ദീപാവലിയുടെ അവധി ദിവസങ്ങൾ കാത്തിരിക്കുകയാണ് എല്ലാവരും. യാത്രകൾ തന്നെയാണ് അതിൽ പ്രധാനം. എവിടേക്ക് പോകണമെന്ന് മിക്കവരും പ്ലാൻ ചെയ്തു കഴിഞ്ഞങ്കിലും ചുരുക്കം ചിലരുടെ യാത്രകൾ ഇനിയും തീരുമാനിച്ചിട്ടില്ല. ദീപവലിക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ദീപാവലി സ്പെഷ്യൽ യാത്രകൾ ഒരുക്കിയിരിക്കുകയാണ്.
കെ എസ് ആർ ടി സി നെയ്യാറ്റിൻകര ബജറ്റ് ടൂറിസം സെൽ ആണ് കേരളത്തിന്‍റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ദീപാവലി സ്പെഷ്യൽ ഉല്ലാസയാത്രകൾ ഒരുക്കിയിരിക്കുന്നത്. യാത്രകൾക്കൊപ്പം ദീപാവലി ആഘോഷങ്ങൾ കൂടി ഒരുക്കിയിരിക്കുന്ന യാത്രകൾ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് പറയാതെ വയ്യ. ഇതാ ദീപാവലി സ്പെഷ്യൽ പാക്കേജുകൾ ഏതൊക്കെയെന്ന് നോക്കാം.

ദീപാവലി 2023
ദീപാവലി അവധിയിലെ പ്രധാന പരിപാടികളിലൊന്ന് യാത്രകളാണ്. ഈ വർഷത്തെ ദീപാവലി നവംബർ 12 ഞായറാഴ്ചയാണ്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് അവധി കിട്ടിയില്ലെങ്കിലും ഞായറാഴ്ചത്തെ ഒഴിവിൽ യാത്രകൾ പ്ലാൻ ചെയ്യാം. പൊതുവേ അഞ്ച് ദിവസം നീണ്ടു നിൽക്കുന്നതാണ് ദീപാവലി ആഘോഷങ്ങളുടെ പ്രത്യേകത. നോർത്ത് ഇന്ത്യയിൽ അഞ്ച് ദിവസവും വലിയ പരിപാടികളാണ് ആസൂത്രണം ചെയ്യുക.
ദീപാവലി യാത്രാ പാക്കേജുകൾ
കെഎസ്ആർടിസി നെയ്യാറ്റിൻകര ബഡ്ജറ്റ് ടൂറിസം സെൽ വാഗമൺ, മൂന്നാർ, പൊന്മുടി, ഡബിൾ ഡക്കർ ദീപാവലി സിറ്റി റൈഡ്, ഗവി കാനന യാത്ര എന്നിങ്ങനെ തീർത്തും വ്യത്യസ്തമായ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ യാത്രകളെക്കുറിച്ചും അവയുടെ നിരക്ക്, ബുക്കിങ്, പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം.

വാഗമൺ യാത്രാ പാക്കേജ്
കേരളത്തിന്‍റെ സ്കോട്ലൻഡ് എന്നു വിളിക്കപ്പെടുന്ന വാഗമൺ ഇന്ന് കേരളത്തിലെ ഏറ്റവും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു തീർത്ഥാടക മലകൾക്കു നടുവിലാണ് വാഗമൺ കിടക്കുന്നത്. സാഹസിക സഞ്ചാരികളുടെ ലക്ഷ്യസ്ഥാനമായ വാഗമൺ വർഷത്തിൽ ഏതു സമയത്തും വന്നു പോകാന‍് കഴിയുന്ന സ്ഥലമാണ്. പൈൻമരക്കാട്, തങ്ങളുപാറ, മൊട്ടക്കുന്ന്, ഷൂട്ടിങ്ങ് പോയിന്‍റ്, വാഗമൺ ലേക്ക്, തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഇവിടെ കാണാനുണ്ട്.
നവംബർ 11-ാം തിയതി നെയ്യാറ്റിൻകരയിൽ നിന്നും വാഗമണ്ണിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ദ്വിദിന യാത്ര പുറപ്പെടും. 2950/- രൂപയാണ് ഒരാൾക്ക് രണ്ടുദിവസത്തെ വാഗമൺ യാത്രയ്ക്ക് വേണ്ടിവരുന്ന നിരക്ക്.

