ഒരു നൂറ് തവണ പോയാലും ഇടുക്കി കണ്ടുതീർക്കുകയെന്നത് സാധ്യമല്ല. അത്രയധികം ഇടങ്ങളാണ് ഇവിടെയുള്ളത്. മഴക്കാലമായാൽ പിന്നെ വെള്ളച്ചാട്ടങ്ങൾക്ക് ജീവൻ വയ്ക്കുന്നതോടെ കാണാനുള്ള ഇടങ്ങൾ പിന്നെയും കൂടും. ഈ മനോഹരമായ കാഴ്ചകളിലേക്കാണ് തൊടുപുഴ കെ എസ് ആർ ടി സിയുടെ ഇത്തവണത്തെ ബജറ്റ് യാത്ര.
മൂന്നാർ, ചതുരംഗപ്പാറ, ആനയിറങ്കല്‍ അണക്കെട്ട്, കള്ളിമാലി വ്യൂ പോയിന്‍റ്, പൊന്മുടി എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഈ ഏകദിന യാത്ര ഇടുക്കിയിലെ അധികമാരും കാണാത്ത ഇടങ്ങളാണ് സഞ്ചാരികളുടെ മുന്നിലെത്തിക്കുന്നത്. പൊന്മുടിയും കള്ളിമാലി വ്യൂ പോയിന്‍റും അങ്ങനെയൊരു സ്ഥിരം സന്ദർശന കേന്ദ്രമേയല്ല.

PC:Akshaisuresh
ജൂൺ 25 ഞായറാഴ്ച രാവിലെ 7.00 മണിക്ക് തൊടുപുഴയിൽ നിന്ന് പുറപ്പെടുന്ന യാത്ര മൂന്നാറിലെത്തും. അതിനു ശേഷം മൂന്നാറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെ കടന്നുപോകുന്ന ഗ്യാപ് റോഡ് വഴി ആനയിറങ്കൽ അണക്കെട്ടിന്റെ മനോഹരമായ കാഴ്ചകൾ കണ്ട് ചതുരംഗപ്പാറയിലെത്തും. കാറ്റാടിപ്പാടങ്ങളുടെ നാടായ ഇവിടെ നിർത്താതെ വീശുന്ന കാറ്റാണ് ആകർഷണം. അതിനു ശേഷം കള്ളിമാലി വ്യൂ പോയിന്‍റിലേക്ക് പോകും. തിരിച്ചു മടങ്ങുന്ന വഴി പൊന്മുടി കൂടി സന്ദർശിച്ച് രാത്രിയോടെ തൊടുപുഴയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ചതുരംഗപ്പാറ
ഇടുക്കിയിലെ സ്ഥലങ്ങളിൽ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പിൽ നിന്നും 3605.64 അടി ഉയരെ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ താഴെ അതിമനോഹരമായ, പ്രകൃതിയുടെ കാഴ്ചകൾ കാണാം. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ, കമ്പം, തേവാരം, ഉത്തമപാളയം, ചിന്നമന്നൂർ, വൈഗ എന്നീ പ്രദേശങ്ങളുടെ വിദൂര ദൃശ്യങ്ങളാൽ സുന്ദരമായ ഇവിടെ നിന്നാൽ പശ്ചിമഘട്ട മലനിരകളുടെ കാഴ്ചയും കാണാം. ഇവിടുത്തെ സൂര്യോദയ-അസ്തമയ കാഴ്ചകൾക്ക് നിരവധി ആരാധകരുണ്ട്.
പൊന്മുടി അണക്കെട്ട്
ഇടുക്കിയിലേക്കുള്ള യാത്രയിൽ അധികമാരും വന്നെത്താത്ത സ്ഥലങ്ങളിലൊന്നാണ് പൊന്മുടി അണക്കെട്ട്. പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക് കുറുകെ നിർമ്മിച്ച ഈ ഡാമിന് 294 മീറ്റർ നീളവും 59 മീറ്റർ ഉയരവും ഉണ്ട്. ഇവിടെയെത്തിയാൽ പൊന്മുടി ജലാശയത്തിന്‍റെ വിദൂരദൃശ്യം കാണാം. സ്പൈസസ് പാർക്ക്, വ്യൂ പോയിന്‍റ്, ബോട്ടിങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
ഇവിടുത്തെ വ്യൂ പോയിന്‍റിൽ നിന്നാൽ മൂന്നാർ മലനിരകളുടെയടക്കം വിദൂര ദൃശ്യങ്ങളും ആസ്വദിക്കാം, നാലുപാടും ഉയർന്നു നില്‌ക്കുന്ന മലനിരകൾക്കു കടുവനിലായാണ് പൊന്മുടി ജലാശയമുള്ളത്.

PC: Kerala Tourism
ഗ്യാപ് റോഡ്
മൂന്നാറിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നാണ് ഇപ്പോൾ ഗ്യാപ് റോഡ്. ഈ വഴിയിലൂടെ സഞ്ചരിക്കുവാനായി മാത്രം മൂന്നാറിലെത്തുന്ന ആളുകളുമുണ്ട്. ദേവികുളത്തു നിന്നു ചിന്നക്കനാലിൽ എത്തുമ്പോൾ മുതൽ ക്യാപ് റോഡ് കാഴ്ചകൾ ആരംഭിക്കും. മൂന്നാറിൽ നിന്നു 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്യാപ് റോഡിലേക്ക് കടക്കാം. പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ അണക്കെട്ട് എന്നിവയാണ് ഈ വഴി പോകുമ്പോഴുള്ള പ്രധാന കാഴ്ചകൾ.
600 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9400262204, 8304889896, 9605192092, 9744910383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
Cover Image: തങ്കച്ചൻ നെല്ലിക്കുന്നേൽ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












