ഗുഹാഘറിലെ അഞ്ജന്‍വേല്‍ വില്ലേജിലാണ് പ്രശസ്തമായ ഗോപാല്ഗട്ട് മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. മനോഹരമായ ചുറ്റുപാടുകള്‍ക്ക് പേരുകേട്ട ഈ സ്ഥലം പ്രകൃതിസ്നേഹികളായ സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ്. ഗോപാല്ഘട്ട് കുന്നിന് മുകളിലാണ് അഞ്ജന്‍വേല്‍ കോട്ട സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ബിജാപൂര്‍ ഭരണാധികാരികളാണ് ഈ പുരാതനമായ കോട്ട നിര്‍മിച്ചത്. എന്നാല്‍ പിന്നീട് 1660 ല്‍ ഛത്രപതി ശിവജി ഈ കോട്ട പിടിച്ചെടുത്തു. ശിവജിക്ക് ശേഷം 1680 ല്‍ സിദ്ധി ഖൈരത് ഖാന് ഈ കോട്ട പിടിച്ചു. തുടര്‍ന്ന് തുജോളി ആഗ്രെ 1774ല്‍ ഈ കോട്ട സ്വന്തമാക്കി. 1818 ല്‍ മറാത്ത രാജവംശത്തിന്റെ തകര്‍ച്ചയോടെ സ്വാഭാവികമായും ഗോപാല്ഘട്ട് കോട്ട ബ്രിട്ടീഷുകാരുടെ കയ്യിലായി. 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടുന്നതുവരെയും അതങ്ങനെ തന്നെ തുടരുകയും ചെയ്തു. രണ്ട് യൂണിറ്റുകളായി തിരിച്ചിരിക്കുന്ന ഈ ഭീമന് കോട്ട ഏകദേശം ഏഴേക്കേര് ചുറ്റളവിലായി പരന്നു കിടക്കുന്നു. താഴേ ഭാഗം പട്കോട്ട് എന്നും മുകള്‍ ഭാഗം ബാലെക്കോട്ട് എന്നും അറിയപ്പെടുന്നു.
ശത്രുക്കളെ അകത്തുകടക്കാന്‍ അനുവദിക്കാത്ത വിധം ശക്തമാണ് കോട്ടയുടെ ചുമരുകള്‍ പണി തീര്‍ത്തിരിക്കുന്നത്. കുന്നിന് മുകളിലിലുള്ള ഈ കോട്ട നിരവധി ട്രക്കിംഗ് അവസരങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നു. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാസ്വദിക്കാനായി സാഹസികരായ നിരവധി ട്രക്കിംഗ് പ്രേമികള്‍ ഇവിടെ എത്തിച്ചേരുന്നു.