മൂന്നാർ പാക്കേജ്
കേരളത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാർ. ഓരോ അവധിക്കാലത്തും മൂന്നാർ കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. ഇവിടുതെ കാഴ്ചകളുടെ വ്യത്യസ്തതയും കാലാവസ്ഥയും ഒക്കെയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. തെക്കിന്‍റെ കാശ്മീർ എന്നാണ് മൂന്നാർ അറിയപ്പെടുന്നത് തന്നെ. 9 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലാണ് ഇവിടുത്തെ പൊതുവെയുള്ള കാലാവസ്ഥ. വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാം എന്നതാണ് മൂന്നാറിന്‍റെ മറ്റൊരു പ്രത്യേകത.
നവംബർ 11,12,13 എന്നീ തിയതികളിലാണ് നെയ്യാറ്റിൻകരയിൽ നിന്നും മൂന്നാറിലേക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ത്രിദിന യാത്രയ്ക്ക് 2500 /രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
പൊന്മുടി കയറാം
തിരുവനന്തപുരത്തു തന്നെയുള്ള പൊന്മുടി ഹിൽ സ്റ്റേഷൻ ഇവിടെ പോയിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. ഏതു വേനലിലും കോടമഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്നതാണ് ഇവിടുത്തെ കാലാവസ്ഥ എന്നതിനാൽ ഏതു സീസണിലും ധൈര്യമായി ഒന്നു ചിൽ ചെയ്യാൻ ഇവിടേക്ക് വരാം. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. ഹെയർപിൻ വളവുകൾ കടന്നുള്ള പൊന്മുടി തിരുവനന്തപുരത്തു നിന്നുള്ള മികച്ച ഏകദിന യാത്രാ ലക്ഷ്യസ്ഥാനം കൂടിയാണ്.
നവംബർ 11ന് നടത്തുന്ന നെയ്യാറ്റിൻകര- പൊന്മുടി യാത്രയ്ക് 550/- രൂപയാണ് നിരക്ക്.
ഡബിൾ ഡക്കർ ദീപാവലി സിറ്റി റൈഡ്
രാത്രി ജീവിതത്തിന് പേരുകേട്ട തിരുവനന്തപുരം സിറ്റി രാത്രിയില് ചുറ്റിക്കറങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ നേരെ ഇതാ ഡിപ്പോയിൽ പേരു കൊടുത്താൽ മതി. നഗരത്തിന്റെ അലങ്കാരങ്ങളും രാത്രി ജീവിതങ്ങളും കണ്ട് പരിചയപ്പെട്ട്, ഒരു രാത്രി യാത്രയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. നവംബർ 12 ന് തിരുവനന്തപുരം നഗരത്തിന്റെ മനോഹരമായ സായാഹ്ന ,രാത്രി കാഴ്ചകൾ കാണുവാൻ 250/- രൂപ നിരക്കിൽ ഡബിൾ ഡക്കർ ദീപാവലി സിറ്റി റൈഡ് നിങ്ങൾക്ക് പോകാം.
ഗവി പാക്കേജ്
ഇതു കൂടാതെ ദീപാവലി കഴിഞ്ഞു വരുന്ന ആഴ്ച കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പാക്കേജുകളിലൊന്നായ ഗവിയിലേക്കും കെഎസ്ആർടിസി യാത്ര നടത്തുന്നു. കാട്ടിലൂടെ ഏകദേശം 70 കിലോമീറ്റര്‍ പിന്നിട്ടുള്ള യാത്രയില്ഡ അണക്കെട്ടുകളും വന്യമൃഗങ്ങളും ഉൾപ്പെടെയുള്ള ഒരുപാട് കാഴ്ചകൾ കാത്തിരിക്കുന്നു. നവംബർ 18 ന് നടത്തുന്ന യാത്രയിൽ 2000 / രൂപ ആണ് ഒരാൾക്കുള്ള ടിക്കറ്റിന്.
ബുക്ക് ചെയ്യാൻ
ഉല്ലാസയാത്രകളുടെ മുൻകൂർ ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
വാഗമൺ - 9496263153
മൂന്നാർ - 9539801011
പൊന്മുടി - 6282674645
ഗവി - 9497849282
സിറ്റി റൈഡ്- 9846067232
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














