ഹരിയാന സര്‍ക്കാറിന്‍റെ കീഴിലുള്ള പാനിപ്പറ്റ് യുദ്ധസ്മാരക സംഘമാണ് ഈ മ്യൂസിയം രൂപീകരിച്ചത്. മൂന്നു ചരിത്രയുദ്ധങ്ങളുടെ വിലപിടിച്ച ഓര്‍മ്മകളും, അതിനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കുന്ന ചിത്രങ്ങളും രേഖകളും ഒപ്പം യുദ്ധങ്ങളുണ്ടാക്കിയ നഷ്ടങ്ങളും അടക്കം യുദ്ധങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
അതേസമയം യുദ്ധങ്ങളുടെ പരിണിതഫലമായി പാനിപ്പറ്റില്‍ രൂപം കൊണ്ട ചിത്രവേലകളെക്കുറിച്ചും കൊത്തുപണികളെക്കുറിച്ചും കരകൌശല വൈദഗ്ദ്യത്തെക്കുറിച്ചുമുള്ള തെളിവുകളും വിവരണങ്ങളും മ്യൂസിയം നല്കുന്നുണ്ട്.
ചില പൌരാണിക ശില്പങ്ങളും വസ്തുക്കളും ആയുധങ്ങളും, മണ്‍പാത്രങ്ങളും, ആഭരണങ്ങളും, രേഖകളും, എഴുത്തോലകളും ചിത്രങ്ങളും, മാപ്പുകളും എല്ലാം ഇവിടെ പ്രദര്‍ശനത്തിനുണ്ട്. രാജ്യത്ത് അതിക്രമിച്ച് കയറിയ മുസ്ലിം പട്ടാളത്തെ തോല്‍പ്പിക്കാനായി യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച പോരാളികളുടെ ദേശസ്നേഹവും ധീരതയും വെളിവാക്കുന്നതാണ് പ്രദര്‍ശനത്തിലെ പല കാഴ്ച്ചകളും.
ഹരിയാനയിലെ രേവാറിയിലുള്ള സമ്രാട്ട് ഹേം ചന്ദ്ര വിക്രമാദിത്യ, രാജസ്ഥാനിലെ ഭാരത്പൂര്‍ സ്വദേശിയായിരുന്ന രാജ് സൂരജ് മാല്‍, പാട്ട്യാല മഹാരാജാവ്, സദാശിവ റാവു, തുകുജ് ഷിന്‍ഡേ,വിശ്വാസ് റാവു പേഷ്വാ തുടങ്ങി ആരാധ്യരായ ഒട്ടനവധി വ്യക്തിത്വങ്ങളാണ് ഇവിടെ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചത്. പാനിപ്പറ്റില്‍ ബിനിജോളിലെ കനാല്‍ റെല്റ്റ് ഹൌസില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് പാനിപ്പറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications