രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ് ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് 31 കിലോമീറ്റര്‍ മാത്രം അകലെയാണ് ധനുഷ്‌കോടി.
രാവണന്റെ സഹോദരനായ വിഭീക്ഷണന്‍ രാമനോട് രാമസേതു തകര്‍ക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം തന്റെ വില്ലിന്റെ ഒരറ്റം വച്ച് പാലം തകര്‍ത്തതായുമാണ് ഐതീഹ്യം. ഈ ഐതീഹ്യത്തില്‍ നിന്നാണ് ഈ സ്ഥലത്തിന് ധനുഷ്‌കോടി എന്ന പേര് ലഭിച്ചത്. രാമന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലേക്ക് നിര്‍മ്മിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാന്‍ കഴിയും.
ഇവിടെ കാണപ്പെടുന്ന പാറകളുടെ നിര രാമസേതുവിന്റെ അവശിഷ്ടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പാലത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ജലം പരിപാവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ രാമേശ്വരത്ത് എത്തുന്ന വിശ്വാസികള്‍ ഇവിടെ കുളിച്ചതിന് ശേഷമാണ് തീര്‍ത്ഥാടനം തുടങ്ങുന്നത്. കാശിയിലേക്ക് തീര്‍ത്ഥയാത്ര പോകുന്നവര്‍ ധനുഷ്‌കോടിയില്‍ വന്ന് ഇവിടുത്തെ പുണ്യജലത്തില്‍ കുളിച്ചാല്‍ മാത്രമേ തീര്‍ത്ഥാടനം പൂര്‍ത്തിയാകൂവെന്നും വിശ്വാസമുണ്ട്.



Click it and Unblock the Notifications