ദില്ലിയിലെ പലം എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ മിലിട്ടറി ഏവിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കന്നത്. രാജ്യത്തിന് വേണ്ടി പൊരുതിയ വ്യോമസേനാ ഉദ്യോഗസ്ഥന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. അകത്തും പുറത്തുമായിട്ടാണ് പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കിയിരിക്കുന്നത്.
ഇന്‍ഡോര്‍ ഡിസ്‌പ്ലേ ഗാലറി- ഇന്ത്യന്‍ വ്യോമസേനയുടെ ആയുധങ്ങള്‍, യൂണിഫോമുകള്‍, ഫോട്ടോകള്‍ തുടങ്ങിയകാര്യങ്ങളാണ് കെട്ടിടത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 1932ല്‍ ഐഎഎഫ് തുടങ്ങിയകാലം മുതലുള്ളവസ്തുക്കളാണ് ഇവയെല്ലാം. 1971ലെ ഇന്തോ-പാക് യുദ്ധവുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പ്രദര്‍ശനവസ്തുക്കള്‍ ഏറെ ശ്രദ്ധേയമായതാണ്. തോക്കുകളുള്‍പ്പെടെ സേന ഉപയോഗിച്ചിരുന്ന പതിനഞ്ച് തരത്തിലുള്ള ആയുധങ്ങള്‍ എന്നിവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
റഡാര്‍ ഉപകരണങ്ങള്‍, പിടിച്ചെടുത്ത സൈനിക വാഹനങ്ങള്‍, വാര്‍ ട്രോഫികള്‍ തുടങ്ങിയവയെല്ലാമാണ് പുറത്തെ പ്രദര്‍ശനവേദിയിലുള്ളത്. പരംവീര്‍ ചക്ര ജേതാവായ ഫ്‌ളൈയിങ് ഓഫീസര്‍ നിര്‍മല്‍ജിത്ത് സിങ് സിഖോണിന്റെ പ്രതിമയും ഇവിടെയുണ്ട്. വിവിധ രൂപത്തിലുള്ള ടാങ്കുകള്‍, റൈഫിളുകള്‍, പിസ്റ്റള്‍, തുടങ്ങിയവയും ഇവിടെ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഞായറാഴ്ചവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മണി മുതല്‍ വൈകീട്ട് 5വരെയാണ് മ്യൂസിയത്തിലെ പ്രദര്‍ശനസമയം.



Click it and Unblock the Notifications