ഡിസംബർ മാസം ഇതാ ഇങ്ങെത്താനായി. ക്രിസ്മസ് അവധിയിലാണ് കുട്ടികളുടെയും മുതിർന്നവരുടെയുമെല്ലാം കണ്ണ്. നീണ്ട അവധികൾ കിട്ടുന്നതിനാൽ യാത്രകൾ പ്ലാൻ ചെയ്യുവാനും എല്ലാവർക്കും ഉത്സാഹമായിരിക്കും. ഈ തണുപ്പുകാലത്ത് കേരളത്തിൽ പോകാൻ ഏറ്റവും പറ്റിയ ഇടമാണ് മൂന്നാർ. തണുപ്പും കുളിരും കോടമഞ്ഞും ആ കാലവസ്ഥും പിന്നെ മൂന്നാറിന്‍റെ ഭംഗിയും കൂടിയാകുമ്പോൾ പോയില്ലെങ്കിൽ നഷ്ടമെന്നേ പറയുവാനുള്ളൂ..
അങ്ങനെയെങ്കിൽ ഈ ക്രിസ്മസ് അവധിക്ക് നമുക്ക് ഒരു യാത്ര പോയാലോ.. കാടിന്‍റെ വന്യമായ കാഴ്ചകൾ കണ്ട് തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ മൂന്നാർ ലക്ഷ്യമാക്കി ഒരു യാത്ര. നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞ് പോകാൻ പറ്റിയ ഒരു യാത്രയാണ് കെ എസ് ആർ ടി സി പാറശ്ശാല ബജറ്റ് ടൂറിസം സെൽ ഡിസംബറിൽ ഒരുക്കിയിരിക്കുന്നത്.

ഡിസംബർ മാസത്തിലെ മൂന്നാറിനെയും അവിടുത്തെ ആംബിയൻസും അറിയുന്നവർ ഒരിക്കലും ഈ യാത്ര വേണ്ടന്നു വയ്ക്കില്ല. മഞ്ഞുവീണ തേയിലത്തോട്ടങ്ങൾക്കും വൈകിട്ടാൽ കോടമഞ്ഞു മൂടുന്ന ഗ്യാപ് റോഡും ഒക്കെ കണ്ട്, മലിനീകരണം ഒട്ടുമേ എത്താത്ത മാമലക്കണ്ടവും കുട്ടമ്പുഴയും ഒപ്പം ചതുരംഗപ്പാറയും കണ്ടുവരുന്ന ഒരു യാത്രയ്ക്കാണ് കെ എസ് ആർ ടി സി നിങ്ങളെ ക്ഷണിക്കുന്നത്.
ഡിസംബർ 26 ന് വൈകിട്ട് ആറ് മണിക്ക് പാറശ്ശാല ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടുമെങ്കിലും കാഴ്ചകൾ കാണാനും മൂന്നാർ എക്സ്പ്ലോർ ചെയ്യാനുമുള്ള സമയം 27, 28 തിയതികളാണ്. ഈ യാത്ര നേരേ മൂന്നാറിലെത്തുകയല്ല, മറിച്ച് വഴിയിലെ പല കാഴ്ചകളും കണ്ടുള്ള ഒരു ട്രിപ്പാണ്. പാറശ്ശാലയിൽ നിന്ന് തട്ടേക്കാട് എത്തി അവിടുത്തെ പ്രധാന കാഴ്ചകളാണ് ഒന്നാം ദിവസം കാണുന്നത്. രണ്ടാം ദിവസമാണ് മൂന്നാർ കാണാനായി മാറ്റിവെച്ചിരിക്കുന്നത്.
27 ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്, കാടിനുള്ളിലെ ഗ്രാമമായ മാമലക്കണ്ടവും വന്യവും എന്നാൽ ഗ്രാമീണത നിറഞ്ഞതുമായ ഇടങ്ങളും മാങ്കുളം വില്ലേജും അവിടുത്തെ വെള്ളച്ചാട്ടങ്ങളും പിന്നെ സാഹസികമായി തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ആനവണ്ടിയിലുള്ള യാത്രയും ഉച്ചയ്ക്കത്തെ ഊണും ഒക്കെ ഒന്നാം ദിവസത്തെ പരിപാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൂന്നാർ കാണുന്നത് പിറ്റേന്ന് ആണ്യ അതായത് ഡിസംബർ 28 ന്. തണുപ്പും മഞ്ഞും ഒക്കെയുള്ള മൂന്നാറിനെ ഈ സീസണിൽ കാണുക എന്നത് തന്നെ രസകരമായ ഒരു കാര്യമാണ്. ഈ സമയത്ത് മൂന്നാർ തിരക്കിലമരുന്ന നേരമാണ്. എന്നാൽ അധികം തിരക്ക് അനുഭവപ്പെടാത്ത, പക്ഷേ, മൂന്നാറിൽ കണ്ടിരിക്കേണ്ട പ്രധാന കാഴ്ചകളാണ് ഇതില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്.
സിഗ്നൽ പോയിന്‍റ്, ഗ്യാപ് റോഡ് വ്യൂ, മലയിൽ കള്ളൻ ഗുഹ, ചിന്നക്കനാൽ വെള്ളച്ചാട്ടം, ആനയിറങ്കല് ഡാം, ചതുരംഗപ്പാറ എന്നിവിടങ്ങളാണ് മൂന്നാറില് കാണുന്നത്. തിരക്കോ ആൾക്കൂട്ടങ്ങളോ ഒന്നുമില്ലാതെ, വളരെ സുഖമായി ഈ സ്ഥലങ്ങൾ കാണാം എന്നതാണ് മെച്ചം.
ആർക്കും വരാം
ഡിസംബറിൽ കുറഞ്ഞ ചെലവിൽ മൂന്നാർ കാണണമെന്നും താമസത്തിന്‍റെയും ഭക്ഷണത്തിന്‍റെയും യാത്രകളുടെയും ആശങ്കകൾ ഒന്നുമില്ലാതെ അടിച്ചു പൊളിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ പാക്കേജിൽ വരാം. മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ യാത്രയുടെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ലഭ്യതയെക്കുറിച്ച് അറിയുവാനും 98952664676, 9633115545, 9446704784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












