തുറമുഖ നഗരമായ തൂത്തുക്കുടി

തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖ നഗരമാണ് തൂത്തുക്കുടി. പേള്‍ ടൗണ്‍ എന്ന പേരിലും തൂത്തുക്കുടി അറിയപ്പെടുന്നുണ്ട്. മത്സ്യബന്ധനത്തിനും കപ്പല്‍ നിര്‍മ്മാണത്തിനും പേരുകേട്ട സ്ഥലമാണിത്. തൂത്തുക്കുടിയുടെ വടക്കു് പടിഞ്ഞാറ് ഭാഗങ്ങളില്‍ തിരുനെല്‍വേലി ജില്ലയും കിഴക്കുഭാഗത്ത് രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളും സ്ഥിതിചെയ്യുന്നു. ചെന്നൈയില്‍ നിന്നും 600 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. കേരളത്തിന്റെ തലസ്ഥാനഗരമായ തിരുവനന്തപുരത്തിന് വളരെ അടുത്താണ് തൂത്തുക്കുടി സ്ഥിതിചെയ്യുന്നത്, വെറും 190 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അനന്തപുരിയില്‍ നിന്നും തൂത്തുക്കുടിയിലെത്താം.

തൂത്തുക്കുടിയില്‍ കാണാനുള്ളത്

കടലും കടല്‍ത്തീരവും ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് തൂത്തുക്കുടി. ഇവിടുത്തെ തുറമുഖം വളരെ ആകര്‍ഷണീയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. പാര്‍ക്കുകള്‍ ഏറെയുള്ള നഗരംകൂടിയാണിത്. ഹാര്‍ബര്‍ പാര്‍ക്ക്, രാജാജി പാര്‍ക്ക്, റോച്ചെ പാര്‍ക്ക് എന്നിവയാണ് പ്രധാനപ്പെട്ട പാര്‍ക്കുകള്‍. സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള പ്രശസ്തമായ തിരുച്ചെന്തൂര്‍ ക്ഷേത്രം തൂത്തുക്കുടിയിലാണ് സ്ഥിതിചെയ്യുനനത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ട്, മണപ്പാട് കുളുഗുമലൈ, ഒറ്റപിടാരം ഏട്ടയപരും, കോര്‍കൈ ആതിച്ചനല്ലൂര്‍, വാഞ്ചി മണിയാച്ചി, പാഞ്ചാലംകുറിച്ച് നവ തിരുപ്പതി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

പാറവെട്ടിയുണ്ടാക്കിയ കളുഗുമലൈയിലെ ജൈന ക്ഷേത്രം, കോര്‍കൈ ടാങ്ക്, വെട്രിവേലമ്മന്‍ ക്ഷേത്രം എന്നിവയെല്ലാം ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളാണ്. കട്ടബൊമ്മന്‍ സ്മാരക കോട്ട ഇവിടുത്തെ ചരിത്രപ്രധാനമായൊരു കേന്ദ്രമാണ്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മന്റെ പേരിലാണ് ഈ കോട്ട അറിയപ്പെടുന്നത്.

തൂത്തുക്കുടി ചരിത്രത്തിലേയ്ക്കുള്ള വാതില്‍

പഴയകാലത്ത് തിരു മന്ദിര്‍ നഗര്‍ എന്നാണത്രേ തൂത്തുക്കുടി അറിയപ്പെട്ടിരുന്നത്. സീതാദേവിയെ അന്വേഷിച്ച് ലങ്കയിലേയ്ക്ക് യാത്രയായ ഹനുമാന്‍ തൂത്തുക്കുടിയില്‍ വിശ്രമിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ദൂതന്‍ എന്നര്‍ത്ഥം വരുന്ന തൂതന്‍ എന്ന വാക്കില്‍ നിന്നാണ് തൂത്തുക്കുടിയെന്ന സ്ഥലനാമമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ശ്രീരാമന്റെ ദൂതനായിട്ടാണല്ലോ ഹനുമാന്‍ ലങ്കയിലേയ്ക്ക് പോയത്. സമുദ്രത്തില്‍ നിന്നും ഉണ്ടായ സ്ഥലം എന്നര്‍ത്ഥം വരുന്ന തൂര്‍ത്തു എന്ന വാക്കില്‍ നിന്നാണ് തൂത്തുക്കുടിയെന്ന വാക്കുണ്ടായതെന്നും പറയപ്പെടുന്നുണ്ട്. കുടി എന്നാല്‍ താമസസ്ഥലം എന്നാണ് അര്‍ത്ഥം. പാണ്ഡ്യഭരണകാലത്തും മറ്റും പ്രധാനപ്പെട്ട തുറമുഖമായിരുന്നു തൂത്തുക്കുടിയിലേത്.

1548ല്‍  പാണ്ഡ്യരാജാവില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ തൂത്തുക്കുടി കൈക്കലാക്കി. പിന്നീട് 1658ല്‍ ഡച്ചുകാരും അതുകഴിഞ്ഞ് 1825ല്‍ ബ്രിട്ടീഷുകാരും തൂത്തുക്കുടിയെ സ്വന്തം അധികാരപരിധിയ്ക്കുള്ളിലാക്കി. 1866ലാണ് തൂത്തുക്കുടി മുനിസിപ്പാലിറ്റി രൂപീകരിച്ചത്, റോച്ചെ വിക്ടോറിയയെ ഈസ്റ്റ് ഇന്ത്യാ കമ്പനി മുനിസിപ്പാലിറ്റി ചെയര്‍മാനാക്കി അവരോധിയ്ക്കുകയും ചെയ്തു. 2008ലാണ് തൂത്തുക്കുടി കോര്‍പ്പറേഷനായി മാറിയത്.

തൂത്തുക്കുടിയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍ തമഴ്‌നാട്ടിലെ എല്ലാഭാഗത്തുനിന്നും ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ നിന്നുമെല്ലാം സുഖകരമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് തൂത്തുക്കുടി. ചെന്നൈയില്‍ നിന്നും തൂത്തുക്കുടിയിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്. തെക്കേ ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്ന വിധത്തില്‍ തൂത്തുക്കുടിയിലൂടെ തീവണ്ടി ഗതാഗതവുമുണ്ട്. തമിഴ്‌നാട്ടിലെ മറ്റ് നഗരങ്ങളില്‍ നിന്നും ഇങ്ങോട്ട് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്.

ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. തീരദേശമായതിനാല്‍ത്തന്നെ വേനല്‍ കടുത്തതാണ്. വേനല്‍ക്കാലത്ത് തൂത്തുക്കുടി യാത്ര അത്ര സുഖകരമാകില്ല. മഴക്കാലമാണെങ്കില്‍ അത്യാവശ്യം നല്ല മഴയും ഇവിടെ അനുഭവപ്പെടാറുണ്ട്. പക്ഷേ തീരദേശമായ തൂത്തുക്കുടിയിലെ മണ്‍സൂണ്‍ ആസ്വാദ്യമാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശീതകാലമാണ് തൂത്തുക്കുടി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഇക്കാലത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.

Please Wait while comments are loading...