മധുര എന്ന പുണ്യഭൂമി

ഹോം » സ്ഥലങ്ങൾ » മധുര » ഓവര്‍വ്യൂ

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര. വൈഗാനദിയുടെ  കരയിലായാണ് ഈ പുണ്യനഗരം സ്ഥിതിചെയ്യുന്നത്. മധുരം എന്ന വാക്കില്‍ നിന്നാണ് മധുര അഥവാ മധുരൈ എന്ന പേര്‌ ഉണ്ടായതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. ശിവന്റെ പ്രിയപ്പെട്ട നഗരമായാണ് മധുരയെ കണക്കാക്കുന്നത്. വടക്ക് വശത്ത് സിരുമലൈ കുന്നുകളും തെക്ക് വശത്ത് നാഗമലൈ കുന്നുകളും മധുരയ്ക്ക് അതിര്‍ത്തികളാണ്.

കിഴക്കിന്റെ ഏഥന്‍സ്, ഉത്സവങ്ങളുടെ നഗരം, നാല് ജംഗ്ഷനുകളുടെ നഗരം, ഉറക്കമില്ലാത്ത നഗരം എന്നിങ്ങനെ വിവിധ പേരുകളിലും വിശേഷണങ്ങളിലും മധുര അറിയപ്പെടുന്നു. താമരയുടെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഈ നഗരത്തിന് ലോട്ടസ് സിറ്റി എന്ന പേരുമുണ്ട്. 24 മണിക്കൂറും സജീവമായ തെരുവുകളാണ് മധുരയ്ക്ക് ഉറക്കമില്ലാത്ത നഗരം എന്ന പേര് നേടിക്കൊടുത്തത്.

മധുരയിലെ  ആകര്‍ഷണങ്ങള്‍

വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ആളുകള്‍ പാര്‍ക്കുന്ന സ്ഥലമാണ് മധുര. അതുകൊണ്ടുതന്നെ വിവിധ സംസ്‌കാരങ്ങളും ജീവിതരീതികളും ഇവിടെ കാണാം. ഈ വ്യത്യസ്ത മതക്കാരാണ് മധുരയെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാക്കി നിലനിര്‍ത്തുന്നത്. മീനാക്ഷി - സുന്ദരേശ്വര്‍ ക്ഷേത്രം, ഗോരിപാളയം ദര്‍ഗ, സെന്റ് മേരീസ് കത്തീഡ്രല്‍ തുടങ്ങിയവ  ഇവിടത്തെ പ്രമുഖ ആരാധനായലങ്ങളാണ്.

ഗാന്ധി മ്യൂസിയം, കൂടല്‍ അഴഗര്‍ ക്ഷേത്രം, കഴിമാര്‍ പള്ളി, തിരുമലൈ നായകര്‍ കൊട്ടാരം, വണ്ടിയാല്‍ മാരിയമ്മന്‍ തെപ്പാക്കുളം, പഴംമുടിര്‍ചോലൈ, അലഗാര്‍ കോവില്‍, വൈഗൈ ഡാം, അതിശയം തീം പാര്‍ക്ക് തുടങ്ങിയവയാണ് മധുരയില്‍ കണ്ടിരിക്കേണ്ട ചില കാഴ്ചകള്‍.

ചിത്തിരൈ ഉത്സവമാണ് മധുരയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്ന്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇത്. മീനാക്ഷി ക്ഷേത്രത്തില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുക്കാനെത്തുന്നു. വിഷ്ണുവിന്റെ അവതാരമായ കല്ലഴകനെ ക്ഷേത്രത്തിലെത്തിക്കുന്നതോടെയാണ് ഉത്സവത്തിന് അവസാനം കുറിക്കുന്നത്.

തെപ്പോര്‍ച്ചവം ഉത്സവമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആഘോഷം. ജനുവരി - ഫെബ്രുവരി കാലത്തെ ഈ ഉത്സവത്തില്‍ നിരവധി ആളുകള്‍ പങ്കെടുക്കുന്നു. മറ്റൊരു പ്രധാന ഉത്സവമായ ആവണിമൂലം സെപ്റ്റംബര്‍ മാസത്തിലാണ്.

പൊങ്കലാണ് മധുരയില്‍ കണ്ടിരിക്കേണ്ട മറ്റൊരു ആഘോഷം. ഇക്കാലത്താണ് ഇവിടെ ജല്ലിക്കെട്ട് നടക്കുന്നത്. സില്‍ക്ക് സാരിയും ഖാദി തുണികളും വാങ്ങാതെ മധുര സന്ദര്‍ശനം പൂര്‍ത്തിയാകില്ല എന്നൊരു വിശ്വാസം തന്നെയുണ്ട്.

മധുരയുടെ ചരിത്രം

തമിഴ് സംഘകാലം മുതലുള്ള ചരിത്രം പറയാനുണ്ട് മധുരയ്ക്ക്. ബി സി 1780 മുതല്‍ മധുര ചരിത്രത്തിലുണ്ട്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും മഗസ്തനീസിന്റെ കൃതികളിലും മധുരയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ആറാം നൂറ്റാണ്ടില്‍ കലഭ്രാസാണ് മധുര ഭരിച്ചിരുന്നത്. ഇവര്‍ക്കുശേഷം പാണ്ഡ്യന്മാര്‍, ചോളന്മാര്‍, മധുരസുല്‍ത്താന്‍, മധുര നായകര്‍, ചന്ദ സാഹിബ്, വിജയനഗര രാജാക്കന്മാര്‍ എന്നിങ്ങനെ ബ്രിട്ടീഷുകാര്‍ വരെ മധുര ഭരിച്ചിരുന്നു. 1801 ല്‍ മധുര ബ്രിട്ടീഷുകാരുടെ കൈകളിലെത്തി. പിന്നീട് ഇത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി മാറി.

സ്വാതന്ത്രസമരക്കാലത്ത് പല പ്രമുഖ നേതാക്കളും മധുരയില്‍ നിന്നും ഉയര്‍ന്നുവന്നു. എന്‍എംആര്‍ സുബ്രഹ്മണ്യന്‍, മീര്‍ ഇബ്രാഹിം, മുഹമ്മദ് ഇസ്മയില്‍ തുടങ്ങിയ നേതാക്കളുടെ നാടായിരുന്നു മധുര. മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ട നാടാണ് മധുര. ഇവിടെ വെച്ചാണത്രേ   അദ്ദേഹം മേല്‍മുണ്ട ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്.

മധുരയിലെത്താന്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ മധുരയിലെത്താം. മധുര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി, ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാന സര്‍വ്വീസുണ്ട്. ചെന്നൈയാണ് അടുത്ത അന്താരാഷ്ട്ര വിമാനത്താവളം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈ, കൊല്‍ക്കത്ത, മൈസൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ട്രെയിന്‍ കിട്ടും. പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ബസ് സര്‍വ്വീസുമുണ്ട്.

കാലാവസ്ഥ

പൊതുവേ ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയാണ് മധുരയില്‍. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് മധുര സന്ദര്‍ശനത്തിന് അനുയോജ്യം. ക്ഷേത്രങ്ങള്‍ കാണാനും പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കാനും ഇക്കാലം മികച്ചതാണ്.

English Summary: Madurai is the second largest city of the South Indian, Tamil Nadu. The temple city is situated on the banks of the River Vaigai and has been one of the oldest cites to be inhabited. On the north of the city lies the Sirumalai hills and on the south lies the Nagamalai hills. Madurai gets its name from the word ‘Madhura’ meaning sweetness which arises from the divine nectar that Lord Shiva is said to have showered upon the city.

Please Wait while comments are loading...