കുട്ടനാടും കായൽ കാഴ്ചകളും ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. കാസർകോഡുകാരാണെങ്കിലും പാലക്കാട് നിന്ന് വരുന്നവരാണെങ്കിലും ഇനി തലസ്ഥാനത്ത് നിന്നുള്ളവരാണെങ്കിലും കായൽ യാത്ര എന്നു കേട്ടാൽ മുന്നിൽ കാണും. അപ്പോൾ ഇഷ്ടംപോലെ അവധിയും വാരാന്ത്യവും ഒക്കെയുള്ള ഈ ഓണക്കാലത്ത് ഒരു കായൽ യാത്ര പ്ലാൻ ചെയ്താലോ? കുട്ടനാടിന്‍റെ കായൽ കാഴ്ചകൾ കണ്ട് യാത്ര പോകാൻ ഇഷ്ടമുണ്ടെങ്കിലും വില്ലനാകുന്നത് പണം തന്നെയാണ്. പ്രത്യേകിച്ച് കായൽ യാത്ര എന്നു കേള്‍ക്കുമ്പോൾ തന്നെ വലിയൊരു ചെലവ് മനസ്സിലെത്തും.
എന്നാൽ ഇതൊന്നുമില്ലാതെ, വളരെ കുറഞ്ഞ ചെലവിൽ ഒരു ദിവസം മുഴുവൻ കുട്ടനാടന് കായൽ കാഴ്ചകൾ ആസ്വദിച്ച് ഒരു യാത്ര പോയാലോ.. ആലപ്പുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് ഏറ്റവും കുറഞ്ഞ തുകയിൽ സീ കുട്ടനാട്, വേഗ ബോട്ടിങ് ട്രിപ്പുകൾ നടത്തുന്നത്. ജലഗതാഗത വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സീ കുട്ടനാട്, വേഗ ബോട്ടുകൾ കുട്ടനാടൻ കാഴ്ചകളിലേക്കുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്.
ഓണത്തിന് കുട്ടനാടന് കായൽ കാഴ്ചകൾ
ഓണക്കാലത്ത് കുടുംബവം ഒന്നിച്ച് പോക്കറ്റ് കാലിയാകാതെ പോയി വരാൻ സാധിക്കുന്ന യാത്രകൾ തിരഞ്ഞെടുക്കുന്നവർക്ക് പറ്റിയ പാക്കേജാണ് ഇത്. ജലഗതാഗത വകുപ്പുമായി ചേർന്ന് നടത്തുന്ന പാക്കേജിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആലപ്പുഴയ്ക്കുള്ള ബസ് യാത്രാനിരക്ക്, ബോട്ട് യാത്രയ്ക്കുള്ള നിരക്ക്, ഭക്ഷണ ചാർജ് എന്നിവയാണ് ഉള്ളത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നും ഇതിനോടകം പാക്കേജ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
സീ കുട്ടനാട് യാത്ര
പഴ്സ് കാലിയാക്കാതെ കുട്ടനാടൻ കാഴ്ചകൾ കണ്ടുവരുവാൻ ആഗ്രഹിക്കുന്നവർക്കുള്ല പാക്കേജാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്‌റെ സീ കുട്ടനാട് യാത്ര. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ കായൽക്കാഴ്‌ചകൾ കാണാൻ യാത്രക്കാര്‌ക്ക് അവസരമൊരുക്കുകയാണ് സീ കുട്ടനാട് യാത്ര.
രാവിലെ 11 മുതൽ 4 വരെയാണു കെഎസ്ആര്‌ടിസി പാക്കേജ് അനുസരിച്ചുള്ള ബോട്ട് യാത്ര. അപ്പർ ഡെക്കിൽ 30 സീറ്റും (500 രൂപ) ലോവർ ഡെക്കിൽ 60 സീറ്റും (400 രൂപ) യുമാണ് ടിക്കറ്റ് നിരക്ക്.
സീ കുട്ടനാട് റൂട്ട്
ആലപ്പുഴ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നു യാത്ര ആരംഭിച്ചു പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ മടങ്ങിയെത്തും. പാതിരാമണലിൽ മുപ്പത് മിനിറ്റ് നിർത്തുന്നതിനാൽ ഉള്ളിലെ കാഴ്ചകൾ കണ്ടുവരാനും സാധിക്കും. ബോട്ട് യാത്രയിൽ ഭക്ഷണത്തിന്‍റെ കാര്യം കുടുംബശ്രീ ആണ് ഏറ്റെടുത്തിരിക്കുന്നത്. 100 രൂപയ്ക്ക് രുചികരമായ ഭക്ഷണം ബോട്ടിൽ നിന്ന് ലഭിക്കും.
വേഗാ ബോട്ട് യാത്ര
വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ കണ്ടുള്ള മനോഹരമായ മറ്റൊരു ബോട്ട് യാത്രയാണ് വേഗാ ബോട്ട് യാത്ര. രാവിലെ 10.30 മുതൽ 4 വരെ യാത്ര. 80 സീറ്റ് നോൺ എസിയും (400 രൂപ) 40 സീറ്റ് എസിയും (600 രൂപ ആണ് ഇതിനുള്ളത്.
സീ കുട്ടനാടിന്‍റെ അതേ റൂട്ട് തന്നെയാണ് ഇതിനും, ആലപ്പുഴ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നു യാത്ര ആരംഭിച്ചു പുന്നമട- വേമ്പനാട് കായൽ- മുഹമ്മ- പാതിരാമണൽ- കുമരകം- റാണി- ചിത്തിര- മാർത്താണ്ഡം- ആർ ബ്ലോക്ക്- സി ബ്ലോക്ക്- മംഗലശ്ശേരി- കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ മടങ്ങിയെത്തും. ഇതിനടയിൽ പാതിരാമണലിലെ 30 മിനിറ്റ് നേരം നിർത്തിയിടലും ഉണ്ടായിരിക്കും.
ആലപ്പുഴ ബജറ്റ് ടൂറിസം സെല്‍ ആണ് സീ കുട്ടനാട്, വേഗ ബോട്ടിങ് ട്രിപ്പുകൾ നടത്തുന്നത്. സീ കുട്ടനാട്, വേഗ യാത്രകളുടെ ചുമതലയിലുള്ളത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ആലപ്പുഴയുമായി ബന്ധപ്പെടാം. ഫോൺ- 9846475874
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













