തിരുനാഗേശ്വരം:  രാഹുവിന്റെ നവഗ്രഹ ക്ഷേത്രം

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് തിരുനാഗേശ്വരം എന്ന പഞ്ചായത്ത് ടൗണ്‍. പ്രശസ്തമായ കുംഭകോണത്തുനിന്നും എട്ട് കിലോമീറ്റര്‍ അകലത്താണ് ഈ സ്ഥലം. അരി, ഗോതമ്പ്, ചോളം തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കും രാഹു ക്ഷേത്രത്തിനും പേരുകേട്ട സ്ഥലമാണ് തിരുനാഗേശ്വരം. ധാരാളം  മാങ്ങകളും തേങ്ങയും ഇവിടെ വിളയുന്നു.

തിരുനാഗേശ്വരത്തെ  കാഴ്ചകള്‍

രണ്ട് പ്രധാന ക്ഷേത്രങ്ങളാണ് തിരുനാഗേശ്വരത്തുള്ളത്. ശൈവപ്രധാനമായ നാഗനാധ സ്വാമി ക്ഷേത്രമാണ് ഇതില്‍ ഒന്ന്. വൈഷ്ണവര്‍ തൊഴാനെത്തുന്ന ഒപ്പിലിയപ്പന്‍ ക്ഷേത്രമാണ് മറ്റൊന്ന്. നാഗനാഥസ്വാമി ക്ഷേത്രത്തില്‍ പാര്‍വ്വതീ സമേതനായി വാഴുന്ന സാക്ഷാല്‍ പരമശിവനാണ് പ്രധാന പ്രതിഷ്ഠ. നവഗ്രഹങ്ങളിലൊന്നായ രാഹുവിന്റെ മനുഷ്യരൂപത്തിലുള്ള പ്രതിമ ഇവിടെ കാണാം. രാഹുകാലത്ത് നടക്കുന്ന പാലഭിഷേകമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്ന്.

തിരുനാഗേശ്വരത്തെ മറ്റൊരു പ്രധാന ക്ഷേത്രമാണ് ഒപ്പിലിയപ്പന്‍ ക്ഷേത്രം. വര്‍ഷം മുഴുവനും ഇവിടെ ഭക്തര്‍ സന്ദര്‍ശനത്തിന് എത്തുന്നു. രാമനവമിയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. രാമനവമിയുടെ അവസാന നാളിലെ കനകാഭിഷേകവും തിരുകല്യാണവും കാണാന്‍ നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു.

തിരുനാഗേശ്വരത്തെ നവഗ്രഹ ക്ഷേത്രങ്ങള്‍തിരുനാഗേശ്വരത്തിന് സമീപത്തായ എട്ട് നവഗ്രഹ സ്ഥാനങ്ങളാണ് ഉള്ളത്. തിരനല്ലാരാര്‍ അഥവാ ശനി, കഞ്ഞനൂര്‍ അഥവാ ശുക്രന്‍, സൂര്യനാര്‍ കോവില്‍ എന്ന ശിവക്ഷേത്രം, തിരുവങ്കോട് ബുധക്ഷേത്രം, തിങ്കളൂര്‍ ചന്ദ്രക്ഷേത്രം, കീഴ്‌പെരുമ്പള്ളം കേതുക്ഷേത്രം, ആലങ്ങാടി വ്യാഴം, വൈതിശ്വരന്‍ ചൊവ്വാക്ഷേത്രം എന്നിവ തിരുനാഗേശ്വരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു.

എത്തിച്ചേരാന്‍

കുംഭക്കോണം റെയില്‍വേ സ്‌റ്റേഷനാണ് തിരുനാഗേശ്വരത്തിന് ഏറ്റവവും അടുത്തുള്ളത്. തിരുച്ചിറപ്പള്ളി വിമാനത്താവളമാണ് സമീപത്തെ എയര്‍പോര്‍ട്ട്. കുഭകോണം വഴി നിരവധി ബസ്സ് സര്‍വ്വീസുകള്‍ തിരുനാഗേശ്വരത്തേക്ക് ഉണ്ട്.

Please Wait while comments are loading...