1986ല്‍ ബഹായ് മതവിശ്വാസികള്‍ പണികഴിപ്പിച്ച ക്ഷേത്രമാണ് ലോട്ടസ് ടെമ്പിള്‍. താമരപ്പൂവിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രത്തിന്റെ ശില്പചാരുത ആരെയും മോഹിപ്പിക്കുന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നാണ് ലോട്ടസ് ടെമ്പിള്‍ അറിയപ്പെടുന്നത്. ഡല്‍ഹിയിലെ ഏറ്റവും മനോഹരമായ കെട്ടിടവും ഇതുതന്നെ. നിര്‍മ്മാണത്തിലെ സവിശേഷതകള്‍ കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള നിരവധി പുരസ്കാരങ്ങള്‍ ഈ ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്.
പാതിവിടര്‍ന്ന താമരപ്പൂ പോലെ നിലകൊള്ളുന്ന ക്ഷേത്രം ശാന്തിയുടെയും ആദ്ധ്യാത്മികതയുടെയും കേന്ദ്രം കൂടിയാണ്. വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിന് ചുറ്റും പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും കാണാം. ഒന്‍പത് കുളങ്ങളും ക്ഷേത്രത്തിനോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന ഹാള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റ് കാര്യങ്ങള്‍ക്കും ഉള്ളതാണ്. വിശാലമായ ഒരു ലൈബ്രറിയും ക്ഷേത്രത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തെ കുറിച്ച് വിവരങ്ങള്‍ നല്കുന്ന ഓഡിയോ വിഷ്വല്‍ ആണ് മറ്റൊരു പ്രധാന സവിശേഷത.
മഴയില്‍ നിന്നും മറ്റ് കാലാവസ്ഥാ പ്രശ്നങ്ങളില്‍ നിന്നും ക്ഷേത്രത്തിന്റെ മേല്‍ക്കൂര സംരക്ഷിക്കാനായി ഗ്ലാസ്സും സ്റ്റീലും ഉപയോഗിച്ച് ഒരു കവചം നിര്‍മ്മിച്ചിട്ടുണ്ട്. പ്രകാശം കടത്തിവിടുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ലോട്ടസ് ടെമ്പിള്‍.