മുന്‍പൊരുകാലത്ത് പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്തൊരു ഗ്രാമമായിരുന്നു മഹാരാഷ്ട്രയിലെ അഹമദ്നഗര്‍ ജില്ലയിലെ ഷിര്‍ദ്ദിയെന്ന ഗ്രാമം. എന്നാല്‍ ഇന്ന് ഷിര്‍ദ്ദി അറിയപ്പെടുന്നത് സായി ബാബയുടെ പേരിലാണ്. സായി ഭക്തര്‍ ഷിര്ദ്ദിയെന്ന് കേള്‍ക്കുന്നതേ പുണ്യമായിട്ടാണ് കരുതിപ്പോരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ദൈവപുരുഷനായി കണക്കാകുന്ന സായി ബാബ അമ്പതോളം വര്‍ഷങ്ങളാണ് ഈ ഗ്രാമത്തില്‍ ചെലവിട്ടത്.
ഒരിക്കലെങ്കിലും ഷിര്‍ദ്ദി സന്ദര്‍ശിയ്ക്കാത്ത അല്ലെങ്കില്‍ സന്ദര്ശിയ്ക്കാനാഗ്രഹിയ്ക്കാത്ത സായി ഭക്തരുണ്ടാവില്ല.തികച്ചുമൊരു തീര്‍ത്ഥാടനകേന്ദ്രമാണിന്ന് ഷിര്‍ദ്ദി. ഇന്ത്യയില്‍ നിന്നും പുറം രാജ്യങ്ങളില്‍ നിന്നും ഷിര്ദ്ദിസന്ദര്ശനത്തിനായി പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. മഹാരാഷ്ട്രയിലെമാത്രമല്ല ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ പേരെടുത്താല്‍ അതില്‍ ഷിര്ദ്ദിയുമുണ്ടാകും.
സായി ബാബയുടെ ജനനം, ജനനോദ്ദേശ്യം തുടങ്ങിയ പലകാര്യങ്ങളിലും പലഅഭിപ്രായങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്, പലകഥകളും തീര്‍ത്തും നിഗൂഡമായിത്തന്നെ നില്‍ക്കുകയാണിന്നും. എന്തായാലും ആദ്യമായി ഒരു വേപ്പുമരത്തിന് കീഴിലാണ് ആളുകള്‍ സായിയെ ആദ്യമായി കണ്ടത്, അത് അദ്ദേഹത്തിന്റെ പതിനാറാമത്തെ വയസ്സിലായിരുന്നു. തന്റെ ജീവിതമത്രയും അദ്ദേഹം പാവപ്പെട്ടവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു.
ദൈവപുത്രനെന്ന രീതിയിലാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്, ശിവന്റെ അംശമാണ് അദ്ദേഹമെന്നും വാദങ്ങളുണ്ടായി. ജീവിതത്തെക്കുറിച്ചും പലകാര്യങ്ങളിലെയും അര്ത്ഥമില്ലായ്മയെക്കുറിച്ചുമെല്ലാം അറിവുപകര്‍ന്നുകൊണ്ട് ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം ഷിര്‍ദ്ദിയിലാണ് ചെലവിട്ടത്. വിവിധ മതസ്ഥര്‍ക്കിടയില്‍ സമാധാനം വളര്ത്തുന്നരീതിയിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ പലപ്രഭാഷണങ്ങളും. സബ്ക മാലിക് ഏക് എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്ദേശം.
ബാല യോഗിയായ ബാബ എത്തിയ സ്ഥലത്തെ ഗുരുസ്ഥാന്‍ എന്നാണ് വിളിയ്ക്കുന്നത്. ഇന്ന് ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ട്. ബാബ ഇടക്കിടയെ രാത്രി ചെലവിടുമായിരുന്ന ദ്വാര്കമയി പള്ളിയാണ് മറ്റൊരു ആകര്‍ഷണം. ഖണ്ഡോബ ക്ഷേത്രം, സകോരി ആശ്രം ശനി മന്ദിര്‍, ചാംഗ്ദേവ് മഹാരാജ് സമാധി, നരസിംഗമന്ദിര് തുടങ്ങിയവയാണ് ഷിര്‍ദ്ദിയിലെ മറ്റ് ആകര്ഷണകേന്ദ്രങ്ങള്. ഈ തീര്ത്ഥാടനഗ്രാമത്തില് പ്രതിദിനം 80000 ഭക്തജനങ്ങള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്, അവധി ദിവസങ്ങളില്‍ ഇത് 3ലക്ഷംവരെയാകാറുണ്ടത്രേ. അഹമദ്നഗറില്‍ നിന്നും ഏതാണ്ട് 82 കിലോമീറ്ററാണ് ഷിര്‍ദ്ദിയിലേയ്ക്കുള്ള ദൂരം, പുനെയില്‍ നിന്നും മൂന്ന് മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഷിര്ദ്ദിയിലെത്താന്. മുംബൈയില്‍ നിന്നാകട്ടെ ഇങ്ങോട്ട് 260 കിലോമീറ്റര്‍ ദൂരമുണ്ട്. ബാബ നട്ടുനച്ചുവളര്‍ത്തിയ പൂന്തോട്ടമാണ് ലെന്‍ദി ബാഗ്. എല്ലാദിവസവും ഇവിടെയെത്താറുണ്ടായിരുന്ന ബാബ ഇവിടെയുള്ള വേപ്പുമരത്തിന് കീഴിലായിരുന്നു വിശ്രമിച്ചിരുന്നത്. അഷ്ടകോണുള്ള ഒരു ദീപഗൃഹവും നനദ ദീപയെന്ന് വിളിയ്ക്കുന്ന ഒരു ദീപസ്തംഭവുമാണ് ഇവിടെയുള്ളത്. ഇതിനടുത്തുള്ള സായി ബാബയുടെ കൂറ്റന്‍ പ്രതിമയ്ക്കരികില്‍ ദര്‍ശനം കാത്ത് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് പതിവ് കാഴ്ചയാണ്. വ്യാഴാഴ്ചകളിലാണ് ഇവിടെ കൂടുതല്‍ തിരക്കനുഭവപ്പെടാറുള്ളത്. വ്യാഴാഴ്ച പ്രതിമയ്ക്കരികില്‍ പ്രത്യേക പൂജകളും മറ്റുമുണ്ടാകും.
