ഫെബ്രുവരി പകുതി ആയതേയുള്ളൂ... നാട് മുഴുവൻ ചൂടിന്‍റെ പിടിയിലാണ്. പകൽ സമയത്ത് ആണെങ്കിൽ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ല. അതുകൊണ്ടുതന്നെ പലരും യാത്രകളൊക്കെ തത്കാലത്തേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ്. എന്നാൽ വേനൽച്ചൂട് തെല്ലും ബാധിക്കാത്ത, നമ്മുടെ നാട്ടിൽ തന്നെയാണോ ഈ ഇടം എന്നു തോന്നിപ്പിക്കുന്ന ഒരു സ്ഥലത്തേയ്ക്ക് ഒരു ട്രിപ്പ് പോയാലോ...
ചൂടിലും കുളിരുള്ള, തണുത്ത കാറ്റ് വീശുന്ന, പച്ചപ്പു നിറഞ്ഞ മരങ്ങൾ ചേർന്ന് വെയിലിനെ മാറ്റിവിടുന്ന സൈലന്‍റ് വാലി ദേശീയോദ്യാനം കാണാൻ ഒരു യാത്രയാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. അവിടെ വരെ പോയി വരണമെങ്കിൽ ഒത്തിരി പൈസ വേണ്ടിവരില്ലേ എന്നതായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ ചെലവിൽ നമുക്ക് പോയി വരാം.

പയ്യന്നൂർ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് സൈലന്റ്‌വാലി (സൈരന്ധ്രി) യാത്രയും അതോടൊപ്പം മലമ്പുഴ സന്ദർശനവും ഒരുക്കുന്നത്. അധികമായി അവധി എടുക്കാതെ വെള്ളിയാഴ്ച രാത്രി പോയി ഞായറാഴ്ച തിരികെ വരുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ സ്കൂൾ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒക്കെ പോകാൻ പറ്റിയ യാത്ര കൂടിയാണിത്.
വേനലിലും തണുപ്പും കുളിരുമായി നിൽക്കുന്ന സൈലന്‍റ് വാലി ഏറ്റവും കൂടുതൽ ആളുകൾ പോകാനാഗ്രഹിക്കുന്ന ദേശീയോദ്യാനങ്ങളിലൊന്നാണ്. മറ്റുപല ദേശീയോദ്യാനങ്ങളെയും പോലെ നേരെ ചെന്നുകയറുവാൻ പറ്റില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. നിശബ്ദ താഴ്വര എന്നറിയപ്പെടുന്ന ഇവിടെ കാടിനുള്ളിൽ വലിയ സ്വരങ്ങളോ ബഹളങ്ങളോ ഒന്നുമില്ല, തീർത്തും ശാന്തമായി പ്രകൃതിഭംഗി അറിയുവാനും അനുഭവിക്കുവാനും കുറച്ചു നേരം ചെലവഴിക്കുവാനും ഇവിടേക്ക് വരാം, വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.
കാടിനുള്ളിലൂടെ വനംവകുപ്പിന്‍റെ പ്രത്യേക വണ്ടിയിൽ ഉള്ള ഓഫ്റോഡ് യാത്ര, അതിനുള്ളിലെ കാഴ്ചകള്‍, അപ്രതീക്ഷിതമായി വന്ന് ദർശനം നല്‍കി മറയുന്ന കാട്ടിലെ മൃഗങ്ങള്‍, വെള്ളച്ചാട്ടങ്ങൾ, ഇരുമ്പുകൊണ്ടുണ്ടാക്കിയ തൂക്കുപാലം, ഔഷധസസ്യങ്ങൾ, ഓരോ കാഴ്ചകളും സ്ഥലങ്ങളും വിശദീകരിച്ചു നല്കുവാൻ ഗൈഡുമാർ എന്നിങ്ങനെ സൈലന്‍റ് വാലി യാത്രയെ മനോഹരമാക്കുന്ന കാര്യങ്ങൾ ഒരുപാടുണ്ട് . മുക്കാലി എന്ന സ്ഥലം വരെയാണ് നമുക്ക് നമ്മുടെ വാഹനവുമായി പോകുവാൻ കഴിയുന്നത്. അവിടുന്ന് മുന്നോട്ട് കാട്ടിലൂടെയുള്ള യാത്രയ്ക്ക് വനംവകുപ്പിന്‍റെ വാഹനം മാത്രമാണ് ഉള്ളത്.
25 കിലോമീറ്റർ ദൂരമാണ് ഇങ്ങനെ സൈലന്‍റ് വാലി കാട്ടിലൂടെ ഓഫ്റോഡ് ആയി സഞ്ചരിക്കുവാൻ സാധിക്കുന്നത്.
കടുവ, പുള്ളിപ്പുലി, ആന, പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി മൃഗങ്ങളെ ഇവിടെ സമയവും സാഹചര്യവും പോലെ കാണാം. ഇതുപോലെ ഇവിടെ മാത്രം കാണപ്പെടുന്ന അപൂർവ്വങ്ങളായ സസ്യങ്ങളും ചെടികളും ധാരാളമുണ്ട്..
മലമ്പുഴ
കേരളത്തിന്‍റെ വൃന്ദാവനമാണ് പാലക്കാട്ടു തന്നെയുള്ള മലമ്പുഴ. മലമ്പുഴ ഡാമും ഉദ്യാനുവും വാട്ടർ ഫൗണ്ടെയ്നും ആണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. വൈകുന്നേരങ്ങൾ ചെലവഴിക്കുവാനാണ് ആളുകൾ അധികവും ഇവിടേക്ക് വരുന്നത്. കൂടാതെ, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം) തുടങ്ങിയ കാഴ്ചകളും ഇവിടെ കാണാനുണ്ട്.
പയ്യന്നൂർ- സൈലന്‍റ് വാലി- മലമ്പുഴ പാക്കേജ്
ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പകൽ സൈലന്‍റ് വാലിയിലും മലമ്പുഴയിലും ചെലവഴിച്ച് രത്രി അവിചുന്ന് മടങ്ങും. പിറ്റേന്ന് ഞായറാഴ്ച രാവിലെ
മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം. കൂടുതൽ വിവരങ്ങൾ, ടിക്കറ്റ് നിരക്ക്, യാത്രാ ബുക്കിങ് എന്നീ കാര്യങ്ങൾക്ക് ഫോൺ- 8075823384, 97455 34123.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













