രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരുമായി ഏറെ ബന്ധമുള്ളതാണ് സേവാഗ്രാമെന്ന സ്ഥലം. ഭാര്യ കസ്തൂര്‍ബയ്‌ക്കൊക്കൊപ്പം അദ്ദേഹം താമസിച്ച കുടിലുകളും ശേഷിപ്പുകളും മറ്റും ഇപ്പോഴും ഇവിടെ കാണാം. കലാപരമായി അലങ്കരിച്ചതോ ചമച്ചൊരുക്കിയതോ അല്ല ഈ കുടിലുകള്‍. മുളകളും മണ്‍കട്ടകളും ഉപയോഗിച്ച് നിര്‍മിച്ച ഈ കുടിലുകളില്‍ നിന്നും സഞ്ചാരികള്‍ക്ക് വായിച്ചെടുക്കാം എത്രമാത്രം ലളിതമായ ജീവിതമാണ് മഹാത്മാവ് നയിച്ചിരുന്നത് എന്ന്.
മഹാദേവ കുടി, കിഷോര്‍ കുടി, പാര്‍ചുരെ കുടി തുടങ്ങിയവയാണ് ഇവിടത്തെ നിരവധി കുടിലുകളില്‍ ചിലത്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പുള്ള അന്തരീക്ഷം കുറേയൊക്കെ നിലനിര്‍ത്താനും ഇവിടത്തെ പരിസരത്തിന് സാധിക്കുന്നു. ഗാന്ധിജി ആശ്രമം സ്ഥാപിക്കുന്ന കാലത്ത് ഇവിടെ ഏകദേശം ആയിരത്തോളം ആളുകളാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്വദേശികളും വിദേശികളുമടക്കം നിരവധി സഞ്ചാരികള്‍ സേവാഗ്രാമിലെത്തി ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ഒരു മനുഷ്യന്റെ സ്പന്ദനങ്ങളും ജീവിതരീതിയും തൊട്ടറിഞ്ഞ് മടങ്ങുന്നു. മനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും സേവാഗ്രാമിന്റെ അന്തരീക്ഷത്തിന് മാറ്റുകൂട്ടുന്നു.
അടിസ്ഥാന വിവരങ്ങള്‍
സേവാഗ്രാമെന്ന പേരിന് തന്നെ ശാന്തത എന്ന് മറുവാക്കുണ്ടാവണം. അത്രമേല്‍ സ്വച്ഛമാണ് ഇവിടം. കനത്ത കാടിനുള്‍വത്തായി ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാസ്ഥലം കൂടിയാണ് സേവാഗ്രാം. മഹാരാഷ്ട്രയിലെ ഈ പ്രശാന്തസുന്ദരമായ സ്ഥലത്തിന് മലയാളത്തില്‍ സേവനത്തിന് വേണ്ടിയുള്ള ഒരു ഗ്രാമം എന്നാണ് അര്‍ത്ഥം. ഗാന്ധിജി ഇവിടെ താമസത്തിനെത്തുന്നതുവരെ ഈ സ്ഥലത്തിന് പേര് ഷേഗോണ്‍ എന്നായിരുന്നു. വാര്‍ധ ജില്ലയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ മാറിയാണ് ഗാന്ധിജിയുടെ സേവാഗ്രാം സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications