ശ്രീകൃഷ്ണ കഥയിലെ അമരാവതി

ഹോം » സ്ഥലങ്ങൾ » അമരാവതി » ഓവര്‍വ്യൂ

മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശത്ത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് അമരാവതി. സമുദ്രനിരപ്പില്‍ നിന്നും 343 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമരാവതി ഡക്കാന്‍ പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ ഏഴാം സ്ഥാനമാണ് അമരാവതിയ്ക്ക്. അമരാവതിയെന്ന സ്ഥലനാമത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട് പല കഥകളും നിലവിലുണ്ട്. ഉഡുംബ്രവതിയെന്ന പേരില്‍ നിന്നാണ് അമരാവതിയെന്ന പേരുണ്ടായതെന്നതാണ് ഒരു വാദം.

അത്തിമരം(ഉഡുംബര്‍) ഏറെയുള്ള പ്രദേശമായതുകൊണ്ടാണത്രേ ഇതിന് ഉഡുംബ്രവതിയെന്ന് പേരുവീണത്, പിന്നീട് ഈ പേര് കാലാകാലങ്ങളില്‍ ഉച്ഛാരണത്തില്‍ മാറ്റം വന്ന് അമരാവതിയായെന്നാണ് പറയുന്നത്. അതല്ല അംബാ ദേവിയുടെ പുരാതനമായ ഒരു ക്ഷേത്രം ഇവിടെയുള്ളതുകൊണ്ടാണ് അമരാവതിയെന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു. എന്തായാലും അനശ്വരതയുടെ ഇരിപ്പിടം എന്നതാണ് അമരാവതിയെന്ന പേരിന്റെ അര്‍ത്ഥം.

പുരതനകാലത്ത് അമരാവതി മൗര്യ സാമ്ര്യാജ്യത്തിന്റെ ഭാഗമായിരുന്നുവെന്നാണ് കരുതുന്നത്. അശോക ചക്രവര്‍ത്തിയുടെ കാലത്തുതന്നെ ഈ സ്ഥലം നിലവിലുണ്ടായിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു. ഭഗവാന്‍ ആദിനാഥ് ഋഷഭനാഥിന്റെ പ്രതിമയ്ക്കുമേലുള്ള ലിഖിതങ്ങളും അമരാവതിയുടെ പഴക്കത്തെ ശരിവെയ്ക്കുന്നതാണ്. 1833ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമാവുന്നതുവരെ ഒന്നരനൂറ്റാണ്ടോളം അമരാവതി നിസാം ഭരണത്തിന്‍ കീഴിലായിരുന്നു.

അമരാവതിയെക്കുറിച്ച് കൂടുതല്‍

ഹൈന്ദവവിശ്വാസപ്രകാരം അമരാവതി ദേവന്മാരുടെ രാജാവായ ഇന്ദ്രന്റേതാണ്. രുഗ്മിണിയുമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒളിച്ചോടുന്നത് ഇവിടെവച്ചായിരുന്നുവെന്നാണ് വിശ്വാസം, കഥയില്‍ പറയുന്ന അംബാദേവി ക്ഷേത്രം അമരാവതി നഗരത്തിലുള്ള ക്ഷേത്രമാണെന്നും വിശ്വാസികള്‍ കരുതുന്നു. വിദര്‍ഭ ഭാഗത്തു സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം മനോഹരമായ ഒരു നിര്‍മ്മിതിയാണ്. രുഗ്മിണിയെയും കൊണ്ട് ശ്രീകൃഷ്ണന്‍ ഒളിച്ചോടിയെന്ന് വിശ്വസിക്കുന്ന തുരങ്കത്തിന്റെ നീളം അളന്നു തിട്ടപ്പെടുത്താന്‍ പലകാലങ്ങളിലായി ഗവേഷകരും മറ്റും ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഇതേവരെ തുരങ്കത്തിന്റെ നീളം അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

