ഗ്വാളിയാര്‍ - കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ പൈതൃക ഭൂമി

ഇതൊരു ചരിത്ര നഗരത്തിന്റെ ഉള്ളറകളിലേക്കുള്ള യാത്രയാണ്. രാജസദസ്സുകളെ തന്റെ സ്വരമാസ്മരികതയില്‍  മയക്കിയ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ താന്‍സന്റെ നഗരം.  രാജാക്കന്മാരും മുഗളരും തുടങ്ങി ബ്രിട്ടീഷുകാര്‍ വരെ ആധിപത്യം സ്ഥാപിച്ച കൊട്ടാരക്കെട്ടുകളുടെ നഗരം.

കോട്ടകള്‍ , കൊട്ടാരങ്ങള്‍ , ശവ കുടീരങ്ങള്‍ ,ക്ഷേത്രങ്ങള്‍  തുടങ്ങി പോയ കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍  നിലകൊള്ളുന്ന ഈ പൗരാണിക നഗരത്തിന്റെ നാമം ഗ്വാളിയാര്‍ എന്നാണ്. പോര്‍വിളികളുടെയും വാള്‍ മുനകളുടെയും നിലക്കാത്ത ആരവങ്ങള്‍ക്കു സാക്ഷിയായ ഈ പൈതൃക നഗരത്തിന്റെ ഉള്‍ക്കാഴ്ച്ചകളിലേക്ക്!

ആഗ്രയില്‍  നിന്നും 122 കിലോമീറ്റര്‍ അകലെ ഗ്വാളിയാര്‍ സ്ഥിതി ചെയ്യുന്നു. മധ്യപ്രദേശിന്റെ ടൂറിസ്റ്റ് തലസ്ഥാനം എന്ന വിശേഷണത്തിന് തികച്ചും യോഗ്യമാണ് ഈ നഗരം. അനവധി ഉത്തരേന്ത്യന്‍  രാജവംശങ്ങളുടെ പ്രധാന ഭരണകേന്ദ്രങ്ങളില്‍  ഒന്നായിരുന്നു ഇവിടെയുള്ള ഗ്വാളിയാര്‍ കോട്ട. ഭാരതത്തിലെ കോട്ടകള്‍  കോര്‍ത്ത മാലയിലെ ഒരു മുത്തായി ഗ്വാളിയാര്‍ വിശേഷിപ്പിക്കപ്പെടുന്നു.

പഴമയും പുതുമയും ഇഴചേരുന്നു

ചരിത്രവും വര്‍ത്തമാനവും ഇവിടെ കൈകോര്‍ക്കുന്നു. ചരിത്രപ്രാധാന്യമുള്ള കോട്ടകള്‍ , കുടീരങ്ങള്‍ , മ്യൂസിയം തുടങ്ങിയവ ഗ്വാളിയാറിന്റെ പൈതൃകസ്വത്തായി നിലനില്‍ ക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്നിന്റെ പ്രതീകങ്ങളായ ഒട്ടേറെ സംരംഭങ്ങളുള്‍ പ്പെടെ അനുദിനം ഈ നഗരം വളര്‍ന്നുകൊണ്ടുമിരിക്കുന്നു.

ഒരേ സമയം കാലത്തിന്റെ ഈ രണ്ടു ഭാവങ്ങളും നിലനിര്‍ത്തി പോരുന്ന അപൂര്‍വ്വം നഗരങ്ങളില്‍  ഒന്നാണ് ഗ്വാളിയാര്‍.

