ദില്ലിയിലെ വ്യത്യസ്തമായ ഒരു ചരിത്രസ്മാരകമാണ് അഗ്രസേന്‍ കി ബവോലി. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈവശമാണ് ഈ കെട്ടിടമുള്ളത്. കോണാട്ട് പ്ലേസിനോടടുത്തുകിടക്കുന്ന ഹെയ്‌ലി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 15 മീറ്റര്‍ വിസ്തൃതിയും 60 മീറ്റര്‍ നീളവുമുള്ള മനോഹരമായ ഒരു കിണറാണിത്(സ്‌റ്റെപ്പ് വെല്‍). യഥാര്‍ത്ഥത്തില്‍ ആരാണ് ഇത് പണികഴിപ്പിച്ചതെന്നകാര്യം ഇന്നും ആര്‍ക്കും അറിയില്ല.
മഹാഭാരതകഥ നടന്ന കാലഘട്ടത്തിലെ രാജാവായിരുന്ന അഗ്രസേനനാണ് ഈ കിണര്‍ പണികഴിപ്പിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ പതിനാലാം നൂറ്റാണ്ടില്‍ അഗര്‍വാള്‍ വിഭാഗക്കാര്‍ പണിതതാണിതെന്നും ചിലര്‍ പറയുന്നുണ്ട്. കിണറിന്റെ അടിഭാഗത്തേയ്ക്ക് ഇറങ്ങിച്ചെല്ലാനായി 103 പടികളുണ്ട്. പൊതുവേ ഇത്തരം കിണറുകള്‍ വൃത്താകൃതിയിലാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇത് വ്യത്യസ്തമായ ആകൃതിയിലാണ് പണിതിരിക്കുന്നത്. ഉയര്‍ത്തിക്കെട്ടിയ തറയും മേല്‍ക്കൂരയുമെല്ലാം ഇതിന്റെ മാത്രം പ്രത്യേകതകളാണ്. തൊട്ടടുത്തുതന്നെ വലിയൊരു വേപ്പുമരവുമുണ്ട്. ഇപ്പോള്‍ ഈ കിണറില്‍ വെള്ളമില്ല, കടവാവലുകളുടെയും പ്രാവുകളുടെയും കൂടാരമാണിപ്പോഴീ കിണര്‍.



Click it and Unblock the Notifications