ശ്രീരംഗപട്ടണത്തിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ടിപ്പുവിന്റെ പ്രശസ്തമായ വേനല്‍ക്കാല വസതിയായ ദരിയ ദൗലത് ബാഗ്. വിശാലമായ പുന്തോട്ടത്തിന് നടുവിലാണ് ദരിയ ദൗലത് ബാഗ് സ്ഥിതിചെയ്യുന്നത്. സുല്‍ത്താന്‍ ഹൈദര്‍ അലിയാണ് ഇതിന്റെ പണി ആരംഭിച്ചത്. എന്നാല്‍ 1784 ല്‍ മകന് ടിപ്പു സുല്‍ത്താന്റെ കാലത്താണ് ഇതിന്റെ പണി പൂര്‍ത്തിയായത്.
തറയില്‍ നിന്നും ഒന്നരമീറ്റര്‍ ഉയരത്തിലാണ് ദരിയ ദൗലത് ബാഗ്. ടിപ്പുവിന്റെ കോട്ടയും രംഗനാഥസ്വാമിക്ഷേത്രത്തിന്റെ ഗോപുരവും ജമാമസ്ജിദിന്റെ മിനാരങ്ങളും ബ്രിട്ടീഷുകാരോടുള്ള പോരാട്ടങ്ങളും ഇതിന്റെ ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്. ടിപ്പുവിന്റെ അംഗവസ്ത്രങ്ങളും, വാള്, തോക്ക്, കഠാര തുടങ്ങി സുല്‍ത്താന്റെ കൈമുദ്ര പതിഞ്ഞ ആയുധങ്ങളും അദ്ദേഹം ഉപയോഗിച്ച ഇരിപ്പിടങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകളും പ്രശസ്്തരായ ബ്രിട്ടീഷ് ചിത്രകാരന്മാര് വരച്ച ഛായാചിത്രങ്ങളും ഇവിടത്തെ ശേഖരത്തില്‍പ്പെടും. ടിപ്പുവിന്റെ പുത്രന്മാരുടെയും മന്ത്രിമാരുടെയുമുള്പ്പെടെയുള്ളവരുടെ രേഖാചിത്രങ്ങളും ഇവിടെ കാണാം. 1959 ലാണ് ഇതൊരു മ്യൂസിയമായി മാറ്റിയത്.