ശബരിമല - അയ്യപ്പസ്വാമിയുടെ പുണ്യക്ഷേത്രം

ഹോം » സ്ഥലങ്ങൾ » ശബരിമല » ഓവര്‍വ്യൂ

കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. കനത്ത കാടിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. ആഗസ്ത് - സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിക്കുന്ന മണ്ഡലക്കാലത്ത് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി ലക്ഷക്കണക്കിനാളുകള്‍ മലകയറി അയ്യപ്പനെ വണങ്ങുന്നു.

പുണ്യനദിയായ പമ്പയാണ് ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പാപനാശിനിയായ പമ്പയ്ക്ക് ദക്ഷിണഗംഗ എന്ന പേരുകൂടിയുണ്ട്. ജാതിമത ഭേദമന്യേ ലക്ഷോപലക്ഷം ആളുകളുടെ ആരാധനാമൂര്‍ത്തിയാണ് സ്വാമി അയ്യപ്പന്‍. പത്തന തിട്ട ജില്ലയിലാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായി ശബരിമല സ്ഥിതിചെയ്യുന്നത്.

ശബരിമല

അയ്യപ്പസ്വാമിയാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 41 ദിവസത്തെ കഠിനവ്രതത്തോട് കൂടിയാണ് ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തുന്നത്. മരങ്ങളും കല്ലുകളും നിറഞ്ഞ കാനനപാതയിലൂടെ കിലോമീറ്ററുകള്‍ നടന്ന് ശബരിമല തീര്‍ത്ഥാടനം നടത്തുക എന്നത് ഏതൊരു ഭക്തന്റെയും ആത്മസാക്ഷാത്കാരമാണ്.

ലോകത്ത തന്നെ ഏറ്റവും തിരക്കേറിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ശബരിമല. മണ്ഡലകാലത്ത് മാത്രമായി ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു എന്നാണ് കണക്ക്. ഭക്തര്‍ക്ക് മാത്രമല്ല, പതിനെട്ട് മലകളും പതിനെട്ട് പൂങ്കാവനങ്ങളും നിറഞ്ഞ അയ്യപ്പസ്വാമിയുടെ ശബരിമല പ്രകൃതിസ്‌നേഹികള്‍ക്കും പ്രിയങ്കരമാകുന്ന ഒന്നാണ്. കനത്ത ഫോറസ്റ്റിനിടയിലെ ഈ ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്നും 1535 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഐതിഹ്യങ്ങളില്‍

രാമായണത്തിലെ കഥാപാത്രവും സന്ന്യാസിനിയുമായ ശബരിയുടെ പേരിലാണ് ഈ പുണ്യസ്ഥലം അറിയപ്പെടുന്നത്. ഹരിഹരസുതനായ ശ്രീ അയ്യപ്പന്‍ ലോകോപദ്രവകാരിയായ മഹിഷിയെ വധിച്ച സ്ഥലമാണ് ശബരിമല എന്നാണ് ഭക്തരുടെ വിശ്വാസം. സര്‍വ്വ വ്യത്യാസങ്ങളും മറന്ന് ഭക്തര്‍ ഏകരൂപത്തില്‍ സ്വാമിയെ ധ്യാനിച്ച് എത്തിച്ചേരുന്നു എന്നതാണ് ശബരിമലയിലെ പ്രത്യേകത.

ജാതിമത ഭേദങ്ങലളില്ലാതെ ഏതൊരാളെയും സ്വാഗതം ചെയ്യുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനാണ് ശബരിമലയില്‍ അയ്യപ്പവിഗ്രഹം പ്രതഷ്ഠിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ് ശബരിമല അയ്യപ്പക്ഷേത്രം.

തീര്‍ത്ഥാടനം

നവംബര്‍ പകുതിയോട് കൂടി ആരംഭിക്കുന്ന മണ്ഡലകാലമാണ് ശബരിമല തീര്‍ത്ഥാടനത്തിന് അഭികാമ്യം. ഇത് ഏകദേശം ജനുവരി പകുതിയോളം നീളും. ഇക്കാലത്ത് ശബരിമലയിലും പാതയോരങ്ങളിലും താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളും ഹോട്ടലുകളും ഉണ്ടാകും. മകരവിളക്കും മണ്ഡലപൂജയുമാണ് ശബരിമലയിലെ പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങള്‍. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി അയ്യപ്പന്റെ സുഹൃത്തായ വാവരുസ്വാമിയുടെ പള്ളിയും ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമാകുന്നു.

ഭക്തി മാത്രമല്ല, സാഹസികമായ ഒരു ട്രക്കിംഗ് അനുഭവം കൂടിയാണ് ശബരിമല തീര്‍ത്ഥാടനം എന്നതില്‍ തര്‍ക്കമില്ല. പമ്പ ടൗണില്‍നിന്നാണ് ശബരിമലയിലേക്കുള്ള പ്രധാന കാനനപാത ആരംഭിക്കുന്നത്. പമ്പയിലേക്ക് നിരവധി ബസ്സ് സര്‍വ്വീസുകളും ടൂറിസ്റ്റ് ബസ്സുകളും മറ്റ് വാഹനസൗകര്യങ്ങളുമുണ്ട്.

Please Wait while comments are loading...