ഗ്വാളിയാറിന്റെ കഥ

എ ഡി എട്ടാം നൂറ്റാണ്ടിലെ രാജാ സൂരജ് സെന്‍ പണി കഴിപ്പിച്ച നഗരമാണിത്‌. രാജാവിനെ കുഷ്ഠ രോഗത്തില്‍  നിന്നും രക്ഷിച്ച സന്യാസി ഗ്വാളിപായുടെ പേരാണ് അദ്ദേഹം നഗരത്തിനു നല്‍കിയത്. ആറാം നൂറ്റാണ്ടില്‍ ഹൂണന്മാരാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. പിന്നീട് കനൗജിലെ ഗുജ്ജര്‍ പ്രരിഹാരന്മാരുടെ കീഴിലായി ഇവിടുത്തെ ഭരണം. അവരാണ് എ ഡി 923 വരെ ഇവിടം ഭരിച്ചത്. പത്താം നൂറ്റാണ്ടു വരെ കച്ച്വാഹ രജപുത്രര്‍ ഇവിടത്തെ ഭരണം കയ്യാളി. 1196 ഓടു കൂടി ഡല്‍ ഹി സുല്‍ ത്താനായ കുത്തബ് ദീന്‍  ഐബക് ഗ്വാളിയാര്‍ ആക്രമിച്ചു കീഴടക്കുകയും തന്റെ വരുതിയിലാക്കുകയും ചെയ്തു. അദ്ദേഹത്തെത്തുടര്‍ന്ന് 1232 വരെ ഷംസുദീന്‍  അല്‍ തംഷ് ഭരിക്കുകയുണ്ടായി. പിന്നീട് മുഗളരും ഗ്വാളിയാറില്‍  അധികാരമുറപ്പിച്ചു. ശേഷം 1553 ല്‍  വിക്രമാദിത്യന്‍  ഇവിടം കീഴടക്കുകയും തുടര്‍ന്ന് 1556 ല്‍  അക്ബറുടെ പടയുമായി പൊരുതി ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും കൈപ്പിടിക്കുള്ളിലാക്കുകയും ചെയ്തു.

പതിനെട്ടും പത്തൊന്‍ പതും നൂറ്റാണ്ടുകളില്‍  സിന്ധ്യരാണ് ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ഇവിടം ഭരിച്ചത്. 1780 ല്‍  ബ്രിട്ടീഷുകാര്‍ ഭരണം പൂര്‍ണ്ണമായും ഏറ്റെടുത്തു. ഇവിടെ വച്ചാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍  ത്സാന്‍ സിറാണി ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയതും മരണം വരിച്ചതും.

ഗ്വാളിയാര്‍ ടൂറിസം

വിനോദവും വിജ്ഞാനവും പകരുന്ന ഒട്ടനേകം കാഴ്ചകള്‍  ഈ ചരിത്ര നഗരി സഞ്ചാരികള്‍ ക്ക് ഉറപ്പു നല്‍കുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ താന്‍ സന്റെ ജന്മസ്ഥലമാണിത്.  ഗ്വാളിയാര്‍ ഫോര്‍ട്ട്‌, ഫൂല്‍ ബാഗ്‌ ,സൂരജ് കുണ്ട് ,ഹാഥി പൂല്‍ ,മന്‍  മന്ദിര്‍ പാലസ് ,ജയ് വിലാസ് മഹല്‍  എന്നിവ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

എല്ലാ വര്‍ഷവും താന്‍സന്‍  ഫെസ്റ്റിവല്‍  ഗ്വാളിയോറില്‍ നടത്തിപ്പോരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഖയാല്‍ ഘരാന ശൈലിയായ ഗ്വാളിയാര്‍ ഘരാനയുടെ ഉത്ഭവവും ഇവിടെ നിന്നു തന്നെ. സിക്കുകാരുടെയും ജൈനരുടെയും പ്രധാന തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഗ്വാളിയാര്‍.

എങ്ങനെ എത്തിച്ചേരും ഗ്വാളിയാര്‍

വിമാന മാര്‍ഗവും,റോഡു മാര്‍ഗവും കുടാതെ റെയില്‍ മാര്‍ഗവും ഗ്വാളിയാറില്‍  അനായാസം എത്തിച്ചേരാം. നഗരത്തിനടുത്തായി തന്നെ വിമാനത്താവളവും റെയില്‍ വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നു. ശീതകാലമാണ് ഗ്വാളിയാര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

Please Wait while comments are loading...