ഓള്‍ഡ് അമരാവതിയിലും പുരാതനമായ ക്ഷേത്രങ്ങളുണ്ട്. ബാലകൃഷ്ാണ ക്ഷേത്രം, സോമേശ്വര്‍ ക്ഷേത്രം, മുരളീധരന്‍ ക്ഷേത്രം, ബ്രഹ്മചാരി മഹാരാജ് ക്ഷേത്രം എന്നിവ ഇതില്‍ച്ചിലതാണ്. അമരാവതിയെ നവരാത്രി, ദീപാവലി, ഹോളി ആഘോഷങ്ങളും പ്രശസ്തമാണ്. നവരാത്രി ഉത്സവം കെങ്കേമമായിട്ടാണ് അമരാവതിക്കാര്‍ കൊണ്ടാടുന്നത്. സായ് നഗറിലുള്ള സായ് ഭക്തിധാം ക്ഷേത്രം, റാഹത്ഗാവിലുള്ള ശ്രീ സ്വാമി സമര്‍ത്ഥ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ വിശ്വാസികള്‍ എത്താറുണ്ട്. ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ നേരത്തേ പറഞ്ഞ അംബദേവി ക്ഷേത്രം തന്നെയാണ് ഏറെ പ്രശസ്തം. ശ്രീകൃഷ്ണനുമായി നേരിട്ട് ബന്ധമുള്ള ക്ഷേത്രമെന്ന നിലയില്‍ വന്‍ജനാവലിയാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ക്കായി എത്താറുള്ളത്.

വന്യജീവികളെക്കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും താല്‍പര്യമുള്ളവര്‍ക്ക് ചിക്കല്‍ധര വന്യജീവി സങ്കേതം, ഗഗര്‍ണാല്‍ ദേശീയോദ്യാനം എന്നിവിടങ്ങളില്‍ പോകാം. ഏതാണ്ട് നാല്‍പതോളം സസ്തനികളും 250 തരത്തിലുള്ള പക്ഷികളും 150ഓളം തരത്തില്‍പ്പെട്ട ഇഴജന്തുക്കളും ഇവിടങ്ങളില്‍ വസിയ്ക്കുന്നുണ്ട്.

അമരാവതി ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യാവസായിക കേന്ദ്രമാണ്. നാഗ്പൂരില്‍ നിന്നും 156 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സാഹിത്യം, സംസ്‌കാരം എന്നിവയുടെ കാര്യമെടുത്താല്‍ അമരാവതി മഹാരാഷ്ട്രയുടെ സുപ്രധാനമായ ഭാഗമാണ്. ഒട്ടേറെ പ്രശസ്തരും പ്രഗല്‍ഭരും ജനിച്ച നാടാണിത്. ഗോപാല്‍ നീല്‍കാന്ത് ദാന്‍ദേകര്‍, സുരേഷ് ഭട്ട് എന്നിവര്‍ ഇക്കൂട്ടത്തിലെ പ്രധാനികളാണ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഭഗത് സിങ് അമരവാതിയില്‍ മൂന്നു ദിവസം ഒളിവില്‍ക്കഴിഞ്ഞിട്ടുണ്ട്. ഒട്ടേരെ സന്യാസിമാര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ജന്മം നല്‍കിയ നാടാണ് അമരാവതി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരരംഗത്തേയ്ക്ക് അമരാവതി ഒട്ടേറെ ദേശസ്‌നേഹികളെ സംഭാവന ചെയ്തിട്ടുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെപ്പോലെ ഒട്ടേറെ അമരാവതിക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്.

അമരാവതിയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

ഉഷ്ണമേഖലാ പ്രദേശമാണ് അമരാവതി, അതിനാല്‍ത്തന്നെ വേനല്‍ക്കാലം അല്‍പം കടുത്തതാണ്. വേനലില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മഴക്കാലത്തും അമരാവതി യാത്ര അത്ര സുഖകരമാകില്ല. സന്ദര്‍ശനത്തിന് ഏറ്റവും പറ്റിയ സമയം ശീതകാലമാണ്. ഒക്ടോബര്‍ പകുതി മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മുംബൈ-കൊല്‍ക്കത്ത ഹൈവേയിലാണ് അമരാവതി സ്ഥിതിചെയ്യുന്നത്. റോഡ്, റെയില്‍, വിമാനം എന്നീമാര്‍ഗ്ഗങ്ങളിലെല്ലാം സുഖകരമായി അമരവാതിയിലെത്താം. അമരാവതി നഗരം വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്, എങ്കിലും പഴയകാലത്തിന്റെ ചിത്രങ്ങളും കഥകളും അമരാവതിയില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. കലയെയും വാസ്തുവിദ്യയെയും പ്രണയിയ്ക്കുന്നവര്‍ക്കെല്ലാം അമരാവതി പുത്തനൊരു അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല.

Please Wait while comments are loading...