കാര്‍വാര്‍ ടൗണില്‍ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രമായ സദാശിവഗഡ് ഹില്‍ ഫോര്‍ട്ടില്‍ എത്താം. കാളിനദിയുടെ തീരത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. 1698ല്‍ രാജ സൊണ്ടേയാണ് 200 അടി ഉയരമുള്ള ഈ കോട്ട നിര്‍മ്മിച്ചത്. 1715ല്‍ ബസവലിംഗരാജാണ് സ്വന്തം പിതാവായ സദാശിവലിംഗരാജിന്റെ സ്മരണയ്ക്കായി സദാശിവഗഡ് എന്ന് ഇതിന് പേര് നല്‍കിയത്.
സദാശിവഗഡ് ഹില്‍ ഫോര്‍ട്ടിലെത്തുന്നതോടെ ദുര്‍ഗാ ക്ഷേത്രം കാണാന്‍ സാധിക്കും. തൊട്ടപ്പുറത്തായി കരമുദ്ദീന്‍ ഗൗസ് ജിലാനിയുടെ ദര്‍ഗയുമുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ ഈ ദര്‍ഗയാണ് ഇവിടെത്തെ മറ്റൊരാകര്‍ഷണം. പലകാലങ്ങളിലായി പോര്‍ച്ചുഗീസുകാരും, ബ്രിട്ടീഷുകാരും മറാത്ത ഭരണാധികാരികളുമെല്ലാം ഈ കോട്ട പിടിച്ചടക്കുകയും പ്രതിരോധ കേന്ദ്രങ്ങളായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
1783ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായ ജനറല്‍ മാത്യൂസ് ഈ കോട്ട ആക്രമിയ്ക്കുകയും ഏതാണ്ട് നശിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. കുന്നിന് മുകളിലെത്തിയാല്‍ ഗ്രാമത്തിന്റെ കാഴ്ചകളാണ്. കാളി നദി കടലില്‍ച്ചേരുന്നതും നദിക്കു കുറുകെയുള്ള പാലവുമെല്ലാം അസ്തമനത്തിന്റെ പശ്ചാത്തലത്തില്‍ കാണുക അപൂര്‍വ്വമായ ഒരനുഭവമാണ്. കാര്‍വാര്‍ നഗരത്തില്‍ നിന്നും ബസുകളിലും ടാക്‌സി പിടിച്ചുമെല്ലാം ഇവിടെയെത്താം.



Click it and Unblock the Notifications