ടൂറിസത്തിന്റെ അനന്തസാധ്യതകളുമായി കര്‍ണാടക

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് തെക്കന്‍ സംസ്ഥാനമായ കര്‍ണാടക. ഇന്ത്യയുടെ പൂന്തോട്ടമെന്നും ഐ ടി നഗരമെന്നും വിളിപ്പേരുകളുള്ള തലസ്ഥാനനഗരിയായ ബാംഗ്ലൂരിന് (പുതിയ ബംഗളൂരു) അന്താരാഷ്ട്ര വിനോദസഞ്ചാരഭൂപടത്തില്‍ ആരാധകരേറെയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് നഗരം ഉണ്ടാക്കിയ വികസനത്തിന്റെയും നേട്ടങ്ങളുടെയും പ്രതിഫലനമാണ് സംസ്ഥാനത്തുടനീളം ടൂറിസം രംഗത്തും ഇന്ന് കാണുന്നത് എന്നതില്‍ തര്‍ക്കമില്ല. അതീവസുന്ദരമായ ഭൂപ്രകൃതിയും വികസിത റോഡുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമടങ്ങിയ താമസസൗകര്യവുമാണ് കര്‍ണാടകയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന ഘടകങ്ങള്‍.

 

തീരദേശം അഥവാ കരാവലി, മലനാട് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി കിടക്കുന്ന കര്‍ണാടകത്തിന്റെ ഭൂപ്രകൃതി. പശ്ചിമഘട്ടത്തിന്റെ പ്രധാനഭാഗങ്ങളും ബയലുസീമെ എന്ന് വിളിക്കപ്പെടുന്ന നിരപ്പ് പ്രദേശങ്ങളുമടങ്ങുന്നതാണ് മലനാട്. ബയലുസീമയെ വീണ്ടും വടക്കന്‍, തെക്കന്‍ വിഭാഗങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു.

കാലാവസ്ഥ

പ്രധാനമായും നാല് തരം കാലാവസ്ഥയാണ് കര്‍ണാടകയില്‍ അനുഭവപ്പെടാറുളളത്. വേനല്‍ക്കാലം, മഴക്കാലം, ശീതകാലം എന്നിവയോടൊപ്പം മഴ കഴിഞ്ഞതിനു തൊട്ടുശേഷമുള്ള പോസ്റ്റ് മണ്‍സൂണ്‍ കൂടി ചേരുന്നതോടെ കര്‍ണാടകയുടെ കാലാവസ്ഥ പൂര്‍ണമാകും.മഴയ്ക്ക് ശേഷമുള്ള ഒക്‌ടോബര്‍ - ഡിസംബര്‍ മാസങ്ങളും ജനുവരി - ഫെബ്രുവരി മാസങ്ങളിലെ ശീതകാലവുമാണ് കര്‍ണാടക സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

ഭാഷകള്‍

കന്നഡയാണ് കര്‍ണാടകത്തിന്റെ ഔദ്യോഗിക ഭാഷ. തുളു, കൊഡവ, കൊങ്ങിണി എന്നിവയാണ് മറ്റു പ്രധാന പ്രാദേശിക ഭാഷകള്‍. ഹിന്ദിയും കന്നഡിഗര്‍ പൊതുവേ സംസാരഭാഷയായി ഉപയോഗിക്കുന്നു. ഐ ടി സെക്ടറില്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നുള്ള ആളുകളും വിദേശികളും വരെ ജോലിക്കെത്തുന്നതനിലാവണം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളും ഇംഗ്ലീഷും സംസാരിക്കുന്നവരെ കര്‍ണാടകയില്‍ ഉടനീളം കാണാം.

കര്‍ണാടക ടൂറിസം

30 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കര്‍ണാടക ഇന്ത്യയുടെ വിനോദ സഞ്ചാരഭൂപടത്തിലെ ഏറ്റവും ശ്രദ്ധേയമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. സഞ്ചാരികള്‍ക്ക് വേണ്ട കാഴ്ചകള്‍, തീര്‍ത്ഥാടനമോ, സാഹസികമോ, ചരിത്രപരമോ, പ്രകൃതി ദൃശ്യങ്ങളോ അതേത് തരവുമായിക്കോട്ടെ, കര്‍ണാടകയില്‍ അതെല്ലാമുണ്ട്.

