മൈസൂരിലെത്തുന്ന യാത്രികര്‍ ഒരു കാരണവശാലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് ബൃന്ദാവന്‍ ഗാര്ഡന്. നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കൃഷ്ണരാജ സാഗര്‍ ഡാമിന്റെ തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ബൃന്ദാവന്‍ നേരത്തെ കൃഷ്ണരാജേന്ദ്ര ടെറസ് ഗാര്ഡന് എന്നായിരുന്നു പേര്. 1924 - 32 കാലത്ത് എം. വിശ്വേശ്വരയ്യയാണ് മൈസൂര്‍ ഭരണാധികാരിയായിരുന്ന കൃഷ്ണരാജ വാഡിയാര്‍ നാലാമന്റെ പേരിലുള്ള ഡാമിന്റെ പണി പൂര്‍ത്തിയാക്കിയത്.
മരങ്ങളും പൂക്കളും തടാകങ്ങളും ഫൗണ്ടനുകളുമടക്കം 60 ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുകയാണ് ബൃന്ദാവന്‍ ഗാര്ഡന്. കാശ്മീരിലെ ഷാലിമാര്‍ ഗാര്‍ഡന്റെ ചുവടുപിടിച്ചാണ് ബൃന്ദാവന്‍ ഗാര്ഡന്റെയും നിര്‍മാണം. തടാകത്തിന്റെ മധ്യത്തിലായി കാവേരിയുടെ ഒരു പ്രതിമയുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ബോട്ടിംഗിനുള്ള സൗകര്യവുമുണ്ട് ഇവിടെ.
സംഗീതത്തിനനുസരിച്ച് ന്യത്തം വയ്ക്കുന്ന ജലധാരകളാണ് ബൃന്ദാവന്‍ ഗാര്‍ഡനിലെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ സായന്തനങ്ങളിലും ഇതുണ്ടാവും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഏഴ് മുതല്‍ എട്ടുമണിവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ ഏഴുമുതല്‍ ഒമ്പതുമണിവരെയുമാണ് മ്യൂസിക്കല്‍ ഫൗണ്ടന്റെ സമയം. കാവേരി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മേല്‍നോട്ടത്തിലാണ് ഗാര്ഡന്.