ക്ഷേത്രം കാലത്ത് അഞ്ചുമണിയ്ക്കാണ് തുറക്കുക, രാത്രി 10മണിവരെ പ്രാര്‍ത്ഥനകളും പൂജകളുമുണ്ടാകും. 600 ആളുകളെ ഉള്‍ക്കൊള്ളത്തക്ക വിസ്താരമുള്ള ഒരു ഹാള്‍ ക്ഷേത്രത്തിനകത്തുണ്ട്. ക്ഷേത്ര കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സായി ബാബയുടെ ജീവചരിത്രമുള്ക്കൊള്ളുന്ന ചിത്രങ്ങളാണ്, ക്ഷേത്രത്തെരുവുകളിലെല്ലാം നിറയെ കടകളാണ്, സായി ബാബയുടെ ഫോട്ടോകള്‍, പ്രതിമകള്‍ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എന്നുവേണ്ട എല്ലാം ബാബമയമാണ്.
ഷിര്‍ദ്ദിയെന്ന തീര്‍ത്ഥാടനകേന്ദ്രം
വര്‍ഷത്തില്‍ ഏത് സമയത്തും ഷിര്‍ദ്ദി സന്ദര്‍ശിയ്ക്കാം. സായി ബാബയുടെ ക്ഷേത്രമല്ലാതെ ശനിദേവന്, ഗണപതി, ശങ്കര്‍ തുടങ്ങിയ ദേവന്മാരുടെ ക്ഷേത്രങ്ങളുണ്ട് സമീപഗ്രാമങ്ങളില്‍. ഷിര്‍ദ്ദി ദര്‍ശനം കഴിഞ്ഞാല്‍ ഈ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്താം. ഗുരു പൂര്‍ണിമയാണ് ഷിര്‍ദ്ദിയിലെ പ്രധാന ആഘോഷം. കൂടാതെ ദസറ, രാമനവമി തുടങ്ങിയ സമയങ്ങളിലും ഇവിടെ പ്രത്യേക പൂജകളും മറ്റുമുണ്ടാകും. ഈ സമയങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഭജനകള്‍, രഥയാത്ര തുടങ്ങി പലതരത്തിലാണ് ആഘോഷങ്ങള്‍. ഗുരുപൂര്‍ണിമ സമയത്ത് മാത്രമാണ് സായി ബാബയുടെ സമാധിസ്ഥലം രാത്രിമുഴുവനും തുറന്നിരിയ്ക്കുന്നത്.
ഷിര്‍ദ്ദിയില്‍ വര്‍ഷത്തില്‍ എതാണ്ട് എല്ലാകാലത്തും നല്ലകാലാവസ്ഥയാമ്. വിമാനമാര്‍ഗ്ഗവും റോഡ്, റെയില്‍മാര്‍ഗ്ഗവുമെല്ലാം ഷിര്ദ്ദിയിലെത്തുക എളുപ്പവുമാണ്. നാസിക്, പുനെ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്. ലോകമെമ്പാടുനിന്നും എത്തുന്ന ഭക്തരുടെ എണ്ണം കണക്കിലെടുത്ത് ഇപ്പോള്‍ ഷിര്‍ദ്ദിയിലെ കക്ഡി ഗ്രാമത്തില്‍ ഒരു വിമാനത്താവളത്തിന്റെ പണി നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ വിദേശത്തുനിന്നും മറ്റുമെത്തുന്നവരുടെ യാത്ര കൂടുതല്‍ സുഖമമാകും.