കുംഭമേളയുടെയും പഞ്ചവടിയുടെയും നാസിക്

ഹോം » സ്ഥലങ്ങൾ » നാസിക് » ഓവര്‍വ്യൂ

മഹാരാഷ്ട്രയിലെ മനോഹരമായ ഒരു നഗരമാണ് നാസിക്. ഇന്ത്യയുടെ വൈന്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാസിക്കിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മുന്തിരി ഉത്പാദിപ്പിക്കുന്നത്. മുംബൈയില്‍ നിന്നും ഏതാണ്ട് 180 കിലോമീറ്റര്‍ അകലത്തിലാണ് നാസിക്. പുനെയില്‍ നിന്നും 200 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാസിക്കിലെത്താം. പശ്ചിമഘട്ടത്തിലാണ് നാപ വാലി സ്ഥിതിചെയ്യുന്നത്.

സത്‌വാഹന രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു നാസിക്. പതിനാറാം നൂറ്റാണ്ടില്‍ മുഗളരുടെ കീഴിലായ നാസിക്കിന്റെ പേര് ഗുല്‍ഷാന്‍ബാദ് എന്ന് തിരുത്തപ്പെട്ടിരുന്നു. പിന്നീട് പേഷ്വരുടെ കൈവശമെത്തിയ നാസിക് ഒടുവില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ അധിനതയിലുമായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന ഏടായ വീരസവര്‍ക്കറിന്റെ നാടാണ് നാസിക്. ഹൈന്ദവ ഇതിഹാസമായ രാമായണത്തില്‍ നാസികിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ശ്രീരാമന്‍ തന്റെ 14 വര്‍ഷത്തെ വനവാസക്കാലം ചെലവഴിച്ചത് ഇവിടത്തെ തപോവനത്തിലാണ് എന്ന് കരുതപ്പെടുന്നു. ഇവിടെവച്ചാണ് രാമാനുജനായ ലക്ഷ്മണന്‍ രാവണ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത്. മൂക്ക് എന്നര്‍ത്ഥം വരുന്ന നാസിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് നാസിക് എന്ന സ്ഥലപ്പേരിന്റെ ഉല്‍പ്പത്തി.

കാളിദാസന്റേയും വാത്മീകിയുടെയും കൃതികളില്‍ നാസികിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 150 ബി സിയില്‍ ജീവിച്ചിരുന്ന പ്ലോട്ടമിയും നാസിക്കിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് നാസിക്. വ്യാവസായിതം, വിദ്യാഭ്യാസം, നഗരവികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം നാസികിന്റെ കുതിപ്പ് സ്തുത്യര്‍ഹമാണ്.

നാസിക് എന്ന പുണ്യഭൂമി

ത്രയംബകേശ്വര ക്ഷേത്രമാണ് നാസിക്കിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്ന്. ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്ന മുക്തി ധാം ആണ് മറ്റൊരു പ്രശസ്തമായ ക്ഷേത്രം. ശ്രീമദ് ഭഗവത് ഗീതയിലെ അധ്യായങ്ങള്‍ ഈ ക്ഷേത്രച്ചുവരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നതായി കാണാം. കരിങ്കല്ലില്‍ കെട്ടിയുണ്ടാക്കിയ കാലാരാം ക്ഷേത്രമാണ് നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന മറ്റൊരു തീര്‍ത്ഥാടന കേന്ദ്രം. രാമായണത്തില്‍ പരാമര്‍ശിക്കുന്ന പഞ്ചവടിയും സീതാഗുഫയുമാണ് ഇവിടത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ഏഷ്യയിലെ ഒരേയൊരു കോയിന്‍ മ്യൂസിയം എന്ന ഖ്യാതിയുള്ളത് നാസിക്കിലെ മ്യൂസിയത്തിനാണ്. നാണയം ശേഖരിക്കുന്നവരുടെയും നാണയ ശാസ്ത്രജ്ഞന്മാരുടെയും ഇഷ്ടസ്ഥലമാണ് നാസിക്കിലെ ഈ മ്യൂസിയം എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇവിടത്തെ നാണയശേഖരം കാണാന്‍ നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഇതിന്റെ സമീപത്തായി ഒരു ആയുധശാലയും കാണാന്‍ സാധിക്കും.

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച കുംഭമേളക്കാലത്ത് നാസിക്കില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളുമായി വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെ തടിച്ചുകൂടുന്നു. വലിയ സാമ്പത്തികച്ചെലവില്ലാതെ താമസ സൗകര്യങ്ങള്‍ ലഭ്യമാകും എന്നതാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.  സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ ധര്‍മ്മ സ്ഥലങ്ങള്‍ വരെയുള്ള ഇടങ്ങള്‍ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി തെരഞ്ഞെടുക്കാം. മുന്തിരിപ്പാടങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് നാസിക്. വൈന്‍ ആരാധകര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് സുല വിനേയാര്‍ഡ്.  

വസ്തുതകളിലൂടെ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തന്റെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത് നാസിക്കിലാണെന്നത് അത്രയൊന്നും അറിയപ്പെടാത്ത ഒരു വസ്തുതയാണ്. നിസ്സഹകരണ പ്രസ്ഥാനം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് ഭരണ ഘടനാ ശില്‍പ്പിയായ ബി ആര്‍ അംബേദ്കര്‍ തൊട്ടുകൂടാത്തവരെന്ന് കരുതപ്പെട്ടിരുന്ന ദളിതര്‍ക്കുവേണ്ടി നടത്തിയ സമരങ്ങള്‍ നയിച്ചതും നാസിക്കിലായിരുന്നു. ഉഷ്ണമേഖലാ പ്രദേശമാണ് നാസിക്. വേനലില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്ത് നാസിക് യാത്ര പൊതുവേ അഭികാമ്യമല്ല. ശീതകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ഒപ്പം മനോഹരിയായ വര്‍ഷകാലം കാണാനും ഇവിടെ യാത്രികരെത്തിച്ചേരുന്നു.  

നാസിക്കിലേക്ക് എത്തിച്ചേരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതാണ്ട് മധ്യഭാഗത്തായി കിടക്കുന്ന നാസിക്കിലേക്ക് വിമാന, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ എത്താനെളുപ്പമാണ്. നാസിക്കാണ് ഏറ്റവും അടുത്ത വിമാനത്താവളം. നാസിക് റെയില്‍വേ സ്റ്റേഷനിലേക്ക് മുംബൈ, പുനെ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി ട്രെയിനുകളുണ്ട്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസും പ്രൈവറ്റ് വാഹനങ്ങളുമായി റോഡ് മാര്‍ഗവും നാസിക്കിലെത്താന്‍ നിരവധി സാധ്യതകളുണ്ട്. പ്രമുഖമായ തീര്‍ത്ഥാടന കേന്ദ്രവും അതോടൊപ്പം തന്ന ഇന്ത്യയുടെ ചരിത്രത്തിലേക്ക് കടന്നുചെല്ലാവുന്ന വിവരങ്ങള്‍ തരുന്ന സാംസ്‌കാരിക കേന്ദ്രങ്ങളുമുള്ള നാസിക്കിലേക്ക് ഒരു യാത്ര എന്തുകൊണ്ടും ആസ്വാദ്യകരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Please Wait while comments are loading...