കയറ്റിറക്കങ്ങള്‍ കൊണ്ട് പ്രകൃതി ചിത്രം വരച്ചിരിക്കുന്ന പച്ചപ്പുല്‍മേടുകളാണ് കൂര്‍ഗ് എന്നു വിളിക്കുന്ന കൊടകിലെ പ്രത്യേകത. കൂര്‍ഗിന്റെ അതിശയിപ്പിക്കുന്ന മനോഹാരിത തന്നെയാണ് അതിന് ഇന്ത്യയുടെ സ്‌കോട്‌ലാന്‍ഡ് എന്ന ഓമനപ്പേര് നല്‍കിയതും. കര്‍ണാടകയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കൊടക്. കര്‍ണാടകയുടെ കാപ്പിത്തോട്ടമായ ചിക്കമഗളൂര്‍, പച്ചപ്പിന്റെയും വെള്ളച്ചാട്ടങ്ങളുടെയും നാടായ കെമ്മനഗുണ്ടി, ചിക്കമഗളൂരിലെ കുദ്രേമുഖ് എന്നിങ്ങനെ കര്‍ണാടകയില്‍ കാണാന്‍ കാഴ്ചകളനേകം. കടല്‍ത്തീരക്കാഴ്ചകളുടെ കൂട്ടമാണ് വടക്കന്‍ നഗരമായ മംഗലാപുരത്തിന്റെ പ്രത്യേകത. കര്‍ണാടകയിലെ പ്രധാനപ്പെട്ട ബീച്ച് ഹോളിഡേ കേന്ദ്രമാണ് മംഗലാപുരം. ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രവും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവുമാണ് മംഗലാപുരത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രധാനപ്പെട്ട രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഹൊറനാട് അന്നപൂര്‍ണേശ്വരീ ക്ഷേത്രം, ശൃംഗേരി ശാരദാ ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യം, ധര്‍മസ്ഥല എന്നിവയും മംഗലാപുരത്തിന് അടുത്താണ്. മറവാന്തെയാണ് കര്‍ണാടകയിലെ പ്രശസ്തമായ ബിച്ചുകളില്‍ പ്രധാനപ്പെട്ട ഒന്ന്.

ബൈന്ദൂര്‍, കാര്‍വ്വാര്‍, മാല്‍പേ ബീച്ചകളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ചരിത്രപരമായ പ്രധാന്യമുള്ള ഒട്ടനവധി കേന്ദ്രങ്ങളുണ്ട് എന്നതാണ് കര്‍ണാടക വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകാനുള്ള മറ്റൊരു കാരണം. മൈസൂര്‍, ബദാമി, ഹംപി, ബാലേബിഡ്, ശ്രവണബലഗോള തുടങ്ങിയ ചരിത്രനഗരങ്ങളിലെ ശില്‍പകലകള്‍ മാത്രം മതി പോയകാലത്തിന്റെ സമ്പന്നതയെന്തായിരുന്നു എന്ന് സഞ്ചാരികളോട് നെടുനീളെ സംസാരിക്കാന്‍. സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി കര്‍ണാടകയില്‍ നിരവധി കേന്ദ്രങ്ങളുണ്ട്. കാവേരി ഫിഷിംഗ് ക്യാംപിലെ ഭീമേശ്വരി, ദൊഡ്ഡമക്കലി, ഗാലിബോര്‍ എന്നിവയാണ് ചൂണ്ടയിടലിന്റെ രസം മനസിലാക്കിത്തരുന്ന കര്‍ണാടകയിലെ പ്രധാനപ്പെട്ട ഇടങ്ങള്‍. സാവനദുര്‍ഗ, അന്തര്‍ഗംഗെ, ശിവഗിരി, രാമനഗരം തുടങ്ങിയവയാണ് ട്രക്കിംഗിനും റോക്ക് ക്ലൈംബിംഗിനും പേരുകേട്ട ഇടങ്ങള്‍.

ഹൊന്നേര്‍മാടുവും ശിവനസമുദ്രവും ശിവഗംഗെയും സംഗമവും ബോട്ടിംഗും ചങ്ങാടയാത്രയും റിവര്‍ റാഫ്റ്റിംഗും പോലുള്ള വാട്ടര്‍ സ്‌പോര്‍ട്‌സിന് പ്രശസ്തമാണ്. വന്യജീവിസങ്കേതങ്ങളുടെ കലവറയാണ് കര്‍ണാടക എന്ന് വേണമെങ്കില്‍ പറയാം. ബന്ദിപ്പൂര്‍ പോലുള്ള പ്രശസ്തമായ ടൈഗര്‍ റിസര്‍വ്വുകളും,. ആനകള്‍ക്ക് പേരുകേട്ട കബനിയും നാഗര്‍ഹോളെയും ബി ആര്‍ ഹില്‍സും ദണ്‌ഡെലിയും ഭദ്രയും പോലുള്ള വന്യജീവി സങ്കേതങ്ങളും കര്‍ണാടകയിലെ അവസാനിക്കാത്ത അവസാനിക്കാത്ത വനദൃശ്യങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം തുടങ്ങിയവയാണ് കര്‍ണാടകയിലെ പ്രധാന നഗരങ്ങള്‍.

നിരവധി ചെറുനഗരങ്ങളും ഇന്ന് വികസനത്തിന്റെ പാതയിലാണ്. ഷോപ്പിംഗ് മാളുകളും ഐ ടി കാംപസുകളുമായി വിവിധ സംസ്‌കാരങ്ങള്‍ കൂടിച്ചേരുന്ന ബാംഗ്ലൂര്‍ എല്ലാ അര്‍ത്ഥത്തിലും രാജ്യത്തെ പ്രധാന മഹാനഗരങ്ങളിലൊന്നാണ്. അവധിദിനങ്ങള്‍ ആസ്വാദ്യമാക്കാനുള്ളതെല്ലാം സഞ്ചാരികളെക്കാത്ത് കര്‍ണാടകയിലുണ്ട്. യാത്രികരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഇവിടെ നിന്നും തെരഞ്ഞെടുക്കാം.

Please Wait while comments are loading...