തമിഴ്നാട് സംസ്ഥാനത്തിലെ ശിവഗംഗ ജില്ലയിലാണ് ഈ ക്ഷേത്രം. കാരക്കുടി, പുതുക്കോട്ട പട്ടണങ്ങള്‍ക്ക് നടുവില്‍ പിള്ളയാര്‍ പാട്ടി എന്ന പ്രദേശത്താണ് ഏറ്റവും പ്രാചീന ഗുഹാക്ഷേത്രങ്ങളിലൊന്നായ ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഏ.ഡി. 1091 നും 1238
ഏ.ഡി. ക്കും ഇടയിലാവാം ഈ ക്ഷേത്രം പണിതതെന്ന് ക്ഷേത്രച്ചുമരുകളിലെ ശാസനങ്ങളില്‍ നിന്ന് വായിച്ചെടുക്കാം.
അനേകം ദേവ, ദേവതമാരുടെ പ്രതിരൂപങ്ങള്‍ പാറകളില്‍ കൊത്തിയുണ്ടാക്കിയത് ഇവിടെ കാണാം. എന്നിരുന്നാലും മുഖ്യമൂര്‍ത്തി കര്‍പ്പഗ വിനായഗര്‍ അഥവാ ശ്രീ ഗണേശനാണ്. ആറടി ഉയരത്തിലുള്ള ഗണേശവിഗ്രഹം ഒരു ചെറിയ കുന്നിന്മേടില്‍ കൊത്തിയുണ്ടാക്കിയതാണ്. വലത് വശത്തേക്ക് തുമ്പിക്കൈ ചരിച്ച് പിടിച്ചാണ് ഈ അതുല്യ വിഗ്രഹത്തിന്റെ ഘടന. പാണ്ഡ്യരാജാക്കന്മാരാണ് ലോകപ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം പണിതത്.
ഏറെ ആവേശത്തോടെയും ഭക്ത്യാദരവോടെയും കൊണ്ടാടുന്ന ഇവിടത്തെ വിനായക ചതുര്‍ത്ഥി അഥവാ ഗണേശ ചതുര്‍ത്ഥിക്ക് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ നാടിന്റെ നാനാഭാഗത്ത് നിന്ന് ഇവിടേക്ക് ഒഴുകുന്നു. പത്ത് നാള്‍ നീണ്ടുനില്ക്കുന്ന ഈ മഹോത്സവത്തില്‍ ആത്മീയവിശുദ്ധിയോടെ അവര്‍ ഭാഗഭാക്കാവുകയും ചെയ്യുന്നു. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ തന്നെയാണ് ഇവിടത്തെ മറ്റൊരാഘോഷമായ കാര്‍ ഉത്സവവും കൊണ്ടാടുന്നത്.



Click it and Unblock the Notifications