ശബരിമല അയ്യപ്പക്ഷേത്രത്തിന് തൊട്ടടുത്താണ് മാളികപ്പുറം ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത്. മനോഹരമായ അന്തരീക്ഷവും പ്രകൃതിക്കാഴ്ചകളുമാണ് മാളികപ്പുറം ദേവീക്ഷേത്രത്തിന്റെ പ്രത്യേകത. അയ്യപ്പക്ഷേത്രത്തോട് ചേര്‍ന്നുള്ള ഐതിഹ്യത്താല്‍ പ്രസിദ്ധമാണ് മാളികപ്പുറം ദേവീക്ഷേത്രം. അയ്യപ്പനാല് കൊലചെയ്യപ്പെട്ട മഹിഷിലയില്‍ നിന്നും സുന്ദരിയായ ഒരു സ്ത്രീരൂപം പ്രത്യക്ഷപ്പെടുകയും അയ്യപ്പനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം.
എന്നാല്‍ നിത്യബ്രഹ്മചാരിയായി ശപഥമെടുത്ത അയ്യപ്പന് ആ അഭ്യര്‍ത്ഥന നിരസിക്കുകയും തൊട്ടടുത്ത് ഒരു കോവിലുണ്ടാക്കി മാളികപ്പുറത്തമ്മയായി പ്രതിഷ്ഠിക്കുകയും ചെയ്തു. കന്നി അയ്യപ്പന്മാര് സന്ദര്‍ശിക്കാത്ത വര്‍ഷം വന്നാല്‍ അയ്യപ്പന് മളികപ്പുറത്തമ്മയെ വിവാഹം കഴിക്കും എന്നാണ് വിശ്വാസം. ഭഗവതിസേവയാണ് ഇവിടത്തെ പ്രധാന വഴിപാട്. പൊട്ട്, പട്ടുടയാട, വള, കണ്മഷി തുടങ്ങിയ സാധനങ്ങളും ഭക്തര്‍ വഴിപാടായി ഇവിടെ സമര്‍പ്പിക്കുന്നു. തേങ്ങയുരുട്ടലാണ് മാളികപ്പുറം ദേവീക്ഷേത്രത്തിലെ മറ്റൊരു പ്രധാന കര്‍മം.