മുന്‍ ഗാമികള്‍ മെനഞ്ഞ ചരിത്രവും അവര്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളും കാലഹരണപ്പെട്ടുപോകാതെ വരും തലമുറകള്‍ക്ക് അറിവും ഊര്‍ജ്ജവും പകരാന്‍ പാകത്തില്‍ സംരക്ഷിച്ച് പോരുന്നതാണ് മ്യൂസിയങ്ങള്‍. ശിവപുരിയിലെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും ചരിത്രാവശിഷ്ടങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ശിവപുരിയുടെ ഛിദ് രൂപം സന്ദര്‍ശക മനസ്സുകളില്‍ ആഴത്തില്‍ പതിയും. ഇവിടത്തെ ഡിസ്ട്രിക്ട് മ്യൂസിയത്തിന്റെ ധര്‍മ്മവും അതാണ്.പുരാണങ്ങളിലും ചരിത്രങ്ങളിലും ഒരുപോലെ ഭാഗധേയം അവകാശപ്പെടുന്ന ശിവപുരി ആത്മീയതയുടെയും ഭൌതികതയുടെയും സംഗമഭൂമിയാണ്.
ആറും ഏഴും നൂറ്റാണ്ടുകളില്‍ പണിതതെന്ന് കരുതുന്ന ഇവിടത്തെ ക്ഷേത്രങ്ങളും താതിയാ തോപ് പോലുള്ള സ്മാരകങ്ങളും ശിവപുരിയുടെ സാംസ്ക്കാരിക ധന്യതയുടെ ഉത്തമ നിദര്‍ശനങ്ങളാണ്. ശതകങ്ങളുടെയും സഹസ്രാബ്ദങ്ങളുടെയും കഥ പറയുന്ന പുരാവസ്തു ശേഖരമാണ് ഇവിടെയുള്ള ജില്ലാ മ്യൂസിയം. ഇതിന്റെ വിജ്ഞാന ശേഖരത്തെയും ചരിത്രപ്രാധാന്യത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ അടങ്ങിയ ഒരു ലൈബ്രറിയും ഇതിനകത്തുണ്ട്. മറാത്ത, രജപുത്ര യുഗങ്ങളിലെ പെയിന്റിങ്ങുകളും നാണയങ്ങളും ശില്പകലകളും ഒരു ജനതയുടെ ഉത്കൃഷ്ട സംസ്കൃതിയെ അനാവരണം ചെയ്യാന്‍ പോന്നതാണ്.