കാര്‍വാര്‍ :  കൊങ്കണ്‍ തീരത്തെ സൗന്ദര്യറാണി

കര്‍ണാടകത്തില്‍ അറബിക്കടലോരത്തുള്ള മനോഹരമായ തീരനഗരമാണ് കാര്‍വാര്‍. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 520 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന കാര്‍വാറിലേയ്ക്ക് ഗോവയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഉത്തര കര്‍ണാടക ജില്ലയുടെ ആസ്ഥാനമാണ് കാര്‍വാര്‍. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന കാര്‍വാറിന് പറയാന്‍ ഒട്ടേറെ ചരിത്രകഥകളുമുണ്ട്.

പ്രകൃതിദത്ത തുറമുഖമാണ് കാര്‍വാറിലേത്. ആദ്യകാലത്ത് പോര്‍ച്ചുഗീസുകാരും, ബ്രിട്ടീഷുകാരും അറബികളുമെല്ലാം ഈ തുറമുഖത്തിന്റെ സാധ്യത നന്നായി ഉപയോഗപ്പെടുത്തിയവരാണ്. ഇപ്പോള്‍ ഇവിടെ ഇന്ത്യന്‍ നാവികസേനയുടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കാളി നദി അറബിക്കടലില്‍ ചേരുന്നത് കാര്‍വാര്‍ തീരത്താണ്. കാളി നദിയിലെ പാലത്തിനടുത്തായിട്ടാണ് സാദശിവഗുഡ് കോട്ടയുള്ളത്. നദിയും പാലവും കോട്ടയും തിങ്ങിനിറഞ്ഞിരിക്കുന്ന തെങ്ങുകളുമെല്ലാം ചേര്‍ന്നൊരുക്കുന്നത് അപൂര്‍വ്വമായ ഒരു കാഴ്ച തന്നെയാണ്.

കാര്‍വാറിനെക്കുറിച്ച്

താരതമ്യേന മുസ്ലീം, ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള പ്രദേശമാണ് കാര്‍വാര്‍. ടുപ്പുസുല്‍ത്താന്റെ ഭരണകാലത്താണ് ഇവിടെ മുസ്ലീം കുടിയേറ്റമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് ബ്രിട്ടീഷുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും കാലത്ത് ക്രിസ്ത്യന്‍ മിഷനറിമാരും ഇവിടെയെത്തി. ഇവിടെ 55 ശതനാനത്തോളം ജനങ്ങളും സംസാരിക്കുന്നത് കൊങ്കിണി ഭാഷയാണ്. മത്സ്യബന്ധനവും ടൂറിസവുമാണ് ഇവിടത്തെ പ്രധാന ജീവിതമാര്‍ഗങ്ങള്‍.

സ്വര്‍ണനിറത്തിലുള്ള മണല്‍ നിറഞ്ഞ കടല്‍ത്തീരവും തെങ്ങുള്‍പ്പെടെയുള്ള മരങ്ങള്‍ നല്‍കുന്ന പച്ചപ്പും ഇവിടം സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നു. മാത്രവുമല്ല മറ്റു പല തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാണാറുള്ള വൃത്തികേടുകളും ബുദ്ധിമുട്ടുകളും ഇവിടെയില്ലതാനും. നീന്തലും സര്‍ഫിങും ഡൈവിങും ഉള്‍പ്പെടെയുള്ള ജലകേളികളില്‍ താല്‍പര്യപ്പെട്ടുവരുന്നവര്‍ക്ക് കാര്‍വാറിലെ തീരങ്ങളില്‍ അതിനുള്ള സൗകര്യങ്ങളുണ്ട്. കാര്‍വാറിലെ ദേവ് ബാഗ്, കൂടി, കജു ബാഗ് തുടങ്ങിയ ബീച്ചുകളെല്ലാം അഡ്വഞ്ജര്‍ ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലങ്ങളാണ്. ഇതുകൂടാതെ പഴയ ചരിത്രങ്ങള്‍ വിളിച്ചോതുന്ന ക്ഷേത്രങ്ങളും പള്ളികളും ചരിത്രസ്മാരകങ്ങളുമെല്ലാമുണ്ട് ഇവിടെ. പലക്ഷേത്രങ്ങളും വിസ്മയിപ്പിക്കുന്ന കൊത്തുപണികളുടെ കേന്ദ്രങ്ങളാണ്.

ഇന്ത്യന്‍ നാവിക സേനയുടെ കേന്ദ്രം വന്നതില്‍പ്പിന്നെ ഇവിടത്തെ തുറമുഖം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇത് നാവിക സേനയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ എല്ലാവര്‍ഷവും നേവി വീക്കില്‍ ഇവിടേയ്ക്ക് സന്ദര്‍ശകരെ കടത്തിവിടാറുണ്ട്.

Please Wait while comments are loading...