സി വി ഷ്വാര്‍ട്‌സിനോളുള്ള ബഹുമാന സൂചകമായി നിര്‍മ്മിച്ചതാണ്‌ ഈ പള്ളി.

തഞ്ചാവൂരിന്റെ ചരിത്രം

തഞ്ചാവൂര്‍ എന്ന പേര്‌ ഈ സ്ഥലത്തിന്‌ ലഭിച്ചത്‌ സംബന്ധിച്ച്‌ നിരവധി കഥകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌. തഞ്ചന്‍ എന്ന വാക്കില്‍ നിന്നും ഒരു കൂട്ടം പണ്ഡിതര്‍ രൂപം കൊണ്ടതില്‍ നിന്നുമാണ്‌ തഞ്ചാവൂര്‍ എന്ന പേര്‌ ലഭിച്ചതെന്നാണ്‌ ഒരു വിശ്വാസം. ഹിന്ദു പുരാണാത്തിലെ ഒരു അസുരനാണ്‌ തഞ്ചന്‍. ഭഗവാന്‍ മഹാവിഷ്‌ണു ഈ അസുരനെ വധിച്ച സ്ഥലത്ത്‌ നിന്നാണ്‌ ഈ നഗരം ഉണ്ടയെതന്നാണ്‌ മറ്റൊരു വിശ്വാസം. അസുരന്റെ അവസാന ആഗ്രഹമെന്ന നിലയില്‍ നഗരത്തിന്‌ അസുരന്റെ പേര്‌ നല്‍കുകയായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌.

നദികളാലും വയലുകളാലും ചുറ്റപ്പെട്ട സ്ഥലം എന്നര്‍ത്ഥം വരുന്ന താന്‍-സേയ്‌ ഊര്‌ എന്ന വാക്കില്‍ നിന്നുമാണ്‌ നഗരത്തിന്‌ ഈ പേര്‌

ലഭിച്ചതെന്നും പറയപ്പെടുന്നുണ്ട്‌. തഞ്ചം എന്നവാക്കിന്‌ അഭയം തേടുക എന്നും അര്‍ത്ഥമുണ്ട്‌; ചോള രാജാവിയിരുന്ന ചോള രാജ കരികാലന്‍ അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്ന പൂമ്പര്‍ കടലാക്രമണത്താല്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ തലസ്ഥാനം തഞ്ചാവൂരിലേയ്‌ക്ക്‌ മാറ്റാന്‍ നിര്‍ബന്ധിതനായിരുന്നു.

ഉത്സവങ്ങളും കലയും

പ്രശസ്‌ത സംഗീതോത്സവമായ ത്യാഗരാജ ആരാധന എല്ലാവര്‍ഷവും നടത്തുന്നത്‌ തഞ്ചാവൂരാണ്‌. ജനുവരി ഫെബ്രുവരി മാസങ്ങളിലായാണ്‌ സംഗീതോത്സവം നടത്തുന്നത്‌. തഞ്ചാവൂരിലെ മറ്റൊരു പ്രധാനാഘോഷം പൊങ്കല്‍ ആണ്‌. ജനുവരി 14 മുതല്‍ 16 വരെയാണ്‌ പൊങ്കലാഘോഷങ്ങള്‍ നടക്കുന്നത്‌. ഓഗസ്ത്, സെപ്തംബര്‍ മാസങ്ങളിലായുള്ള അണ്ണൈ വേളാങ്കണ്ണി ഉത്സവവും രാജരാജ ചോളയുടെ ജന്മദിനാഘോഷാത്തിന്റെ ഭാഗമായുള്ള ഒക്‌ടോബറിലെ സത്യ തിരുവിഴ ഉത്സവവും ആണ്‌ മറ്റ്‌ രണ്ട്‌ പ്രധാന ആഘോഷങ്ങള്‍.

കലാസ്വാദകരെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നത്‌ തഞ്ചാവൂര്‍ പെയ്‌ന്റിങ്ങുകളാണ്‌. തഞ്ചാവൂരില്‍ നിന്നും രൂപം കൊണ്ടിട്ടുള്ള പ്രശസ്‌തമായ ദക്ഷിണേന്ത്യന്‍ ക്ലാസ്സിക്‌ ചിത്രകല രൂപമാണിത്‌. പട്ട്‌ നെയ്‌ത്തിന്റെ കേന്ദ്രം എന്ന നിലയിലും തഞ്ചാവൂര്‍ പ്രശ്‌സ്‌തമാണ്‌. വാദ്യോപകരണ നിര്‍മാണമാണ്‌ തഞ്ചാവൂരിന്റെ മറ്റൊരു പ്രത്യേകത. തഞ്ചാവൂരില്‍ നെയ്‌തെടുക്കുന്ന പട്ടു സാരികള്‍ അവയുടെ മേന്‍മ കൊണ്ടും പൂര്‍ണത കൊണ്ടും രാജ്യമെമ്പാടും പ്രശ്‌സതി നേടിയവയാണ്‌.

Please Wait while comments are loading...