കന്ധമാലില്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ പ്രഥമസ്ഥാനം ‘ഒറീസയിലെ കശ്മീര്‍’ എന്നറിയപ്പെടുന്ന ദരിങ്ബാഡിയ്ക്കാണ്. ഇവിടത്തെ പ്രവിശാലമായ പൈന്‍ വൃക്ഷനിരകളും കാപ്പിത്തോട്ടങ്ങളും ശാദ്വല താഴ്വരകളും തന്നെയാണ് ഈ പേരിന് ദരിങ്ബാഡിയെ അര്‍ഹമാക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം നിലകൊള്ളുന്നത്. അന്തരീക്ഷ താപനില വളരെ കുറവായതിനാല്‍ വേനല്‍കാലത്ത് തങ്ങാന്‍ അനുയോജ്യമായ സ്ഥലമായി ഇതിനെ ആളുകള്‍ കാണുന്നു. ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രി സെത്ഷ്യസിനും താഴെ ആയതിനാല്‍ ഈ പ്രദേശം മഞ്ഞുമൂടിക്കിടക്കാറാണ് പതിവ്. സമൃദ്ധമായി വന്യജീവികളുള്ള ഇടതൂര്‍ന്ന വനങ്ങളാല്‍ ധന്യമാണ് ദരിങ്ബാഡി.
അസംഖ്യം വെള്ളച്ചാട്ടങ്ങള്‍ ഈ മേഖലയിലുണ്ട്. അവയില്‍ പലതും ഇന്നും ആളുകള്‍ക്ക് അപ്രാപ്യമാണ്. താഴ്വാരത്തിന്റെ ഹരിതഭംഗി കണ്ടാസ്വദിക്കാന്‍ കുന്നിന്മുകളില്‍ ഒരു നിരീക്ഷണ കേന്ദ്രം പണിത് വെച്ചിട്ടുണ്ട്. കുന്നിന് കുറുകെ ഒഴുകുന്ന ദൊലുരി നദി ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് മിഴിവേറ്റുന്നു. സഞ്ചാരികള്‍ക്ക് സുഖകരമായ താമസത്തിന് ഇണങ്ങുന്ന വിധത്തില്‍ കാടിനകത്ത് ഒരു ഗസ്റ്റ് ഹൌസും പണിതൊരുക്കിയിട്ടുണ്ട്. നിസ്സീമമായ പ്രകൃതിസൌന്ദര്യവും സമൃദ്ധമായ വന്യജീവിതവും കണ്ടാസ്വദിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം സഞ്ചാരികള്‍ ഈ സ്ഥലം തിരഞ്ഞെടുക്കാറുണ്ട്.



Click it and Unblock the Notifications