പാലക്കാട് എന്നും മനോഹരമാണ്. നെൽപ്പാടങ്ങളുടെയും കരിമ്പനകളടെയും നാട്. വേനൽച്ചൂടിൽ കുറച്ച് പൊള്ളുമെങ്കിലും ഏതു സീസണിൽ വന്നാലും മനസ്സ് നിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകൾ നമ്മുടെ നെല്ലറയ്ക്ക് കാണിക്കുവാനുണ്ട്. അതിൽ പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങൾ മാത്രമല്ല, വെള്ളച്ചാട്ടങ്ങളും വനങ്ങളും കോട്ടകളും ക്ഷേത്രങ്ങളും ഉൾപ്പെടെ കൊതിപ്പിക്കുന്ന കാഴ്ചകൾ., പാലക്കാടിന്‍റെ ഈ മനോഹര കാഴ്ചകളിലേക്ക് കെഎസ്ആർടിസി പാക്കേജ് ഒരുക്കിയിരിക്കുകയാണ്.
കൊല്ലം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ആണ് പാലക്കാട് കാഴ്ചകളിലേക്കുള്ള യാത്ര തങ്ങളുടെ ഫെബ്രുവരി യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പാക്കേജ് ഏറ്റവും കുറഞ്ഞ ചെലവിൽ പാലക്കാട് യാത്ര പ്ലാൻ ചെയ്യുന്നവർക്കുള്ളതാണ്.

സൈലന്‍റ് വാലി ജീപ്പ് സഫാരി
പച്ചപ്പും വൻമരങ്ങളും നിറഞ്ഞ് നിൽക്കുന്ന കാടിനു നടുവിലൂടെ ജീപ്പിലുള്ള ഒരു യാത്ര. കാടിനെ പരിചയപ്പെടാനും കിളികളയും ഭാഗ്യമുണ്ടെങ്കിൽ ഏതെങ്കിലും മൃഗങ്ങളെയും ഒക്കെ കാണുവാനും അവസരം നല്കുന്ന സഫാരി സൈലന്‍റ് വാലിയെ പരിചയപ്പെടാൻ ഏറ്റവും മികച്ച മാർഗം കൂടിയാണ്. വനംവകുപ്പിന്‍റെ പാക്കേജായാണ് ഇവിടം സന്ദർശിക്കുന്നത്.
പാലക്കാട് കോട്ട
പാലക്കാട് എത്തിയാൽ ഏറ്റവും എളുപ്പത്തിൽ കാണാൻ പറ്റിയ സ്ഥലമാണ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പാലക്കാട് കോട്ട. നഗരത്തിരക്കിലാണെങ്കിലും വലിയ കവാടങ്ങൾ കടന്ന് കോട്ടയ്ക്കുള്ളിൽ കയറിയാൽ പഴയ കാലത്തെത്തുന്ന പ്രതീതിയാണ്. ബഹളങ്ങളോ തിരക്കോ ഇല്ലാതെ തീർത്തും ശാന്തമായ ഇടം. 1766 ൽ ഹൈദരലി ആണിത് പണികഴിപ്പിച്ചത്, വെറുതേ വന്നിരിക്കാനും ഇവിടം അനുയോജ്യമാണ്.
കൽപ്പാത്തി
പാലക്കാട് നിളയുടെ തീരത്ത് ബ്രാഹ്മണര് ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരങ്ങളുള്ള ഗ്രാമമാണ് കല്പാത്തി. കല്പാത്തി ഗ്രാമത്തിൽ തുലാം മാസത്തിൽ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് കൽപ്പാത്തി രഥോത്സവം ആണ് പ്രധാന ആകർഷണം. തേരുവലിക്കുന്നത് കാണാൻ പതിനായിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ ഇവിടെ എത്തുന്നത്. ക്ഷേത്രങ്ങളിൽ നിന്നുയരുന്ന പാട്ടും കോലം വരച്ച് തുടങ്ങുന്ന പ്രഭാതങ്ങളും ആണ് ഇവിടെയുള്ളത്.
വരിക്കാശേരി മന
വരിക്കാശ്ശേരി മന എന്നാൽ മലയാള സിനിമയുടെ തറവാടാണ്. ഒറ്റപ്പാലത്തിനടുത്ത് മനിശേരിയിലാണ് വരിക്കാശേരി മന സ്ഥിതി ചെയ്യുന്നത്. ഏകദേശം 125 വർഷത്തോളം പഴക്കമുള്ള വരിക്കാശ്ശേരി മന ആറാം തമ്പുരാൻ,വല്യേട്ടൻ, രാപകൽ, ചന്ദ്രോത്സവം, മാടമ്പി എന്നിങ്ങനെ നിരവധി മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാലുകെട്ടിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.
മലമ്പുഴ
പാലക്കാട് ജില്ലയിൽ തീർച്ചയായും സന്ദർശിക്കേണ്ട മറ്റൊരിടമാണ് മലമ്പുഴ. കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മലമ്പുഴ അണക്കെട്ട് ആണ് ഇവിടുെ പ്രധാന കാഴ്ച. മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം) തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
കൊല്ലം- പാലക്കാട് കെഎസ്ആർടിസി പാക്കേജ്
ഫെബ്രുവരി 12 ബുധനാഴ്ച രാത്രി 9 .00 മണിക്ക് പുറപ്പെട്ട് 14-ാം തിയതി വെള്ളിയാഴ്ച രാത്രി മടങ്ങിവരുന്ന തരത്തിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. 3080 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
സൈലന്റ് വാലി ദേശീയോദ്യാനം, കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട , കൽപ്പാത്തി അഗ്രഹാരം , മലമ്പുഴ, വരിക്കാശേരി മന കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളാണ് പാലക്കാട് പാക്കേജിൽ സന്ദർശിക്കുന്നത്.
സൈലന്റ് വാലി പോകുന്നതിന് വനം വകുപ്പിന്റെ പാക്കേജ് ആയ ആയിരം രൂപ, കെഎസ്ആർടിസിയുടെ ബസ്സ് ചാർജ്, യാത്രയിൽ രണ്ടു നേരത്തെ ഭക്ഷണം, സൈലന്റ് വാലി ജീപ്പ് സഫാരി, സൈലന്റ് വാലി കാഞ്ഞിരപ്പുഴ ഡാം എൻട്രി ഫീസ് എന്നിവ ഉൾപ്പെടെയുള്ള നിരക്കാണിത്.
അതേസമയം, താമസ ചെലവ് യാത്രിക്കാർ സ്വയം വഹിക്കണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ- 9747969768,9995554409
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













